ജലദോഷത്തിന് ആയുർവേദം

പ്രതിശ്യായം എന്ന് ആയുർവേദസംഹിതകളിൽ വിവരിക്കുന്നതും ആധുനികശാസ്ത്രം ഒരു വൈറസ്ബാധയായി കരുതുന്നതുമായ ഒന്നാണ് ജലദോഷം. നമ്മുടെ നാട്ടിൽ, തല നനയുന്നതു കൊണ്ടും എണ്ണ, കുളിക്കുന്ന വെള്ളം ഇവ മാറുന്നതുകൊണ്ടും ഇവയുണ്ടാകുന്നതായി പലരും കരുതുന്നു. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലുള്ളവർ നെഞ്ച്, കഴുത്ത്, കൈകാലുകൾ ഇവ നനയുന്നതുകൊണ്ടും അമിതമായി തണുക്കുന്നതുകൊണ്ടുമാണ് കോമൺ കോൾഡ് എന്ന ജലദോഷം ഉണ്ടാകുന്നതെന്നാണു കരുതുന്നത്.

മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണു തുടക്കത്തിലുണ്ടാവുക. എന്നാൽ ഇതേത്തുടർന്നു പലപ്പോഴും അണുബാധകളും അനുബന്ധ പ്രശ്നങ്ങളുമുണ്ടാവാറുണ്ട്. ഇതുമാത്രമല്ല, പക്ഷിപനി, എവിഎൻ ഫ്ളൂ, പന്നിപനി എന്നിവയ്ക്കും ഇതുപോലെയുള്ള അപകടകരമായ അവസ്ഥകൾക്കും സമാനമായ ലക്ഷണങ്ങളുണ്ടാകാം. അതുകൊണ്ടു രോഗനിർണയവും ചികിത്സയും ഈ ഘട്ടത്തിൽ ആവശ്യമായി വരും.

ജലദോഷത്തിനു പരിഹാരമായി ചില ലഘുപ്രയോഗങ്ങൾ ചുവടെ ചേർക്കുന്നു.

മഞ്ഞൾപ്പൊടിയും ഉഴുന്നുപരിപ്പും

ചൂടുപാലിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി— രണ്ടുനേരം ആഹാരത്തിനു മുമ്പു സേവിക്കുന്നത് ജലദോഷത്തെ അകറ്റും.

ഉഴുന്നുപരിപ്പ് 15 ഗ്രാം ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് രാത്രി ആഹാരശേഷം കഴിക്കുന്നത് ജലദോഷത്തെ ശമിപ്പിക്കാൻ വളരെ നല്ലതാണ്.

ചുക്ക് — അയമോദകം— കടുക്ക

ചുക്ക്, അയമോദകം, കടുക്ക എന്നിവ രണ്ടു ഗ്രാം വീതം അരച്ചെടുത്ത് ആഹാരത്തിനു മുമ്പായി രാവിലെയും രാത്രിയും തുടർച്ചയായി ഒരാഴ്ച കഴിക്കുന്നതുകൊണ്ട് കടുത്ത ജലദോഷം ശമിക്കും.

ഇഞ്ചിനീരും തേനും

ഇഞ്ചിനീര് ഒരു ടീസ്പൂണെടുത്ത് അതിൽ അര ടീസ്പൂൺ വറുത്തെടുത്ത ഗോതമ്പുപൊടിയും ഒരു ടീസ്പൂൺ തേനും ചേർത്തു കഴിക്കുന്നതു ജലദോഷം ശമിപ്പിക്കും.

Starve a fever, But feed a cold എന്ന പാശ്ചാത്യ ആരോഗ്യതത്വമനുസരിച്ച് പനിക്ക് പട്ടിണിയെങ്കിൽ ജലദോഷത്തിന് ശരിയായ ആഹാരമാണ് ചികിത്സ.

ആയുർവേദ വിധി പ്രകാരം നെയ്യും തൈരും കൂട്ടിയുള്ള ആഹാരം പഴകിയതല്ലാത്ത ജലദോഷത്തെ ശമിപ്പിക്കാൻ ഉത്തമമാണ്.

കാട്ടുതുളസിവേര് കഷായം

ഒരു ടീസ്പൂൺ ശർക്കരയിൽ കാൽ ടീസ്പൂൺ കുരുമുളകുപൊടി സേവിക്കുന്നതു ജലദോഷശമനകരമാണ്.

കാട്ടുതുളസിവേര് 50 ഗ്രാം 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കുക. ഇതു 50 മി ലി വീതം രാവിലെയും രാത്രിയും ആഹാരത്തിനു മുമ്പായി കഴിക്കുന്നത് ജലദോഷം ശമിപ്പിക്കും.

ചിറ്റമൃതിന്റെ വേരും ചുക്കും

ചിറ്റമൃതിന്റെ വേര്, മുത്തങ്ങ, ചുക്ക്, ചന്ദനം ഇവ 15 ഗ്രാം വീതം എടുത്ത് 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കണം. ഇത് 50 മി ലീ വീതം രണ്ടുനേരം കഴിക്കുന്നത് രോഗഹരമാണ്.

വെൺവഴുതിന വേര് തിപ്പലിപ്പൊടി ചേർത്ത്

വെൺവഴുതിന വേര്, ചുക്ക്, അമൃത് എന്നിവ 20 ഗ്രാം വീതം എടുത്ത് 800 മി ലീ വീതം വെള്ളം ചേർത്തു നന്നായി തിളപ്പിച്ച് 200 മി ലീ ആയി വറ്റിച്ചെടുക്കുക. ഇത് 50 മി ലീ വീതം രണ്ടുനേരം ഒരു നുള്ളു തിപ്പലിപ്പൊടിയും ചേർത്തു കഴിച്ചാൽ ജലദോഷം പെട്ടെന്നു തന്നെ കുറയും.