ഒന്നാമൻ എക്സ് വൺ

BMW X1

ബി എം ഡബ്ല്യു എക്സ് 1 ന് എസ് യു വി രൂപം കുറവാണെന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ഇനി അതിനു പ്രസക്തിയില്ല. കൂടുതൽ വലുപ്പവും സ്ഥലസൗകര്യവും ഓഫ് റോഡ് ഡ്രൈവിങ് ശൗര്യവുമായി ഇതാ പുതിയ എക്സ് വൺ. നൂറു ശതമാനം എസ് യു വി. ആഹ്ലാദം (ജോയ്) ഇനി നാലല്ല നാൽപ്പതു മടങ്ങാണെന്ന് ബി എം ഡബ്ല്യു.

BMW X1

∙ പഴയ എക്സ് വൺ: മികച്ചൊരു ചെറു എസ് യു വിയായിരുന്നെങ്കിലും പഴയ എക്സ് വൺ ഒരു ഗ്ലോറിഫൈഡ് എസ്റ്റേറ്റാണെന്ന് വിരോധികൾ വിധിയെഴുതിയതിനു പിന്നിൽ രൂപത്തിലെ പാകപ്പിഴകൾ തന്നെ കാരണം. തെല്ലു പതുങ്ങിയ രൂപകൽപന കാർ സ്വഭാവം കൂട്ടുന്നുവെന്നായിരുന്നു പൊതുവെ ആക്ഷേപം.

BMW X1

∙ പാരമ്പര്യം പുതുമ: എക്സ് വൺ പാരമ്പര്യം അധികം പിറകോട്ട് ഓടുന്നില്ല. ബി എം ഡബ്ല്യു ശ്രേണിയിലെ പുതുമുഖമാണ് എക്സ് വൺ. 2008 പാരീസ് ഓട്ടൊഷോയിൽ ആദ്യം പ്രദർശിപ്പിച്ച് 2009 ൽ റോഡിലെത്തിയ വാഹനം നാലു കൊല്ലം പിന്നിടും മുമ്പു തന്നെ അഞ്ചു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞു ഹിറ്റായി.

∙ ആകെ മാറ്റം: 2015 ൽ വിപണിയിലെത്തിയ രണ്ടാം തലമുറ എക്സ് വൺ മൊത്തത്തിൽ മാറ്റമാണ്. പ്ലാറ്റ്ഫോം മാറി. ലേ ഔട്ട് മാറി. എൻജിൻ ഹാച്ച്ബാക്ക് കാറുകളിലേതുപോലെ ട്രാൻസ്വേഴ്സ് മൗണ്ടിങ്ങായി, മുൻ വീൽ ഡ്രൈവുമായി. ഈയൊരുമാറ്റം വലിയ നേട്ടങ്ങളാണ് എക്സ് വണ്ണിനു നൽകിയത്. നീണ്ട ബോണറ്റ് അപ്രത്യക്ഷമായി. ക്യാബിൻ സ്ഥലം ഗണ്യമായി ഉയർന്നു. എല്ലാത്തിനുമുപരി കാഴ്ചയിൽ ശരിയായ ഒരു എസ് യു വിയുമായി. അകലക്കാഴ്ചയിൽ എക്സ് ത്രീയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഉയർന്ന എം സ്പോർട്ട് മോഡൽ എക്സ് ത്രിയെക്കാൾ മനോഹരി.

BMW X1

∙ രണ്ടും നാലും: രണ്ടു വീൽ ഡ്രൈവ് എസ് ഡ്രൈവെന്നും നാലു വീൽ ഡ്രൈവ് എക്സ് ഡ്രൈവെന്നും അറിയപ്പെടുന്നു. നാലു വേരിയൻറുകളുള്ളതിൽ എം സ്പോർട്ടാണ് ടോപ്. നാലിനും 1995 സി സി 190 എച്ച് പി. എം സ്പോർട്ട് ഡ്രൈവ് റിപ്പോർട്ട്.

BMW X1

∙ രൂപഗുണം: എം സ്പോർട്ടിന് സ്പോയ്ലറും വ്യത്യസ്തമായ ബമ്പറുകളും വലിയ 18 ഇഞ്ച് അലോയ്കളുമുള്ളത് സ്പോർട്ടിനെസ് രൂപത്തിലേക്കും കൊണ്ടു വരുന്നു. പഴയ മോഡലിനെക്കാൾ ഉയരം കൂടുതലുള്ളത് വലുപ്പക്കൂടുതൽ തോന്നിപ്പിക്കും.

∙ ഉൾവശം: ധാരാളമായുള്ള സ്ഥലസൗകര്യമാണ് ഹൈലൈറ്റ്. ഇതിനും മുകളിൽ നിൽക്കുന്ന ത്രീ സീരീസ് സെഡാനെക്കാൾ ഇടം. നല്ല സീറ്റുകൾ. ഡ്രൈവിങ് പൊസിഷൻ പഴയ മോഡലിനെക്കാൾ കൂടുതൽ എസ് യു വി മികവിലേക്കെത്തി. എം മോഡലിന് ഇലക്ട്രിക്കൽ ക്രമീകരണങ്ങളുള്ള മുൻ സീറ്റാണ്. ത്രീ സ്പോക് സ്റ്റീയറിങ് വീലിൽ പാഡിൽ ഷിഫ്റ്റുണ്ട്. എെ ഡ്രൈവ് സംവിധാനത്തിന് 8.8 ഇഞ്ച് ഡിസ്പ്ലേ. പനോരമിക് സൺ റൂഫ്. വിശാലമായ പിൻ സീറ്റുകൾ. 505 ലീറ്റർ ഡിക്കി.

BMW X1

∙ പുതുമകൾ: സ്പെയർ വീൽ തിരിച്ചെത്തി. ഹെഡ്സ് അപ് ഡിസ്പ്ലേ വേഗം ഡ്രൈവർക്ക് വിൻഡ് സ്ക്രീനിൽ കാട്ടിത്തരും. എം സ്റ്റീയറിങ് വീൽ. ഫിംഗർപ്രിൻറ് ടച്ച് സ്ക്രീൻ. എം സ്റ്റീയറിങ് വീൽ. എക്സ്റ്റൻഡഡ് തൈ സപ്പോർട്ട്.

BMW X1

∙ ഡ്രൈവ്: 190 ബി എച്ച് പി അത്ര കുറവല്ല. അതു മുഴുവൻ എക്സ് വൺ ഉപയോഗിക്കുന്നുമുണ്ട്. പുറമെ 40.7 കെ ജി എം ടോർക്ക്. അതുകൊണ്ടു തന്നെ ഡ്രൈവേഴ്സ് കാർ എന്ന എല്ലാ ബി എം ഡബ്ല്യുകളെപ്പറ്റിയുള്ള വിശേഷണം എക്സ് വണ്ണിനെ സംബന്ധിച്ച് സത്യം. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 6.6 സെക്കൻഡ് എന്ന മാത്രിക വേഗം. പഴയ പിൻവീൽ ഡ്രൈവ് മോഡലിനെക്കാൾ മികച്ച മുൻ, പിൻ ഭാര സംതുലമുള്ളതിനാൽ നിയന്ത്രണം മെച്ചപ്പെടുന്നു. സ്റ്റീയറിങ് കൃത്യതയും ഉയർന്ന വേഗത്തിലെ ആത്മവിശ്വാസവുമൊക്കെ എക്സ് വൺ മികവുകൾ. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സാണ്.

BMW X1

∙ എക്സ് ഷോറൂം വില: 30.51 ലക്ഷത്തിൽ ആരംഭിക്കുന്നു.

∙ ഔതുക്കവും എസ് യു വിയും പരസ്പരം ചേരാത്ത പദങ്ങളെങ്കിൽ ഇവിടെ രണ്ടും സമന്വയിക്കുന്നു. ഒതുക്കമുള്ള പ്രീമിയം എസ് യു വി തേടുന്നവർക്ക് വേറെ അധികം ഓപ്ഷനുകളില്ല.

∙ ടെസ്റ്റ് ഡ്രൈവ്: പ്ലാറ്റിനോ ക്ലാസിക് 8111800116