സ്കോർപിയോ അഡ്വഞ്ചർ വിപണിയിൽ

Scorpio Adventure

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻ എം) ‘സ്കോർപിയൊ’യുടെ പരിമിതകാല പതിപ്പായി ‘അഡ്വഞ്ചർ’ വകഭേദം പുറത്തിറക്കി. 1,000 യൂണിറ്റ് മാത്രം വിൽപ്പനയ്ക്കുണ്ടാവുന്ന ഈ പ്രത്യേക പതിപ്പിനു നവി മുംബൈ ഷോറൂമിൽ 13.07 ലക്ഷം രൂപ(ഒക്ട്രോയ് പുറമെ)യാണു വില. ‘സ്കോർപിയൊ’യുടെ മുന്തിയ വകഭേദമായ ‘എസ് 10’ അടിസ്ഥാനമാക്കിയാണു മഹീന്ദ്ര ‘സ്കോർപിയൊ അഡ്വഞ്ചർ’ സാക്ഷാത്കരിച്ചത്. റിവേഴ്സ് കാമറ, സൈഡ് ഇൻഡിക്കേറ്ററുള്ള ഔട്ട്സൈഡ് റിയർവ്യൂ മിറർ, ‘സ്മോക്ഡ്’ ടെയിൽ ലാംപ്, ട്രിപ്പിൾ ജെറ്റ് വിൻഡ്സ്ക്രീൻ വാഷർ തുടങ്ങിയവയാണ് ഈ വകഭേദത്തിലെ സവിശേഷതകൾ.

Scorpio Adventure

എല്ലാത്തരം നിരത്തുകളെയും കീഴടക്കാനുള്ള കഴിവും തകർപ്പൻ പ്രകടനവും ഐതിഹാസിക രൂപകൽപ്പനയുമൊക്കെയായി ‘സ്കോർപിയൊ’ കരുത്തിന്റെയും ത്രില്ലിന്റെയും സാഹസികതയുടെയുമൊക്കെ പ്രതീകമാണെന്ന് എം ആൻഡ് എം ചീഫ് മാർക്കറ്റിങ് ഓഫിസർ(ഓട്ടമോട്ടീവ് ഡിവിഷൻ) വിവേക് നയ്യാർ അഭിപ്രായപ്പെട്ടു. 2002 ജൂണിൽ നിരത്തിലെത്തിയ ‘സ്കോർപിയൊ’ ഇതുവരെ അഞ്ചു ലക്ഷത്തോളം പേരാണു സ്വന്തമാക്കിയത്; ഒപ്പം ലക്ഷക്കണക്കിന് ആരാധകരെ നേടാനും ‘സ്കോർപിയൊ’യ്ക്കായി. ‘സ്കോർപിയൊ’യുടെ പ്രൗഢ പാരമ്പര്യവും ഡി എൻ എയും നിലനിർത്തിയാണ് ‘അഡ്വഞ്ചർ’ പരിമിതകാല പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Scorpio Adventure

സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘സ്കോർപിയൊ അഡ്വഞ്ചറി’ന്റെ വരവ്; എം ഹോക്ക് എൻജിൻ സൃഷ്ടിക്കുന്നത് പരമാവധി 120 ബി എച്ച് പി കരുത്താണ്. ആന്റി റോൾ സാങ്കേതികവിദ്യയോടെ കുഷൻ സസ്പെൻഷൻ, പുരികത്തെ അനുസ്മരിപ്പിക്കുന്ന എൽ ഇ ഡി പാർക്കിങ് ലൈറ്റ് സഹിതം സ്റ്റാറ്റിക് ബെൻഡിങ് പ്രൊജക്ടർ ഹെഡ്ലാംപ്, ജി പി എസ് നാവിഗേഷൻ സഹിതം ആറിഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക് ടെംപറേച്ചർ കൺട്രോൾ, 17 ഇഞ്ച് അലോയ് എന്നിവയും ഈ പരിമിതകാല പതിപ്പിലുണ്ട്. മാനുവൽ ട്രാൻസ്മിഷനോടെ ലഭിക്കുന്ന ‘സ്കോർപിയൊ അഡ്വഞ്ചർ’ ടു വീൽ, ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുകളിൽ വിൽപ്പനയ്ക്കുണ്ട്.