എെ 20 എലീറ്റായി

Hyundai Elite i 20

ഹ്യുണ്ടേയ് വെറും അക്കങ്ങൾക്കു പുറത്തേക്കു വളരുകയാണ്. പത്തിൻറെ ഗുണിതങ്ങളായി മോഡലുകൾ ഇറക്കിയിരുന്ന പഴയ പതിവിന് ഇന്ത്യയിലെങ്കിലും സുല്ലിട്ട മട്ട്. പുതിയ എെ ടെൻ ഗ്രാൻഡായാണ് ഇറങ്ങിയതെങ്കിൽ ഇപ്പോഴിതാ എെ ട്വൻറി എലീറ്റായി വരുന്നു. ഈ രണ്ടു മാറ്റങ്ങളും ശരിയായ മോഡൽ മാറ്റങ്ങൾ തന്നെയാണ്. അവിടെയും ഇവിടെയും തെല്ലു മാറ്റങ്ങൾ വരുത്തി പഴയ കാറിനെ പുതിയ വസ്ത്രവും ചെരുപ്പുമണിയിക്കുന്ന പരിപാടിയല്ല. പ്ലാറ്റ്ഫോമടക്കം പുതുതായി.

അതു കൊണ്ടു തന്നെ എെ ടെൻ ഗ്രാൻഡായി ഇറങ്ങിയപ്പോൾ എല്ലാം ഗ്രാൻഡായി; വലുപ്പവും സൗകര്യങ്ങളും എല്ലാം കൂടി, വലിയ കാറുകൾ പലതും സൗകര്യങ്ങളിൽ പിന്നിലായി. എെ ട്വൻറി എലീറ്റിൻറെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. ഇന്ത്യയിലിന്ന് ഇറങ്ങുന്നതിൽ ഈ വിഭാഗത്തിൽഏറ്റവും വീൽബേസും സ്ഥലസൗകര്യവും എതിരാളികൾക്ക് മനസ്സിൽക്കാണാൻ പോലും കഴിയാത്ത സൗകര്യങ്ങളും ആഡംബരവും ഈ കാറിൽ സംഗമിക്കുന്നു. രാജസ്ഥാനിലെ ഉമൈദ്ബെൻ കൊട്ടാരവളപ്പിൽ നിന്നു ജോധ്പുർ ഹൈവേയിലൂടെ നടത്തിയ ടെസ്റ്റ്

ഡ്രൈവ് റിപ്പോർട്ട്:

രൂപകൽപന: ഇന്ത്യയിൽ ഇറങ്ങുന്ന ഏറ്റവും വിലപ്പിടിപ്പുള്ള ഹാച്ച്ബാക്കുകളിൽ ഒന്നായ എെ ട്വൻറി പുതിയ അവതാരത്തിലും ആ സ്ഥാനം വിട്ടുകളയുന്നില്ല. 2008 ൽ ഇറങ്ങി 2013 ൽ ചെറിയൊരു ഫേസ്ലിഫ്റ്റ് മാത്രം വന്നിട്ടുള്ള കാർ അടിമുടി മാറേണ്ട കാലമായെന്ന് ഹ്യുണ്ടേയ്ക്കു തോന്നിയതിൽ തെറ്റില്ല. ഫ്ളൂയിഡിക് ഡിസൈൻ അടിസ്ഥാനം തന്നെയാണ് ഇവിടെയും. എന്നാൽ ഈ രൂപകൽപനാരീതിയുടെ രണ്ടാം തലമുറയാണ് എലീറ്റിന്.

എന്നുവച്ചാൽ കാര്യമായ മാറ്റങ്ങളുണ്ട്. പുതിയ രീതി കുറെക്കൂടി പെട്ടിസമാനമായ വടിവുകൾക്കും നേർവരകൾക്കും വെട്ടിമുറിച്ചതുപോലെയുള്ള മൂലകൾ. മൊത്തത്തിൽ ഉയരം കുറഞ്ഞ് നീളം തോന്നിക്കും. വശങ്ങളിൽ പെട്ടെന്ന് കണ്ണിൽപ്പെടുന്നത് കറുപ്പു നിറമുള്ള പ്ലാസ്റ്റിക് ക്ലാഡിങ് ഉറപ്പിച്ച സി പില്ലർ ( പിൻ ഡോർ വിൻഡോ കഴിഞ്ഞുള്ള ഭാഗം). 16 ഇഞ്ച് വീലുകൾ. വലിയ ഹെക്സഗണൽ ഗ്രില്ലും ക്രോമിയം ഗാർനിഷുള്ള ഫോഗ്ലാംപുകളും പുതിയ ഹെഡ്ലാംപുകളും ശ്രദ്ധേയം. ഡേ ടൈം റണ്ണിങ്ലാംപുകൾ ഈ വിഭാഗത്തിൽ വേറൊരു കാറിനുമില്ല. പിന്നിലെ മൂന്നു സ്റ്റെപ് റാപ് എറൗണ്ട് ടെയ്ൽലാംപുകൾ കൊള്ളാം.

ഉൾവശം മുഴുവൻ പുതുമയാണ്. കറുപ്പും ബെയ്ജും തീം. പുതിയ സ്റ്റീയറിങ്, എ സി വെൻറുകൾ. എട്ടു സ്പീക്കറുകളുള്ള സ്റ്റീരിയോ സിസ്റ്റം. വലിയ സീറ്റുകൾ. ധാരളം സ്ഥലം. പ്രത്യേകിച്ച് പിന്നിൽ; അധികമായി കിട്ടിയ 45 മി മി വീൽബേസിൻറെ പ്രയോജനം. എെ ടെന്നിൻറെ ചുവടു പിടിച്ച് പിൻ എ സി വെൻറുകൾ. ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോളും പുഷ് ബട്ടൻ സ്റ്റാർട്ടുമടക്കമുള്ള ഫീച്ചറുകൾ നിലനിർത്തി. സൈഡ് എയർബാഗുകളും സൺറൂഫും ഓപ്ഷനൽ. വില കൂടിയ കാറുകളിലുള്ളതുപോലെ ഡാഷ്ബോർഡിന് നടുക്ക് ഹസാർഡ് വാണിങ് ലാംപിനു തൊട്ടടുത്തുള്ള ഡോർ ലോക്കിങ് സ്വിച്ച് വലിയ കാര്യമായാണ് ഹ്യുണ്ടേയ് പറയുന്നത്. 285 മി മി ഡിക്കി ഇടവും പ്രത്യേകം പ്രസ്താവ്യം. മിനി എസ് യു വികളെക്കാൾ സ്ഥലസൗകര്യം കൂടുതലുണ്ട്.

ഡ്രൈവിങ്: 1.2 കാപ്പ പെട്രോൾ, ഡീസൽ മോഡലുകൾ. രണ്ടും പഴയ മോഡലിലുള്ളതെങ്കിലും പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. ഡീസലാണു താരം. 90 പി എസ് ശക്തിയും 220 എൻ എം ടോർക്കും ഈ കാറിന് മികച്ച കൂതിപ്പേകുന്നു. ശക്തിയുടെ കാര്യത്തിൽ എതിരാളികളെക്കാൾ മികവില്ലെങ്കിലും ഡ്രൈവിങ് സുഖത്തിൽ തീർച്ചയായും ഒൗന്നത്യമുണ്ട്. ആറു സ്പീഡ് ഗീയർബോക്സ് ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ല. പൊതുവെ നഗര, ഹൈവേ യാത്രകൾക്ക് എലീറ്റ് ഒരു പോലെ മെച്ചം. 22.54 ആണ് മൈലേജ്.

1.2 കാപ്പ83 പി എസ് ശക്തിയും 117 എൻ എം ടോർക്കും വരെ ആർജിക്കുന്നുള്ളെങ്കിലും ഡ്രൈവിങ് മോശമല്ല. സാധാരണക്കാരൻറെ ഉപയോഗത്തിന് ഈ ശക്തി ധാരാളം. മൈലേജ് 18.6 കി മി. രണ്ടു മോഡലിലും യാത്രാസുഖം ഗണ്യമായി കൂടിയിട്ടുണ്ട്. സസ്പെൻഷൻ ട്യുണിങും ശബ്ദ ഇൻസുലേഷനുമാകാം കാരണം.

ഷോറൂം വില: പെട്രോൾ മോഡൽ 5.02 മുതൽ 6.62 വരെ. ഡീസൽ 6.20 മുതൽ 7.80 ലക്ഷം വരെ.