സുപർബ്...

New Skoda Superb

ഫോക്സ്വാഗൻ കാറുകൾ ഒരു കാലഘട്ടത്തിൻറെ ചരിത്രമാണ്. ലോകോത്തര ബ്രാൻഡുകളുടെ സങ്കലനവുമാണ്. ഫോക്സ്വാഗൻ തനി ജർമനാണെന്നു വിശ്വസിക്കുന്നവർ ഈ മഹാ ബ്രാൻഡിനൊപ്പം ഇപ്പോൾ ഇറ്റാലിയനും ബ്രിട്ടീഷും ഫ്രഞ്ചും സ്പാനിഷും സ്വീഡിഷും ചെക്കൊസ്ലോവാക്യനുമൊക്കെ അലിഞ്ഞു ചേർന്നിട്ടുണ്ടെന്നറിയണം.

ജർമനിയിൽ ജനിച്ച സാധാരണക്കാരൻറെ കാറായ ഫോക്സ്വാഗനിപ്പോൾ സ്വന്ത നാട്ടുകാരും വരേണ്യരുമായ ഔഡിയെയും പോർഷെയുമൊക്കെ സ്വന്തമാക്കി. ഫ്രാൻസിൻറെ സ്വന്തം സൂപ്പർ കാറായ ബുഗാട്ടി, ഇറ്റലിയിലെ ലംബോർഗിനി, സ്വീഡനിലെ സിയറ്റ്, ചെക്കൊസ്ലോവാക്യയുടെ സ്കോഡ, ബ്രിട്ടനിലെ ആഡംബരമായ ബെൻറ്ലി എന്നിവയെക്കെ ഫോക്സ്വാഗൻ തന്നെ. ഇറ്റാലിയൻ ഡുക്കാട്ടി ബൈക്കും സ്വീഡിഷ് സ്കാനിയ ട്രക്കും ജർമനിയുടെ തന്നെ മാൻ ട്രക്കുമൊക്കെ ഫോക്സ്വാഗനു സ്വന്തം.

സ്വന്തമായി അനേകം ബ്രാൻഡുകളുണ്ടെങ്കിലുംഔഡിയും ഫോക്സ്വാഗനും സ്കോഡയുമായുള്ള ബന്ധമാണ് സുദൃഢം. കാരണം മറ്റു ബ്രാൻഡുകളൊക്കെ തെല്ലും കലർപ്പില്ലാതെ അവരരവരുടെ നിർമാണ കേന്ദ്രങ്ങളിൽത്തന്നെ ഉത്പാദിപ്പിക്കുമ്പോൾ ഈ മൂന്നു ബ്രാൻഡുകൾ കാതലായ ഘടകങ്ങളും രൂപകൽപനയും നിർമാണ സൗകര്യങ്ങളും പങ്കു വയ്ക്കുന്നു. ഫോക്സ്വാഗൻ ഇന്ത്യയിൽ ഉത്പാദനശാല തുടങ്ങിയ കാലം മുതൽ സ്കോഡയും ഫോക്സ്വാഗനും ഒരേ ശാലയിൽ നിന്നാണു ജനിക്കുന്നത്. മഹാരാഷ്ട്രയിടെ ഛക്കനിൽ. ഔഡിക്ക് ഔറംഗബാദിൽ നിർമാണശാലയുണ്ട്.

സ്കോഡ ആദ്യം ഉത്പാദനം തുടങ്ങിയ അതേ ശാല. ബന്ധങ്ങൾ ഇങ്ങനെ നീങ്ങുമ്പോൾ മോഡലുകളും പരസ്പരം കടപ്പെട്ടിരിക്കുന്നു. പസാറ്റും എ സിക്സും സുപർബും ഒരേ പ്ലാറ്റ്ഫോം തന്നെ. ഗിയർബോക്സുകളും എൻജിനുകളും മറ്റു സൗകര്യങ്ങളും സൗകര്യപൂർവം പങ്കു വയ്ക്കുന്നു. എന്നാൽ കാഴ്ചയിൽ തികച്ചും വ്യത്യസ്തം. സൗകര്യങ്ങളിലും വിലയും ബ്രാൻഡുമനുസരിച്ച് മാറ്റങ്ങൾ വരും. വിൽക്കുന്നതാകട്ടെ വ്യത്യസ്ത ഷോറൂമുകളിൽ. എന്നാൽ തലപ്പത്ത് എല്ലാം നിയന്ത്രിക്കുന്നത് ഒരേ വ്യക്തി. ഫോക്സ്വാഗൻ ഇന്ത്യയുടെ ചീഫ് റെപ്രസൻറേറ്റീവാണ് മൂന്നു കമ്പനികളുടെയും വിൽപന തന്ത്രങ്ങൾ തീരുമാനിക്കുന്നത്.

ഇന്ത്യയിൽ നാമാദ്യം കണ്ട ഫോക്സ്വാഗൻ സ്കോഡയാണ്. 2002 ൽ ആദ്യമായി ഇന്ത്യയിലെത്തുമ്പോൾ മെഴ്സെഡിസിനു തുല്യം ആഡംബരം തെല്ലു വിലക്കുറവിൽ സ്വന്തമാക്കാമെന്നു മനസ്സിലാക്കിത്തന്ന ബ്രാൻഡ്. ഇന്നും സ്കോഡയുടെ പിടിവള്ളി അതു തന്നെ. കുറഞ്ഞ വിലയിൽ ആഡംബരത്തികവ്. ഒടുവിലെത്തിയ ആഡംബരമായി പുതിയ സുപർബ്. ഡീസൽ മോഡൽ ടെസ്റ്റ് റിപ്പോർട്ട്:

∙ രൂപകൽപന: കാലികമായ മാറ്റങ്ങൾ. മുന്നഴകും പിന്നഴകും മാറിമറിഞ്ഞു. എല്ലാ സ്കോഡകളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ബട്ടർഫ്ളൈ ഗ്രിൽ പരിഷ്കാരങ്ങളാണ് മുഖ്യം. കാലത്തിനൊത്ത, തെല്ലു ചതുരവടിവു കലർന്ന ഗ്രിൽ. കടും പച്ച വിടവാങ്ങിയ പുതിയ ലോഗോ. ഹെഡ്ലാംപുകളും ഫോഗ് ലാംപുകളും പുതിയത്. ബമ്പറും ബോണറ്റുംമാറ്റങ്ങളുൾക്കൊണ്ടു. ബൈസെനോൺ ഹെഡ് ലാംപുകളാണിപ്പോൾ. ഇവയിൽ എൽ ഇ ഡി റണ്ണിങ് ലൈറ്റുകളും ഇൻറഗ്രേറ്റഡ് പവർ വാഷറുകളുമുണ്ട്.

ഏഴ് എൽ ഇ ഡി ലാംപുകളുടെ സമന്വയമാണ് പുതിയ ടേൺ ഇൻഡിക്കേറ്റർ. പിന്നിലെ മാറ്റങ്ങൾ കൂടുതൽ സ്വാഗതാർഹമായി തോന്നി. ഇന്ത്യയിലിന്ന് അധികമൊന്നും കാറുകളിൽ കാണാത്ത പിൻവശം. ബമ്പറിൽ നിന്നു ബൂട്ടിലേക്ക് നമ്പർ പ്ലേറ്റിനു സ്ഥാനക്കയറ്റം കിട്ടി. പിൻ ഗ്ലാസിൻറെ സ്ഥാനവും രൂപവും ഒരു ലിമോസിനെ അനുസ്മരിപ്പിക്കും. വശങ്ങളിൽപ്പോയി നോക്കുമ്പോഴാണ് സുപർബ് ലിമോസിനോടു മത്സരിക്കാനാവുംവിധം വലിയ കാറാണെന്ന തോന്നലുണ്ടാകുന്നത്. നീണ്ടു നിവർന്നങ്ങനെ കിടക്കുന്നു. ഉള്ളിൽ കാലികമായ രൂപകൽപനാ മാറ്റങ്ങളുണ്ടായി. സ്റ്റീയറിങ്ങിനും ട്രിമ്മിനും ടച് സ്ക്രീൻ ബൊലീറോ സ്റ്റീരിയോ സിസ്റ്റത്തിനുമെല്ലാം പരിഷ്കാരങ്ങളുണ്ടായി. മുന്നിൽ പവർ സീറ്റുകൾ. പിന്നിലെ യാത്രികർക്ക് ബിസിനസ് ക്ലാസ് സവാരി. കാലു നീട്ടിയങ്ങനെ കിടക്കാം. 8 എയർബാഗുകളടക്കം ടാങ്കിനുള്ളിൽ യാത്ര ചെയ്യുന്ന സുരക്ഷ.

∙ ഡ്രൈവിങ്: നാലു സിലണ്ടർ ടി ഡി എെ എൻജിൻ. 140 പി എസ്. സിക്സ് സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സ്. ലൈറ്റ് സ്റ്റീയറിങ്. ചെറിയൊരു കാർ കുതിക്കുന്നതു പോലെ സുപർബ് പായും. ഇനിയും പഞ്ച് പോരാത്തവർക്ക് സ്പോർട്ടി മോഡിലിട്ടൊന്നു കലക്കാം. മാനുവൽ ഓപ്ഷനുമുണ്ട്. മാനുവൽ മോഡിലിട്ട് പാഡിൽഷിഫ്റ്റ് നടത്തിയാൽ റാലി ഡ്രൈവിങ് സുഖം കിട്ടും. ബ്രേക്കിങ്ങും നിയന്ത്രണവുംമെച്ചപ്പെട്ടു. മൊത്തത്തിൽ സുപർബ് കുറെക്കൂടി ഡ്രൈവേഴ്സ് കാറായി. എക്സ് ഷോറൂം വില: 25 ലക്ഷം മുതൽ.

∙ ടെസ്റ്റ്ഡ്രൈവ്: മരിക്കാർ എൻജിനിയേഴ്സ് 9744566666