എറ്റിയോസ് : തനി പ്ലാറ്റിനം

ടൊയോട്ട എറ്റിയോസ് ? അതൊരു ടാക്സി കാറല്ലേ? ഈ പതിവു മറുചോദ്യമെറിയുന്നതിനു മുമ്പ് പുതിയ പ്ലാറ്റിനം മോഡൽ ഒന്നുകാണണം. എറ്റിയോസിന്റെ ടാക്സി പ്രതിഛായ ടൊയോട്ട പൂർണമായും തകർത്തു. മാറ്റങ്ങൾ ധാരാളം വന്നിട്ടുണ്ടെങ്കിലും പെട്രോൾ മോഡൽ ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ആദ്യമേ തോന്നിയത് ഒന്നാന്തരം ഡ്രൈവിങ് അനുഭവവും അതിലും മികച്ച യാത്രാസുഖവും.

∙ മാറ്റങ്ങൾ: പുതിയ ബമ്പറും ഗ്രില്ലും, പിന്നിലുള്ള വലിയ ക്രോമിയം സ്ട്രിപ്, ചെറിയ സ്പോയ്‌ലർ, പുതിയ അലോയ് വീൽ രൂപകൽപന, ഫോൾഡബിൾ വിങ് മിറർ. പുറമെ നടന്നു നോക്കിയാൽ കാണാവുന്ന ഇത്രയും കാര്യങ്ങൾ വിട്ടേക്കൂ. മാറ്റം മുഴുവൻ ഉള്ളിലാണ്.

∙ ഉള്ളിൽ: ഫിനിഷ് മെച്ചപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം ഫലപ്രദമായിട്ടുണ്ട്. പ്ലാസ്റ്റിക് നിലവാരം മാത്രമല്ല, സീറ്റും സ്റ്റിയറിങ്ങും ഡാഷ് ബോർഡുമൊക്കെ പുതുപുത്തനായി. മൊത്തത്തിൽ പുതിയൊരു കാറിലേക്കു കയറിയ പ്രതീതി. കറുപ്പിന്റെ അതിപ്രസരം കുറച്ച് ബെയ്ജ് ഫിനിഷെത്തി. മീറ്റർ കൺസോൾ പഴയതുപോലെ ഡാഷ്ബോർഡിനു മധ്യത്തിൽത്തന്നെയെങ്കിലും ഡയലുകൾ കൂടുതൽ മെച്ചപ്പെട്ടു.

∙ പുതുമകൾ: സീറ്റുകൾക്ക് കനം വച്ചു. പഴയ മെലിഞ്ഞ സീറ്റുകളും ഇന്റഗ്രേറ്റ് ചെയ്ത ഹെഡ്റെസ്റ്റും ഇപ്പോഴില്ല. പകരം ഏതു ലക്ഷുറി കാറുകളിലും കാണാനാവുന്ന തരം സീറ്റുകൾ. പിന്നിലാണെങ്കിൽ മൂന്നു ഹെഡ്റെസ്റ്റുകളുണ്ട്. സെന്റർ ആം റെസ്റ്റും പുതുതായെത്തി. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. സ്റ്റീയറിങ്ങിൽ സ്റ്റീരിയോ നിയന്ത്രണം.

∙ സുരക്ഷ: ഇടിയുടെ ആഘാതം കുറയ്ക്കുന്ന തരത്തിലുള്ള ബോഡി. മുൻ സീറ്റുകൾക്ക് രണ്ട് എയർബാഗ്. എ ബി എസും ഇ ബി ഡിയും. പിന്നിൽ ചൈൽഡ് സീറ്റ് ലോക്ക്. സീറ്റ് ബെൽറ്റുകൾക്ക് പ്രീ ടെൻഷനർ ഫോഴ്സ് ലിമിറ്റർ സംവിധാനമുള്ളതിനാൽ നെഞ്ചിന് അധിക സുരക്ഷ കിട്ടും. പിന്നിലെ മൂന്നു പേർക്കും മൂന്നു പോയിൻറ് സീറ്റ് ബെൽറ്റാണ്.

∙ സ്ഥല സൗകര്യം: കുടുംബകാറെന്ന എറ്റിയോസിന്റെ മികവ് തെല്ലുകൂടിയിട്ടുണ്ട്. പുറമെ നിന്നു നോക്കിയാൽ വലിയ വലുപ്പമില്ല. ഉള്ളിൽക്കയറിയാൽ ധാരാളം ഇടം. ഒരു കുടുംബകാറാകുമ്പോൾ ഇതു മുഖ്യം. മലക്കെത്തുറക്കുന്ന വലിയ ഡോറുകൾ.കയറാനും ഇറങ്ങാനും സുഖം. സീറ്റുകളെല്ലാം നല്ല വലുപ്പത്തിലാണ്. പലകാറുകളിലും ഉള്ളിൽ സ്ഥലം കൂടുതലുണ്ടെന്നു കാട്ടാനായി ചെയ്യുന്ന അടവ് സീറ്റ് ചെറുതാക്കുകയെന്നതാണ്. ഇവിടെ ആ തട്ടിപ്പില്ല. പിൻ സീറ്റുകളിൽ മൂന്നു പേർക്കു കുശാലായി ഇരിക്കാം.

∙ സുഖസവാരി: മുൻ സീറ്റുകൾ പൂർണമായും പിറകോട്ടു തള്ളി നീക്കിയാലും പിന്നിലിരിക്കുന്നവർക്ക് സുഖക്കുറവും സ്ഥലക്കുറവുമില്ല. പിന്നിലെ പ്ലാറ്റ് ഫോം പരന്നതാണ്. നടുവിലുള്ള മുഴ ഇല്ല. ഗുണം നടുവിൽ ഇരിക്കുന്നയാൾക്കും സുഖമായി കാലുവയ്ക്കാം. ലക്ഷങ്ങൾ മതിക്കുന്ന പലകാറുകൾക്കും ഇല്ലാത്ത ഗുണം. ആവശ്യത്തിലധികം ഹെഡ് റൂം. 13 ലീറ്ററുള്ള വലിയ ഗ്ലൗവ് ബോക്സ് മറ്റധികം കാറുകളിലില്ല. കുപ്പികളും ഗ്ലാസും മൊബൈൽഫോണുമൊക്കെ സൂക്ഷിക്കാൻ ധാരാളം സ്ഥലം. ഡിക്കി 595 ലീറ്റർ.

∙ ഇനി ഒതുക്കം. അത് ഓടിക്കുമ്പോൾ മനസ്സിലാകും. വളരെ ലൈറ്റ് ആണ് സ്റ്റീയറിങ് എന്നതു മാത്രമല്ല ഗുണം. ടേണിങ് റേഡിയസ് വളരെകുറവാണ്. ചെറിയകാറുകൾ ഓടിക്കുന്ന അനായസതയോടെ കൊണ്ടു നടക്കാം. പാർക്കിങ്ങും യു ടേണുമൊക്കെ എറ്റിയോസിൽ ഒരു ബുദ്ധിമുട്ടേയല്ല.

∙ ഡ്രൈവിങ്: സിലണ്ടറിനു നാലു വാൽവുള്ള ട്വിൻകാം 1.5 ലീറ്റർ നാലു സിലണ്ടർ പെട്രോൾ എൻജിൻ സൂപ്പർ പെർഫോമറൊന്നുമല്ല. എന്നാൽ ടൊയോട്ടയുടെ രാജ്യാന്തര നിരയിൽപ്പെട്ട അന്തസ്സുള്ള എൻജിനുകളിലൊന്നാണ്. 88.7 ബി എച്ച് പിയിൽ ഈ എൻജിൻ 100 ബി എച്ച് പിയിലധികം കരുത്തുള്ള കാറുകളെക്കാൾ നല്ല പെർഫോമൻസ് തരുന്നതിനു കാരണം കുറഞ്ഞ തൂക്കവും ഗിയർ റേഷ്യോയിലെ പ്രത്യേകതകളുമാണ്.

∙ ടൊയോട്ട: വിശ്വവിഖ്യാതമായ ടൊയോട്ട എന്ന ബ്രാൻഡിന്റെ ലോഗോ ഗ്രില്ലിൽ വലുതായി ഒട്ടിച്ചു വച്ചിട്ടുള്ളതു മാത്രമല്ല എറ്റിയോസിന്റെ മൂല്യമെന്ന് മനസ്സിലായില്ലേ. എന്നാൽ ആ ബ്രാൻഡ് നൽകുന്ന മൂല്യം വളരെയധികമാണ്. വണ്ടി വഴിയിൽക്കിടക്കില്ല എന്ന ഉറപ്പ്. കുറഞ്ഞ അറ്റകുറ്റപ്പണി. ഈട്. മികച്ച വിൽപനാന്തര സേവനം. നല്ല സെക്കൻഡ് ഹാൻഡ് വില.

∙ വിലയിൽ ഗണ്യമായ വർധനയില്ല.
∙ ടെസ്റ്റ്ഡ്രൈവ്: നിപ്പോൺ ടൊയോട്ട 9847086007