ഹൈബ്രിഡുകളുടെ തമ്പുരാൻ

Accord Hybrid

ഹൈബ്രിഡുകളുടെ കാലമാണ്. അമേരിക്കയിലൊക്കെ ഹൈബ്രിഡ് കാറുകളിൽ സഞ്ചരിക്കുന്നവർ ദേശസ്നേഹികളാണ്. ഇലക്ട്രിക് കാറാണെങ്കിൽ കൊടിയ ദേശസ്നേഹികൾ. ഭാവി തലമുറയെപ്പറ്റിയും ഭൂമിയുടെ ഭാവിയെപ്പറ്റിത്തന്നെയും ആകുലതകളും കരുതലും ഉളളവർ. ഫോസിൽ ഇന്ധനങ്ങളിൽ ഓടുന്ന കാറുകളെ അതിശയിപ്പിക്കുന്ന ടെക്സ്‌ല ഇലക്ട്രിക് കാറുകളുടെയും പെട്രോളിലും വൈദ്യുതിയിലുമായി മാറി മാറി ഓടുന്ന കാറുകളുടെയും നാട്ടിൽ നിന്ന് ഇന്ത്യയിലേക്കൊരു ഹൈബ്രിഡ് കാർ: ഹോണ്ട അക്കോർഡ്. ഹോണ്ടയോ, അതൊരു ജാപ്പനീസ് കാറല്ലെ അമേരിക്കയുമായി എന്തു ബന്ധം എന്നോർത്തേക്കാം. ഹൈബ്രിഡ് ഹോണ്ട അമേരിക്കയ്ക്കായി പിറന്ന ജാപ്പനീസ് സാങ്കേതികതയാണെന്നതാണു മറുപടി.

Accord Hybrid

∙ ഇന്ത്യയിൽ രണ്ടാമത്: ഇന്ത്യയിൽ ഹോണ്ടയുടെ രണ്ടാമത് ഹൈബ്രിഡ് കാറാണ് അക്കോർഡ്. പണ്ട് സിറ്റി ഹൈബ്രിഡ് ഇറങ്ങിയിരുന്നുവെങ്കിലും കനത്ത വില കാരണം അധികം പ്രചാരം കിട്ടിയില്ല. പൂർണമായും ഇറക്കുമതി ചെയ്തു വിറ്റതാണ് നികുതിയും വിലയും കൂടാൻ കാരണം. ഈ പ്രശ്നങ്ങൾ പരിഹരിച്ച് ഇപ്പോഴിതാ അക്കോർഡ്.

∙ അക്കോഡ്: നാൽപതിന്റെ നിറവിലാണ് അക്കോർഡ്. 1976 ൽ ജാപ്പനീസ് വിപണിയിലെത്തി. 1981 ൽ യൂറോപ്പിലും അമേരിക്കയിലും അരങ്ങേറ്റം കുറിച്ചു. 1982 ൽ യു എസിൽ നിർമിക്കുന്ന ആദ്യ ജാപ്പനീസ് കാറെന്ന പ്രത്യേകതയും അക്കോഡിനായി. ഒൻപതാം തലമുറയാണിപ്പോൾ.

Accord Hybrid

∙ രണ്ടാം വരവ്: 2001 ലാണ് അക്കോഡ് ഇന്ത്യയിലെത്തുന്നത്. വിൽപന കുറഞ്ഞപ്പോൾ 2013 ൽ പിൻവലിച്ചു. സങ്കരഇന്ധന മോഡലായി വീണ്ടും എത്തിയിരിക്കുന്നു– 24 കി മി മൈലേജും കൂടുതൽ കരുത്തും ഇത്തവണ കൈ മുതൽ.

Accord Hybrid

∙ ഗാംഭീര്യം: പഴയ അക്കോഡിന്റെ കുലീനത പുതിയ രൂപത്തിലും കാത്തു സൂക്ഷിക്കുന്നു. വലിയ ക്രോം സ്ട്രിപ്പിന് നടുവിലായി ഹോണ്ടയുടെ ലോഗോ. ഹെഡ്‌ലൈറ്റിലേക്കു കയറി നിൽക്കുന്നതുപോലെയാണ് പുതിയ ഗ്രിൽ. ഓട്ടോ ലെവലിങ്ങും ആക്ടീവ് കോർണറിങ് ഫങ്ഷനുമുള്ള എൻ ഇ ഡി ഹെഡ് ലാംപുകൾ. സ്പോർട്ടി 18 ഇഞ്ച് അലോയ് വീലുകൾ. പിന്നിലെ ബംപറും വലിയ ബൂട്ടും ടെയിൽ ലാംപും വലുപ്പം തോന്നിപ്പിക്കുന്നു. ബൂട്ട് ഡോറിൽ വലിയൊരു ക്രോം സ്ട്രീപ്പുമുണ്ട്.

Accord Hybrid

∙ അകത്തളം: ആഡംബര സെഡാന് വേണ്ടതെല്ലാമുണ്ട്. പുറത്തു നിന്ന് എ സി ഓണാക്കുകയും താപനില താഴ്ത്തുകയും ചെയ്യാം. സെന്റർ കൺസോളിൽ രണ്ടു വലിയ സ്കീനുകളുണ്ട്. മുകളിലുള്ള 7.7 ഇഞ്ച് സ്കീനിൽ ട്രിപ്പ് ഇൻഫർമേഷൻ, കോംപസ് എന്നിവ. താഴെയുള്ള 7 ഇഞ്ച് ടച്ച് സ്ക്രീൻ സ്റ്റിരിയോ, നാവിഗേഷൻ, റിവേഴ്സ് ക്യാമറ ഒക്കെയാണ്.

Accord Hybrid

∙ ഹൈബ്രിഡ്: എൻജിൻ ടയറുകളിലേക്കു കരുത്തു പകരുന്നതിനു പകരം ഇലക്ട്രിക് മോട്ടറിനും ബാറ്ററിക്കും വേണ്ട ശക്തി നൽകും. അതുകൊണ്ടുതന്നെ ഗീയർ ബോക്സിന്റെ ആവശ്യമില്ല. നിശ്ചിത വേഗത്തിൽ എത്തിക്കഴിഞ്ഞാൽ ഉയർന്ന കരുത്ത് ടയറുകളിലേക്കു നൽകുന്നു.

∙ ശക്തി: രണ്ട് ഇലക്ട്രിക് മോട്ടറുകളും 2.0 ലീറ്റർ 4 സിലണ്ടർ ഐ വിടെക് എൻജിനും ചേർന്നതാണ് ഹൃദയം. പെട്രോൾ എൻജിൻ 145 പി എസ് കരുത്ത്. ഇലക്ട്രിക് മോട്ടറുകൾക്ക് 184 പി എസ്.

Accord Hybrid

∙ വിവിധ മോഡുകൾ: ഇ വി, എൻജിൻ, ഹൈബ്രിഡ് എന്നിങ്ങനെ മൂന്നു മോഡുകൾ. ഇ വി മോഡിൽ പൂർണമായും ഇലക്ട്രിക് മോട്ടറിൽ നിന്നുള്ള കരുത്ത്. രണ്ടു കിലോമീറ്ററാണ് റേഞ്ച്. എൻജിൻ ഡ്രൈവിൽ എൻജിൻ കരുത്തുകൊണ്ടും ഹൈബ്രിഡ് മോഡിൽ എൻജിനും മോട്ടറും ഒരേ സമയവും പ്രവർത്തിക്കും. എൻജിൻ സ്റ്റാർട് സ്റ്റോപ്പ് സ്വിച്ചിന് പകരം പവർ ഓൺ ബട്ടനാണ്.
∙ വില 40.77 ലക്ഷം രൂപ