‘ലോജി’ക്ക് ‘വേൾഡ് എഡീഷനു’മായി റെനോ

വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’യുടെ പുതിയ വകഭേദം ഫ്രഞ്ച് നിർമാതാക്കളായ റെനോ പുറത്തിറക്കി. അകത്തും പുറത്തുമായി ഇരുപത്തി അഞ്ചോളം പരിഷ്കാരങ്ങളുമായി എത്തുന്ന മുന്തിയ വകഭേദമായ ‘ലോജി വേൾഡ് എഡീഷ’നു ഡൽഹി ഷോറൂമിൽ 10.40 ലക്ഷം രൂപ വരെയാണു വില. കരുത്തു കുറഞ്ഞതും(85 പി എസ്) കൂടിയതു(110 പി എസ്)മായ എൻജിൻ സാധ്യതകൾക്കൊപ്പം ‘വേൾഡ് എഡീഷൻ’ വിൽപ്പനയ്ക്കുണ്ട്. പ്രാരംഭ വിലയെന്ന നിലയിൽ 9.74 ലക്ഷം മുതൽ 10.40 ലക്ഷം രൂപ വരെയാണു വകഭേദങ്ങളുടെ വില.

ഇന്ത്യയിൽ എം പി വി വിഭാഗം കനത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും വിപണിയിലെത്തിയതു മുതൽ വിൽപ്പനയിൽ ക്രമമായ വർധന കൈവരിക്കാൻ ‘ലോജി’ക്കു കഴിഞ്ഞിട്ടുണ്ടെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അവകാശപ്പെട്ടു. ‘ലോജി’യുടെ ആകർഷണവും പണത്തിനൊത്ത മൂല്യമെന്ന പ്രതിച്ഛായയും ഉയർത്താൻ ‘വേൾഡ് എഡീഷൻ’ വഴി സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.ഫോഗ് ലാംപുകളുടെ സാന്നിധ്യവും ക്രോം സാറ്റിൻ ഗാർണിഷുമുള്ള തന്റേടം തുളുമ്പുന്ന മുൻ ഗ്രില്ലാണു ‘വേൾഡ് എഡീഷനി’ലുള്ളത്. ഇരട്ട വർണ ഏറോഡൈനാമിക് ബംപർ, ബ്ലാക്ക് വീൽ ആർച് സഹിതം ആർ 15 നെപ്റ്റ ഫിനിഷ് അലോയ് വീൽ എന്നിവയും ഈ ‘ലോജി’യിലുണ്ട്. പുതിയ നിറമായ ഫിയറി റെഡിനൊപ്പം റോയൽ ഓർക്കിഡ്, പേൾ വൈറ്റ്, മൂൺലൈറ്റ് സിൽവർ വർണങ്ങളിലും ‘വേൾഡ് എഡീഷൻ’ ലഭ്യമാവും.

അതേസമയം സാങ്കേതികവിഭാഗത്തിൽ വ്യത്യാസമൊന്നുമില്ലാതെയാണു ‘വേൾഡ് എഡീഷൻ’ എത്തുന്നത്. ഈ ‘ലോജി’ക്കു കരുത്തേകുക 110 പി എസ്, 85 പി എസ് കരുത്തോടെ ട്യൂൺ ചെയ്ത 1.5 ലീറ്റർ, കോമൺ റയിൽ ഡയറക്ട് ഇഞ്ചക്ഷൻ(ഡി സി ഐ) എൻജിനാണ്. കരുത്തേറിയ എൻജിൻ 1750 ആർ പി എമ്മി് 245 എൻ എം ടോർക്കും കരുത്തു കുറഞ്ഞ എൻജിൻ 1900 ആർ പി എമ്മിൽ 200 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. കരുത്തുറ്റ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ ഗീയർബോക്സും കരുത്തു കുറഞ്ഞ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സുമാണു ട്രാൻസ്മിഷൻ.
ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചു നേരത്തെ റെനോ ‘ലോജി’ വിലയിൽ ഇളവു പ്രഖ്യാപിച്ചിരുന്നു; ഇതോടെ 7.59 ലക്ഷം മുതൽ 10.40 ലക്ഷം രൂപ വരെയാണു ‘ലോജി’യുടെ

വിവിധ വകഭേദങ്ങളുടെ പുതുക്കിയ വില.

‘ലോജി’യുടെ വിവിധ വകഭേദങ്ങളുടെ ഡൽഹി ഷോറൂമിലെ വില(ലക്ഷം രൂപയിൽ):
85 പി എസ് സ്റ്റാൻഡേഡ് — 7.59, 85 പി എസ് ആർ എക്സ് ഇ(എട്ടു സീറ്റ്) — 8.57, 85 പി എസ് ആർ എക്സ് ഇ(ഏഴു സീറ്റ്) — 8.57, 85 പി എസ് ആർ എക്സ് എൽ(എട്ടു സീറ്റ്) — 9.44, 85 പി എസ് ‘വേൾഡ് എഡീഷൻ’ (എട്ടു സീറ്റ്) — 9.74, 110 പി എസ് ‘വേൾഡ് എഡീഷൻ’ (എട്ടു സീറ്റ്) — 10.40.