റോൾസ് റോയ്സ് ‘ഡോൺ’ എത്തി; വില 6.25 കോടി

Rolls Royce Dawn

ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിൽ നിന്നുള്ള അത്യാഡംബര കൺവെർട്ട്ബ്ളായ ‘ഡോൺ’ ഇന്ത്യയിലെത്തി. 6.25 കോടി രൂപയാണു കാറിനു മുംബൈ ഷോറൂമിൽ വില. കൂപ്പെയായ ‘റെയ്ത്തി’ന്റെ പ്ലാറ്റ്ഫോമിൽ റോൾസ് റോയ്സ് സാക്ഷാത്കരിച്ച നാലു സീറ്റുള്ള, സോഫ്റ്റ് ടോപ് കൺവെർട്ട്ബ്ളാണു ‘ഡോൺ’. എങ്കിലും സ്വന്തമായ രൂപകൽപ്പനയും സവിശേഷതകളുമുള്ള മോഡലായാണു റോൾസ് റോയ്സ് ‘ഡോണി’നെ അവതരിപ്പിക്കുന്നത്. ഒപ്പം ‘ഫാന്റം’ ഡ്രോപ്ഹെഡിനു ശേഷം ഇന്ത്യയിൽ റോൾസ് റോയ്സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ കൺവെർട്ട്ബ്ളുമാണു ‘ഡോൺ’. ‘ഡോൺ’ കൂടി ഇന്ത്യയിലെത്തിയതോടെ ഈ വിപണിയിൽ റോൾസ് റോയ്സ് ശ്രേണിയിൽ ലഭ്യമാവുന്ന മോഡലുകളുടെ എണ്ണം നാലായി. നിലവിൽ ഹാർഡ് ടോപ് വകഭേദം ലഭ്യമല്ലാത്തതിനാൽ ഡ്രോപ്ഹെഡ് രൂപത്തിൽ മാത്രം റോൾസ് റോയ്സ് വിൽപ്പനയ്ക്കെത്തിക്കുന്ന ആദ്യ കാറാണു ‘ഡോൺ’. നിശ്ശബ്ദമായി തുറക്കുന്ന സോഫ്റ്റ് ടോപ് റൂഫാണു കാറിലുള്ളത്; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വെറും 20 സെക്കൻഡിൽ ഈ റൂഫ് തുറക്കാനാവുമെന്നാണു നിർമാതാക്കളുടെ അവകാശവാദം.

Rolls Royce Dawn

രൂപകൽപ്പനയിലെ സാമ്യം മൂലം ചിലപ്പോഴൊക്കെ ‘റെയ്ത്തി’നെ അനുസ്മരിപ്പിക്കുമെങ്കിലും ‘ഡോൺ’ ഡ്രോപ് ഹെഡ് പൂർണമായും പുതിയതാണെന്നാണു റോൾസ് റോയ്സിന്റെ പക്ഷം. ഒപ്പം ‘റെയ്ത്തി’ന്റെ കൺവെർട്ബ്ൾ രൂപമാണു ‘ഡോൺ’ എന്ന ആക്ഷേപവും കമ്പനി തള്ളിക്കളയുന്നു. ‘ഡോണി’ന്റെ 80 ശതമാനത്തോളം ബോഡി വിശദാംശങ്ങൾ കാറിനു സവിശേഷമായി രൂപകൽപ്പന ചെയ്തതാണ്; നീണ്ട ബോണറ്റ്, മുന്നിലെ നീളം കുറഞ്ഞ ഓവർ ഹാങ്, പിന്നിലെ നീണ്ട ഓവർ ഹാങ്, ഉയർന്ന ഷോൾഡർ ലൈൻ, 2:1 അനുപാതത്തിലെ വീൽ ഹൈറ്റും ബോഡി വെയ്റ്റും എന്നിവയൊക്കെ കാറിന്റെ പ്രത്യേകതകളായി റോൾസ് റോയ്സ് നിരത്തുന്നു. ‘റെയ്ത്തി’നെ അപേക്ഷിച്ച് 45 എം എം ഉയരത്തിലാണു മുന്നിലെ റേഡിയേറ്റർ ഗ്രില്ലിന്റെ സ്ഥാനം; മുന്നിൽ താഴെയുള്ള ബംപറാവട്ടെ 53 എം എം ദീർഘിപ്പിച്ചിട്ടുമുണ്ട്.
കാലങ്ങളായി ആകർഷണം ചോരാതെ തുടരുന്ന റോൾസ് റോയ്സ് രൂപകൽപ്പനാ മികവ് ‘ഡോണി’ലുമുണ്ട്. മുന്നിൽ എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപുകൾ അതിരിടുന്ന സ്റ്റൈൽ സമൃദ്ധമായ പ്രൊജക്ടർ ഹെഡ്ലാംപാണു കാറിലുള്ളത്.

Rolls Royce Dawn

തടിക്കും തുകലിനും ക്ഷാമമില്ലാത്ത അകത്തളത്തിലാവട്ടെ മുന്നിലും പിന്നിലുമായി രണ്ട് വീതം സീറ്റുകളാണുള്ളത്. നാലു മേഖലകളായി തിരിച്ച ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വ്യക്തിഗതമായി ക്രമീകരിക്കാവുന്ന 16 സ്പീക്കറുകൾ സഹിതം പ്രീമിയം ഓഡിയോ സിസ്റ്റം, ക്രോം അഴകേകുന്ന ഇൻസർട്ട് എന്നിവയും കാറിലുണ്ട്. ‘ഡോണി’നു കരുത്തേകുന്നത് 6.6 ലീറ്റർ, ട്വിൻ ടർബോ ചാർജ്ഡ് വി 12 പെട്രോൾ എൻജിനാണ്; പരമാവധി 563 ബി എച്ച് പി കരുത്തും 820 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്ഷനാണു കാറിലെ ഗീയർബോക്സ്. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഈ എൻജിനു വേണ്ടത് വെറും 4.6 സെക്കൻഡ്. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി ഇലക്ട്രോണിക് സംവിധാനം വഴി നിയന്ത്രിച്ചിട്ടുണ്ട്.