തരംഗമാകാൻ ബി ആർ വി

Honda BR-V

ഒരോ വാഹനവും നിരത്തിലിറങ്ങുമ്പോൾ ഹോണ്ടയുടെ രൂപകൽപനാചാതുര്യം കൂടുതൽ കയ്യടികൾ നേടുന്നു. പരമാവധി മനുഷ്യന് സ്ഥലവും സൗകര്യവും നൽകുന്നതാവണം ഒരോ യന്ത്രവും എന്ന രൂപകൽപനാ മുദ്രാവാക്യം ബി ആർ വിയിൽ പരിപൂർണതയിലെത്തുകയാണ്. ഇന്നേ വരെ ഇന്ത്യയിലിറങ്ങിയ മിനി എസ് യു വികളെല്ലാം അഞ്ചു സീറ്റുള്ളവയെങ്കിൽ ഹോണ്ട ബി ആർ വിക്ക് ഏഴു സീറ്റുകളുണ്ട്. ഇന്ത്യൻ വിപണി പ്രാഥമികമായി മുൻകൂട്ടിക്കണ്ട് തായ്ലൻഡിൽ രൂപകൽപന ചെയ്ത ബി ആർ വി അവിടെ ഇറങ്ങി. ഹിറ്റുമായി. ഇപ്പോഴിതാ ഇന്ത്യയിലും.

ബി ആർ-വി എത്തി, വില 8.75 ലക്ഷം മുതൽ

മൊബീലിയയും അമേയ്സും പിറന്ന ബ്രിയൊ പ്ലാറ്റ്ഫോമിലാണ് ബി ആർ വിയും ജനിച്ചത്. ഏഴു സീറ്റുകൾ ഉൾക്കൊള്ളാനുള്ള നീളക്കൂടുതലുണ്ട്. വലിയ ടയറുകളും വീൽ ആർച്ചുകളും ഒക്കെക്കൂടി ബ്രിയൊയുടെ ഇരട്ടി വലുപ്പം. കൊട്ടാരങ്ങളുടെ നഗരമായ ഉദയ്പൂരിൽ നടന്ന ടെസ്റ്റ്ഡ്രൈവിലേക്ക്.

Honda BR-V

വലിയൊരു വാഹനത്തിൻറെ രൂപഭാവങ്ങളുള്ള മിനി എസ് യു വിയാണ് ബി ആർ വി. ബ്രിയോയുമായി വിദൂരഛായ പോലുമില്ലെന്നതാണ് ശ്രദ്ധേയം. സി ആർ വിയോടു വളരെയേറെ അടുത്തു നിൽക്കുന്ന രൂപഗുണം. പുതിയ സി ആർ വിയോടു സാദൃശ്യമുള്ള ഗ്രില്ലും വലുപ്പമുള്ള ബമ്പറും വീൽ ആർച്ചുകളുമാണ് ഈ തോന്നലിനു പിന്നിൽ. പെട്ടെന്നു ശ്രദ്ധയിൽപ്പെടുന്ന സ്കഫ് പ്ലേറ്റുകളാണ്. റൂഫ് റെയിലുകൾ ഉയരം കൂട്ടുന്നു. 215 മി മി ഗ്രൗണ്ട് ക്ലിയറൻസ്. 16 ഇഞ്ച് വീലുകൾ. ബമ്പറിൽ ഫോഗ്ലാംപുകൾക്കു ചുറ്റുമുള്ള മസ്കുലർ രൂപകൽപന വാഹനത്തിൻറെ വശങ്ങളിലേക്കും പിന്നിലേക്കുമൊക്കെ പടരുന്നുണ്ട്.

Honda BR-V

ഇന്നു വരെ ഒരു എസ് യു വിയും ഇന്ത്യയിൽ ധൈര്യം കാട്ടാത്തത്ര റാഡിക്കൽ എന്നു വിശേഷിപ്പിക്കാവുന്നതാണ് പിൻവശം. പിൻവശം നിറഞ്ഞുനിൽക്കുന്ന എൽ ഇ ഡി ലാംപുകളും ഹോണ്ടയുടെ വലിയൊരു ലോഗോയും നമ്പർ പ്ലേറ്റിനു മുകളിലുള്ള ക്രോം ഗാർണിഷുമൊക്കെ അതിമനോഹരം.

Honda BR-V

വശങ്ങളിൽ അമേയ്സിലും മൊബിലിയിലും കണ്ടേക്കാവുന്ന തരം ബോഡി ലൈനുകൾ. മുന്നിൽ നിന്നു തുടങ്ങി വീൽ ആർച്ചുകൾ വഴി പടരുന്ന ബോഡി ക്ലാഡിങ് എസ് യുവിത്തം കൂട്ടുന്നു. ചുരുക്കത്തിൽ ഈ ശ്രേണിയിൽ ഇന്ന് ഇന്ത്യയിലിറങ്ങുന്ന ഏതു വാഹനത്തെക്കാളും കൂടുതൽ എസ് യു വി രൂപം ബി ആർ വിക്കാണെന്നതിൽ സംശയമില്ല.

Honda BR-V

ഉള്ളിൽ സ്ഥലസൗകര്യം മെച്ചപ്പെട്ടു. ഏറ്റവും പിന്നിലെ സീറ്റുകൾ മൊബീലിയൊയെക്കാൾ സ്ഥലസൗകര്യമുള്ളത്. സീറ്റുകൾക്ക് മൊബീലിയൊയെക്കാൾ ഗുണമേന്മയുണ്ട്. ഡാഷ്ബോർഡ് ഫിനീഷ് മൊബീലിയോ, അമേയ്സ് നിരയിൽ നിന്നു വ്യത്യസ്തം. തികച്ചും പുതിയ രൂപകൽപന. പ്ലാസ്റ്റിക് നിലവാരം ഉയർന്നിട്ടുണ്ട്.സ്റ്റീരിയോ കൺസോളും പുതിയതാണ്. എങ്കിലും പുതിയ കാറുകളിൽ വരുന്ന തരം ഡാഷ്ബോർഡിനോടു ചേർന്നു പോകുന്ന സ്റ്റീരിയോ കൺസോളല്ല. റിവേഴ്സ് സെൻസറും റിവേഴ്സ് ക്യാമറയും ഇല്ല. ചെറിയ ഒരു ഡിക്കി ഇടവും ബി ആർ വിക്കുണ്ട്.

Honda BR-V

പെട്രോൾ, ഡീസൽ എൻജിനുകളുണ്ട്. പെട്രോളിൽ സി വി ടി ഓട്ടമാറ്റിക്. രണ്ടും സുഖകരമായ ഡ്രൈവിങ്ങും ഹാൻഡ്ലിങ്ങും തരും. ആറു സ്പീഡ് മാനുവൽ ഗിയർബോക്സിൽ വരുത്തിയ മാറ്റങ്ങൾ പെട്രോൾ മോഡലിനെ കൂടുതൽ സ്പോർട്ടിയാക്കി. എെ വിടെക് പെട്രോളിന് 119 ബി എച്ച് പി. ഡീസലിന് 100 ബി എച്ച് പി. ഡീസൽ മോഡൽ 21 കിലോമീറ്റർ മൈലേജിനൊപ്പം മാന്യമായ ഡ്രൈവിങ് സുഖം നൽകുന്നുണ്ട്.

Honda BR-V

ബ്രിയോ പ്ലാറ്റ്ഫോമിലിറങ്ങുന്ന വാഹനങ്ങളിൽ ശബ്ദവും വിറയലും ഏറ്റവും കുറവ് ബി ആർ വിക്കാണ്. കാരണം മികച്ച ഇൻസുലേഷൻ ഏർപ്പാടുകൾ. വില കുറയ്ക്കാനായി മൊബീലിയോയിലും അമേയ്സിലുമൊക്കെ ഒഴിവാക്കിയ ഇൻസുലേഷൻ പാഡിങ്ങുകൾ ബി ആർ വിയിൽ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

Honda BR-V

പെട്രോൾ മോഡലിന് പിക്കപ്പ് കുറവാണ് എന്ന് മൊബീലിയൊയെപ്പറ്റി ഒരു ആരോപണമുണ്ടായിരുന്നതും ബി ആർ വിയിൽ ഇല്ലാതെയാകുന്നു. കാരണം പുതിയ ആറു സ്പീഡ് ഗീയർബോക്സും ഘർഷണം കുറയ്ക്കാൻ എൻജിനിൽ വരുത്തിയ മാറ്റങ്ങളും.

ന്യൂ‍ഡൽഹി എക്സ് ഷോറൂം വിലകൾ

പെട്രോൾ
ഇ- 8.75 ലക്ഷം രൂപ
എസ്- 9.90 ലക്ഷം രൂപ
വി-10.90 ലക്ഷം രൂപ
വിഎക്സ്-11.84 ലക്ഷം രൂപ
വി സിവിടി-11.99 ലക്ഷം രൂപ

ഡീസൽ
ഇ- 9.90 ലക്ഷം രൂപ
എസ്-10.99 ലക്ഷം രൂപ
വി-11.85 ലക്ഷം രൂപ
വിഎക്സ്-12.90 ലക്ഷം രൂപ