ഇതാ വീണ്ടും ഫിഗോ...

അസ്പയറിനു പിന്നാലെ ഇതാ ഫിഗോ. സാധാരണ തിരിച്ചാണ് പതിവ്. ആദ്യം ഹാച്ച്. പിന്നെ വാലു മുളയ്ക്കും. ഇത്തവണ വാലുള്ള കാർ ആദ്യം വന്നു. പിന്നെ ഹാച്ച് ബാക്ക്. വരവ് എങ്ങനെയാണെങ്കിലും പുതിയ ഫിഗോ തരംഗമാണ്. പഴയ ഫിഗോയിൽ ഇല്ലായിരുന്ന വലിയൊരു മികവ് പുതിയ കാറിലുണ്ട്. സ്റ്റൈലിങ്. ഒരു ഇറ്റാലിയൻ കാറിൽ മാത്രം ഇത്ര നാളും കണ്ടിരുന്ന സ്റ്റെലിങ് പുതിയ ഫിഗോയിൽ കണ്ടെത്താം.

അടിമുടി പുതുമ: രൂപത്തിൽ മാത്രമല്ല ഫിഗോ പുതുമയാകുന്നത്. ഫോഡിൻറെ ഏറ്റവും പുതിയ ബി 572 പ്ലാറ്റ്ഫോമിലാണ് നിർമാണം. യൂറോപ്പിലെ മികച്ച ചെറുകാറുകളിലൊന്നായ ഫോഡ് കാ ഇതേ പ്ലാറ്റ്ഫോം പങ്കിടുന്നു. അതുകൊണ്ടു തന്നെ അത്യാധുനികവും അതീവ സുരക്ഷിതവും സുഖകരവുമാണ് ഫിഗോ.

രൂപകൽപന: ഇറ്റാലിയൻ കാറിൻറെ ചേലാണ് ഫിഗോയ്ക്ക്. മുഖ്യകാരണം ഗ്രിൽ തന്നെ. മസരട്ടിയോടോ ആസ്റ്റൻ മാർട്ടിനോടോ ഫിയറ്റിനോടോ കടപ്പാടുള്ള ഗ്രിൽ ഫിഗോയ്ക്ക് പ്രത്യേക ചേലേകുന്നു. ഈ വാഹനത്തിൻറെ ഹൈലൈറ്റ് ഈ ഗ്രിൽ തന്നെ. ഇറ്റലിയിൽ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ആരോപിക്കുന്നവരോട് ഇറ്റലിക്കാരെപ്പോലെ മറ്റുള്ളവർക്കും ചിന്തിച്ചു കൂടേ? അമേരിക്കൻ കമ്പനിയാണെങ്കിലും ഫിഗോ പൂർണമായും യൂറോപ്യൻ രൂപകൽപനയാണെന്നത് ഈ തിയറിക്ക് പിൻബലമേകുന്നു.

പ്രായോഗികം: അസ്പയറിൻറെ ഹാച്ച് രൂപമാണെങ്കിലും വാലു മുറിച്ചതുപോലെയുള്ള തോന്നൽ രൂപത്തിലില്ല. വശക്കാഴ്ചകളിൽ സുഖകരമായ ഒഴുകിനീങ്ങുന്ന രൂപമാണ്. മസ്കുലർ വശങ്ങളും മനോരഹമായ റൂഫ് ലൈനും കൊള്ളാം. അലോയ് വീൽ രൂപകൽപനയും എടുത്തു നിൽക്കും. പിൻവശം പൊതുവെ ലളിതമാണ്. എന്നാൽ ആക്സസറിയായി ലഭിക്കുന്ന ക്രോം ഗാർണിഷ് ഗൗംഭീര്യമേകും. ക്രോം ലൈനുള്ള റബ്റെയിലുകളും ആക്സസറിയാണ്. അവശ്യം വേണ്ട പാർക്കിങ് സെൻസർ ഏറ്റവും കൂടിയ മോഡലിൽപ്പോലും അക്സസറി. പിൻവശം കാണാനുള്ള ക്യാമറയും സ്റ്റാൻഡേർഡ് ഫിറ്റ്മെൻറല്ല.

ഉൾവശം: ശക്തി പ്രസരിപ്പിക്കുന്ന ഉൾവശം. കറുപ്പാണ് സീറ്റും ട്രിമ്മുകളും. സുഖകരമായ സീറ്റുകൾ. ഓട്ടമാറ്റിക് എ സി അടക്കം എല്ലാ ആഡംബരങ്ങളുമുണ്ട്. മൊബൈലുകൾക്കായി ഡോക്കിങ് സ്റ്റേഷനും സിങ്ക് ആപ് ലിങ്ക് സംവിധാനവുമൊക്കെ മികച്ചത്. സ്റ്റീരിയോയിലെ നമ്പർ പാഡുകൾ ആവശ്യമുള്ളതാണോ എന്നൊരു ചോദ്യം വന്നേക്കാം. മുൻഡോറുകളിൽ രണ്ട് ബോട്ടിൽ ഹോൾഡറുകൾ വീതമുണ്ട്. ധാരാളം സ്റ്റോറേജ്.

എൻജിനുകൾ: രണ്ട് ഓപ്ഷനുകളുണ്ട്. 1.2 പെട്രോൾ, 1.5 ഡീസൽ. രണ്ടും ഒട്ടേറെ പരിഷ്കാരങ്ങൾക്കു വിധേയമായ എൻജിനുകൾ. പെട്രോളിന് 18.16 കി മിയും ഡീസലിന് 25.83 കി മിയും ഇന്ധനക്ഷമത.

ഓട്ടമാറ്റിക്: പെട്രോൾ മോഡലിൽ ഓട്ടമാറ്റിക് ലഭ്യം. പക്ഷെ എൻജിൻ വേറെയാണ്. 112 പി എസ് ഉള്ള 1.5 മോഡൽ. ആറു സ്പീഡ് പവർ ഷിഫ്റ്റ് ഓട്ടമാറ്റിക് ഷിഫ്റ്റ് ഡ്യുവൽ ക്ലച്ച് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഫോക്സ് വാഗൻ, ഒൗഡി, സ്കോഡ വാഹനങ്ങളിലെ അതേ ഏർപ്പാട്.

സുരക്ഷ: ആറ് എയർ ബോഗുള്ള വേറെ ഹാച്ച് ബാക്കുകൾ ഈ വിഭാഗത്തിലില്ല. എ ബി എസ്, ഇ എസ് പി, ഹിൽ ലോഞ്ച് അസിസ്റ്റ്, പാർക്ക് ചെയ്യുമ്പോഴും സുരക്ഷ ഉറപ്പാക്കുന്ന പെരിമീറ്റർ അലാം എന്നിവയുണ്ട്.

ഡ്രൈവിങ്: മികച്ച ഡ്രൈവിങ് പണ്ടേ ഫിഗോയുടെ മികവാണ്. എൻജിനു കളിലുണ്ടായ പരിഷ്കാരങ്ങൾ ഡ്രൈവിങ് കൂടുതൽ മെച്ചപ്പെടുത്തി. പുതിയ ഡീസൽ എൻജിന് ശബ്ദം തീരെക്കുറവ്. ടർബോലാഗ് തെല്ലുമില്ല, ഗീയർ റേഷ്യോകൾ നഗര ഡ്രൈവിങ്ങിനും ഹൈവേ ഓട്ടങ്ങൾക്കും ഒരേ പോലെ ഇണങ്ങും. മികച്ച സസ്പെൻഷനാണ് എടുത്തു പറയേണ്ട മറ്റൊരു മികവ്. യാത്രാസുഖവും നിയന്ത്രണവും ഏറെ മെച്ചപ്പെട്ടു.

പ്രീമിയം ഹാച്ച്: ഏഴു നിറങ്ങളിൽ സ്പാർക്ക്ളിങ് ഗോൾഡും, ഡീപ് ഇംപാക്ട് ബ്ലൂവും എടുത്തുനിൽക്കുന്നു. പ്രീമിയം ഹാച്ച് ബാക്ക് അനുഭവം തേടുന്നവർക്ക് പുതിയ ഫിഗോ സ്വപ്നസാക്ഷാൽക്കാരമാകും. വില4.30 ലക്ഷത്തിൽ ആരംഭിക്കും.

ടെസ്റ്റ് ഡ്രൈവ് കൈരളി ഫോർ‍ഡ്: 9567031021