ഗ്രാൻഡെ ഇവൊ പുന്തൊ

Punto Evo

ഒന്നാന്തരമൊരു കാർ കുറെക്കൂടി നന്നായാൽ എങ്ങനെയിരിക്കും ? അറിയണമെങ്കിൽ ഫിയറ്റ് പുന്തൊ ഒന്നു പോയി കണ്ടു നോക്കൂ. ഗ്രാൻഡെ പുന്തൊ ഇവൊ

ആയപ്പോൾ കൂടുതൽ ഇറ്റാലിയനായി ആധുനികവുമായി. നിലവിലുള്ള ഒന്നിനും കുറവില്ലാതെ ഒരു കാർ എങ്ങനെ പുതുതായി അവതരിപ്പിക്കാം എന്നതിനുള്ള ഒന്നാന്തരം ഉദാഹരണവുമാണ് പുന്തൊ ഇവൊ.

ഗ്രാൻഡെ പുന്തൊയുടെ പുതിയ രൂപമായ ഇവൊ ഇന്ത്യയിൽ ഇപ്പോഴാണെത്തുന്നതെങ്കിലും യൂറോപ്പിലും തെക്കെ അമേരിക്കയിലുമൊക്കെ പണ്ടേ ഇവൊ ഇറങ്ങിയിരുന്നു. 2009 ലും 2012 ലും ഒരോ ഇവൊ മോഡലുകൾ ഇറങ്ങിയെങ്കിലും ഇതൊന്നുമല്ല ഇന്ത്യയിലെ ഇവൊ. ഇന്ത്യയ്ക്കായി മാത്രം ഫിയറ്റ് വികസിപ്പിച്ചെടുത്തതാണ് നമ്മുടെ പുന്തൊ ഇവൊ. മറ്റു വിപണികളിൽ പലേടത്തും ഇവൊ ഇറങ്ങിയിട്ടും ക്ലാസിക് പുന്തൊയ്ക്കുള്ള ജനപ്രീതി മൂലം ഇവിടെയെ

ല്ലാം ഗ്രാൻഡെയും ഇവൊയും ഇപ്പൊഴും വാങ്ങാനാവും.

ഇന്ത്യയിലെ കാര്യം തീർപ്പായിട്ടില്ലെങ്കിലും ഗ്രാൻഡെ പുന്തൊ പിൻവലിക്കാനാണു നീക്കം. ഗ്രാൻഡെ പുന്തൊ ആരാധകർ ആരെങ്കിലുമുണ്ടെങ്കിൽ പെട്ടെന്നു ഫിയറ്റ് ഡീലർഷിപ്പുകളിലെത്തിയാൽ സ്വന്തമാക്കാം, മികച്ച ഡിസ്കൗണ്ടുകളും നേടാം. ഈ ആനുകൂല്യം സ്റ്റോക്ക് തീരുന്നതുവരെ മാത്രം. അതുകഴിഞ്ഞാൽ ഗ്രാൻഡെ പുന്തൊ വാങ്ങാൻ ഇറ്റലിയിലേക്ക് വണ്ടി കയറേണ്ടി വരും.എതിരാളികൾക്കെല്ലാം മാറ്റമുണ്ടായ സാഹചര്യത്തിലാണ് പുന്തൊയുടെ ഇവൊ അവതാരം.പ്രീമിയം ഹാച്ച് വിഭാഗത്തിൽ എെ ട്വൻറി പുതുതായെത്തി. പോളോയ്ക്ക് പുതിയ എൻജിൻ വന്നു. പിന്നെ മാറ്റങ്ങളില്ലാതെ പുന്തൊ എങ്ങനെ നിലനിൽക്കും.

Interior

മാറിയല്ലേ പറ്റൂ. മാറ്റം വിഭാവനം ചെയ്തിരുന്നത് അവൻച്യുറൊ എന്നൊരുമിനി എസ് യു വിയായി ആയിരുന്നു. എന്നാൽ ഇപ്പോൾ ഫിയറ്റ് തീരുമാനിച്ചു അവൻച്യുറ പിന്നീടു മതി, ആദ്യം ഇവൊ പോരട്ടെയെന്ന്. ഇവൊ ഈ മാസം ഇറങ്ങിയതങ്ങനെയാണ്. അവൻച്യുറയുടെ ചില ബോഡി ഘടകങ്ങൾ ഇവൊയ്ക്ക് കിട്ടിയതും അങ്ങനെയാണ്. അവൻച്യുറ ബുക്കിങ് വൈകാതെ തുടങ്ങും.

∙ രൂപകൽപന: മനോഹരമായ ഗ്രാൻഡെ പുന്തൊ ബോഡിയിൽ തൊട്ടു കുളമാക്കാൻ മടിച്ചിട്ടെന്നോണം ഡിസൈനർമാർ പഴയ കാറിൻറെ രൂപം പലേടത്തും നിലനിർത്തി. പ്രത്യേകിച്ച് വശങ്ങളും പിൻ വശവും. എന്നാൽ മുൻവശം പൊളിച്ചടുക്കി. ഒരു കാറിൽ മുഴുവനായി വരേണ്ട ഇറ്റാലിയൻ രൂപകൽപനാമികവു മുഴുവൻ അങ്ങോട്ടു തിരിച്ചു വിട്ടു. ഫലം. ഗ്രാൻഡെ പുന്തൊയുടെ വിദൂരഛായ പോലുമില്ലാത്ത കാറായി പുന്തൊ ഇവൊ. പുതിയ ഗ്രിൽ, ഹെഡ്ലാംപുകൾ,ഗ്രില്ലിൽ നിന്നു ബോണറ്റിലേക്ക് കയറിപ്പറ്റിയ ലോഗോ, എയർ ഡാം, ക്രോമിയം ഇൻസേർട്ടുകൾ എന്നിവയൊക്കെ കലക്കൻ. വടിവുകളുള്ള പുതിയ ബോണറ്റ് തെല്ലുമുകളിലേക്ക് ഉയർന്ന് വിൻഡ് സ്ക്രീൻഗ്ലാസുകളോടു ചേർന്നു നിൽക്കുന്നു.

Interior

വശങ്ങളിലെ മുഖ്യ സവിശേഷത പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകൾ. ഈ വീലുകളുടെ പുതുമ മാത്രം മതി വശങ്ങളിൽ വൈവിധ്യമേകാൻ. പിന്നിൽ ക്ലിയർലെൻസ് എൽ ഇ ഡി ലാംപുകളും ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പുകളും പുതുമയായി. എക്സ്ഹോസ്റ്റ് പൈപ്പിനെ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പും രസകരം.ഫിനിഷിങ്ങ് പോരാ എന്ന് ഇനിയാരും പുന്തൊയുടെ ക്യാബിനെപ്പറ്റി പരാതി പറയില്ല. പുതിയ ഡ്യുവൽ ടോൺ ഡാഷ് ബോർഡും സ്റ്റീരീയോയും നിയന്ത്രണങ്ങളും ജ്യേഷ്ഠൻ ലീനിയയിൽ നിന്നുകടം കൊണ്ടതാണെങ്കിലും കൂടുതൽ ഇണങ്ങുന്നത് പുന്തൊയ്ക്കാണ്.

സ്റ്റിയറിങ് വീൽ നില നിർത്തി. സീറ്റുകൾ കുറെക്കൂടി സുഖകരമായി. ഓക്സിലറി, യുഎസ് ബി പോർട്ടുകൾ ഇപ്പോൾ സെൻട്രൽ കൺസോളിലാണ്. പിൻയാത്രികർക്കായി ഒരു എ സിവെൻറും വന്നു. ബ്ലൂ ആൻഡ് മി അടക്കമുള്ള സൗകര്യങ്ങൾ തുടരുന്നു.

∙ ഡ്രൈവിങ്:എൻജിനിൽ മാറ്റമില്ല. ട്യൂണിങ് കുറച്ചു മാറ്റിയോ എന്നു സംശയം. ഡ്രൈവബിലിറ്റി കുറച്ചു മെച്ചപ്പെട്ടു. ശബ്ദം തെല്ലു കുറഞ്ഞു. ഡ്രൈവ് ബൈ വയർ സാങ്കേതികത കേബിളുകളുടെ ലാഗ് കുറയ്ക്കുന്നു, നിയന്ത്രണങ്ങൾ താമസമില്ലാതെ പ്രാവർത്തികമാകും. 75 ബി എച്ച് പിയും 20.08 കെജി എം ടോർക്കുമുള്ള എൻജിന് പൂജ്യത്തിൽ നിന്നു 100 കീ മിയിലെത്താൻ 17.8 സെക്കൻഡ് വേണം. ഗിയർ ഷിഫ്റ്റ് ആക്ഷൻ കൊള്ളാം. ഗിയർത്രോ കൂടുതലുള്ള രൂപകൽപനയാണ്. ഇതേ എൻജിൻ ഉപയോഗിക്കുന്ന എതിരാളികളിൽ നിന്നു പുന്തൊ വ്യത്യസ്ഥനാകുന്നത് സർവീസ് മികവിലാണ്. 15000 കിലോമീറ്ററാണ് സർവീസ് ഇടവേള. സാധാരണ ഉപയോഗത്തിൽ കൊല്ലത്തിൽ ഒരു തവണ സർവീസ് സ്റ്റേഷനിൽ കയറിയാൽ മതിയെന്നർത്ഥം.

∙ വില: ഡീസൽ മോഡലിന് എക്സ് ഷോറൂം 5.47 ലക്ഷം മുതൽ

∙ ടെസ്റ്റ്ഡ്രൈവ്: മരിക്കാർ ഫിയറ്റ് 9526193939