Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കടകത്തിൽ കരുത്തു നേടാം

karkidakam-tips

ശീലങ്ങളിലും ചികിൽസയിലും ജീവിതരീതിയിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട മാസമാണു കർക്കടകം. കർക്കടകം ദക്ഷിണായനകാലത്തിന്റെ തുടക്കമാണ്. വിസർഗ കാലം എന്നും ദക്ഷിണായനകാലത്തെ അറിയപ്പെടുന്നു. നമ്മുടെ ശര‍ീരത്തിനാവശ്യമായ ഊർജവും വളർച്ചയും ഉണ്ടാകുന്ന സമയം.

ഏറ്റവും കൂടുതൽ മഴ കിട്ടുന്ന കാലമാണല്ലോ കർക്കടകം. പഞ്ചഭൂതഘടനയിലെ മാറ്റം കൊണ്ടു പ്രകൃതിയിലും ജീവജാലങ്ങളിലും ആറു രസങ്ങളിലൊന്നായ പുളിരസം (അമ്ലത്വം) വർധിക്കുന്ന സമയമാണിത്.

അറിയാം, ആരോഗ്യപുഷ്ടിക്ക്

കർക്കടക മാസത്തിലെ തണുപ്പു ശരീരത്തിനു മൊത്തത്തിൽ പുഷ്ടിയുണ്ടാക്കും. ശരീരത്തിൽ ജലാംശം കൂടുതലായുള്ളതിനാൽ കുടലിൽ ആഗ്നേയ രസങ്ങള്‍ വർധിക്കും. വിശപ്പുകൂടും. ദഹനപ്രക്രിയ മെച്ചപ്പെടും. ശരീരം പുഷ്ടിപ്പെടും. കഴിക്കുന്നതു ശരീരത്തിൽ പിടിക്കും. ഉറക്കം നന്നായി കിട്ടുന്ന കാലമാണ്. അമിതമായി ഉറങ്ങേണ്ട ആവശ്യമില്ല, കൃത്യസമയത്ത് ഉറങ്ങിയെണീക്കാം. കർക്കടകത്തിൽ പകലുറക്കം പാടില്ല.

മൂലക്കുരു പോലെ ചൂടിന്റെ അസുഖങ്ങൾക്കുള്ള ചികിൽസ ഇക്കാലത്ത് ആരംഭിക്കാം.

swimming

ശുദ്ധമായ ജലം കുളങ്ങളിൽ എത്തുന്നതിനാൽ നീന്തിക്കുളിക്കാൻ താൽപര്യമുള്ളവർക്ക് അതിനു പറ്റിയ സമയമാണ്. നീന്തൽ വ്യായാമമെന്ന നിലയിൽ ഏറ്റവും മികച്ചതാണ്. കാരണം, വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ ഭാരം കാലിൽ കേന്ദ്രീകരിക്കാതെ ശരീരം മുഴുവനായി വീതിക്കപ്പെടുന്നു. മാത്രമല്ല, ശര‍ീരം പെട്ടെന്നു ചൂടാകുകയുമില്ല.

നേത്രരോഗങ്ങൾ ഉള്ളവർക്കു (കണ്ണുപുകച്ചിൽ പോലെ ചൂടിന്റെ അസുഖമുള്ളവർക്കു പ്രത്യേകിച്ച്) ഈ മാസം മുതൽ ചികിൽസ ആരംഭിക്കാം. കാഴ്ച വർധിപ്പിക്കാനും കണ്ണിന്റെ പുഷ്ടിക്കുമുള്ള ചികിൽസകൾ ഈ മാസം ആരംഭിക്കാം. മരുന്നു ചേർത്ത ആവണക്കെണ്ണ ഉപയോഗിച്ചു ചെറിയതോതിൽ വയറിളക്കി വയർ ശുദ്ധീകരിക്കാം.

കർക്കടകത്തിൽ ചെടികള‌ിലും മനുഷ്യരിലും ആവശ്യത്തിനു ജലാംശം ഉണ്ടാകും. ചുട്ടുനീറ്റൽ, പുകച്ചിൽ തുടങ്ങിയ രോഗങ്ങളുടെ തീവ്രത കുറയും. പ്രമേഹം, രക്തവാതം തുടങ്ങിയ ചൂടിന്റെ അസുഖമുള്ളവരിലും മാനസിക അസുഖമുള്ളവർക്കും അതിന്റെ കാഠിന്യം കുറയും.അസിഡിറ്റി (നെഞ്ചെരിച്ചിൽ, വയർ എരിച്ചിൽ തുടങ്ങയവ) ഉള്ളവർ പുളിരസമുള്ള ഭക്ഷണം കഴിക്കരുത്.

തണുപ്പു കൂടുന്ന കാലമായതിനാൽ വാതരോഗം കൂടാൻ സാധ്യതയുള്ള സമയമാണ്.

പുരുഷന്മാർക്ക്

കായികമായ അധ്വാനങ്ങൾക്കു മികച്ച സമയമാണ്. കളരിയുൾപ്പെടെയുള്ള കായികമായ വ്യായാമങ്ങൾക്കു പ്രാധാന്യം നൽകാം. ശരീരത്തെ പുഷ്ടിയും വഴക്കവുമുള്ളതുമായി മാറ്റാം. തണുപ്പ് പുരുഷ ബീജങ്ങളുടെ എണ്ണം കൂട്ടാൻ സഹായകമായതിനാൽ പുരുഷ വന്ധ്യതയുള്ളവർക്കു ബീജത്തിന്റെ അളവു കൂട്ടാനുള്ള ചികിൽസ ആരംഭിക്കാനും മരുന്നു കഴിക്കാനും പറ്റിയ സമയമാണ്.

മുടി കൊഴിച്ചിൽ ഉള്ളവർക്കു തലകുളിർക്കെ എണ്ണതേച്ചു മുടി പുഷ്ട‍ിപ്പെടുത്താൻ തുടങ്ങാം. മുടിയിൽ നന്നായി എണ്ണ തേയ്ക്കാം. ശരീരം ശുദ്ധിപ്പെടുത്താനുള്ള വെള്ളം ധാരാളമുണ്ടല്ലോ. കഷണ്ടിയുള്ളവർക്കും കഷണ്ടി വരാൻ സാധ്യതയുള്ളവർക്കും മുൻകരുതൽ ചികിൽസകൾ ആരംഭിക്കാൻ പറ്റിയ സമയമാണ്. ശരീരത്തിനു ദുർഗന്ധമുണ്ടാക്കുന്ന വിയർപ്പ് ഉള്ളവർക്കും അതിനെതിരായ പ്രതിരോധ ചികിൽസ ചെയ്യാൻ തുടങ്ങാം. നെയ് സേവ പോലുള്ള ചികിൽസകൾ അമ‍ിതമായ വിയർപ്പു നിയന്ത്രിക്കും.

സ്ത്രീകൾക്ക്

മൂത്രച്ചൂട്, വെള്ളപോക്ക് പോലുള്ള രോഗങ്ങൾ കുറയുന്ന സമയമായതിനാൽ ചികിൽസ ആരംഭിക്കാം. കർക്കടകം ചന്ദ്രന്റെ മാസമായതിനാൽ ആർത്തവ സംബന്ധമായ രോഗങ്ങൾക്കു ശമനമുണ്ടായി, കൃത്യമായ ആർത്തവം ഉണ്ടാകാറുള്ള കാലമാണ്. ആർത്തവ സംബന്ധമായ രോഗങ്ങൾക്കു ചികിൽസ ചെയ്യുന്നവരുണ്ടെങ്കിൽ ഇപ്പോൾ ആരംഭിക്കുന്നതാണു നല്ലത്. മുലപ്പാൽ വര്‍ധിപ്പിക്കുന്നതിനുള്ള ചികിൽസകൾക്കും നല്ല സമയമാണ്.മുടി വളർച്ച കൂട‍ാനും മുടി പുഷ്ടിയോടെ വളർത്താനും ആവശ്യമായ കരുതലുകളെടുക്കാം.

പ്രായമായവർക്ക്

ശരീരത്തിലെ ധാതുക്കളുടെ അളവു കുറയുന്നതാണു പ്രായമായവർ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നം. അതു കൊണ്ടു വാതരോഗങ്ങൾക്കു സാധ്യത കൂടുതലാണ്. കൃത്യസമയത്തു സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ലളിതമായ ഭക്ഷണശൈലിയാണു നല്ലത്. ഭക്ഷണവും വെള്ളവും ചൂടോടെ ഉപയോഗിക്കണം. ഞരമ്പ്, നാഡി സംബന്ധമായ രോഗങ്ങൾക്കും അസ്ഥി തേയ്മാനത്തിനും അസ്ഥിക്ഷയത്തിനും സാധ്യതയുള്ള കാലമാണ്. എള്ള്, ഗോതമ്പ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മരുന്നുകഞ്ഞി, മാംസരസം (സൂപ്പ്) തുടങ്ങിയവ ഉപയോഗിക്കാം.

മലബന്ധ സാധ്യത പ്രായമായവരിൽ കൂടുതലാണ്. മലശോധന കൃത്യമാക്കാൻ ചെറിയതോതിൽ ആവണക്കെണ്ണ ചേർത്ത മരുന്ന് ഉപയോഗിക്കാം. പ്രായമായവർക്കു മാനസിക വിഷമം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥ ഇരുണ്ടതായതിനാൽ മനസ്സിൽ മരണഭയം ഉണ്ടാകും. ശരീരത്തിനു പ്രതിരോധ ശേഷി കുറയുന്ന കാലമായതിനാൽ കരുതൽ േവണം. പ്രായമായവരുടെ കാര്യങ്ങളിൽ മറ്റുള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തണം.

കുട്ടികൾക്ക്

സ്കൂളിലുള്‍പ്പെടെ കൂടുതൽ സമയം പുറത്തു പോകുന്നവരാണു കുട്ടികൾ. മഴയും തണുപ്പുമേറ്റു പനി, കഫക്കെട്ട്, കാലുകൾക്കു കടച്ചിൽ തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. വൈറൽ രോഗങ്ങൾ ഉണ്ടാകാം. കുട്ടികൾക്കു കുടിക്കാനും കഴിക്കാനും ചൂടുള്ള ഭക്ഷണം മാത്രം നൽകുക. നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയ വസ്ത്രങ്ങൾ നൽകുക. നനഞ്ഞ ഷൂസിനുള്ളിൽ പേപ്പർ പോലെ വെള്ളം വലിച്ചെടുക്കുന്ന വസ്തുക്കൾ തിരുകിക്കയറ്റി ഉണക്ക‍ിയെടുക്കുക. ഉണങ്ങിയ സോക്സ് മാത്രം ഇടാൻ അനുവദിക്കുക. ഒരുകാരണവശാലും പച്ചവെള്ളം കുടിപ്പിക്കരുത്. ചുക്ക്, തുളസി തുടങ്ങിയവയിട്ടു ചൂട‍ാക്കിയ വെള്ളം ഉത്തമം.

rain

ഭക്ഷണം എങ്ങനെ

ആവശ്യമായ ഭക്ഷണം പല ഇടവേളകളിലായി കഴിക്കുന്നതാണുത്തമം. സൂപ്പ്, മരുന്നുകഞ്ഞി എന്നിവ വൈദ്യ നിർദേശപ്രകാരം തയാറാക്കി കഴിക്കാം. ഇവ വാങ്ങാനും കിട്ടും. ഒരു വർഷത്തേക്കു ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള സമയമാണ് കർക്കടകം. അത‍ിനാൽ അതിനുള്ള കരുതലുകൾ നടത്താം. കഴിവുള്ളവർക്ക് ഒരാഴ്ചയെങ്കിലും ഉഴിച്ചിൽ, പിഴിച്ചിൽ, ഞവരക്കിഴി, വസ്തി തുടങ്ങിയ ആയുർവേദ ചികിൽസകൾ ചെയ്യാം.

വൃത്തിയും വെടിപ്പും

വീടിനുള്ളിൽ നനഞ്ഞ തുണികൾ കൂട്ടിയിടുകയോ തോരാനിടുകയോ ചെയ്യരുത്. അഴുക്കായ പാത്രങ്ങൾ കൂട്ടിയിടാതെ കഴ‍ുകി വൃത്തിയാക്കി റാക്കിനുള്ളിൽ സൂക്ഷിച്ചു വയ്ക്കുക. വീടിനുള്ളിലെ പൊടിയും അഴുക്കും തൂത്തു വൃത്തിയാക്കിയിടാം. പാറ്റ, പല്ലി, ചിലന്തി തുടങ്ങിയ ചെറുപ്രാണികൾ വീടിനുള്ളിൽത്തന്നെ തങ്ങുന്ന കാലമാണ്. ഇവയെയും രോഗാണുക്കളെയും അകറ്റാൻ വീടും പരിസരവും വൃത്തിയാക്കണം. വെള്ളം കെട്ടിനിൽക്കാന്‍ അനുവദിക്കരുത്. വീടിനുള്ളിൽ വായു ശുദ്ധീകരണം നടത്താം.

വീടിനകത്തും പുറത്തും പുക നൽകുന്നതു നല്ലതാണ്. കുന്തിരിക്കം, ഗുൽഗുലു, അഷ്ടഗന്ധം, ചന്ദനത്തിരികൾ എന്നിവ ഉപയോഗിച്ചു സന്ധ്യയ്ക്കും പുലർച്ചെയും പുകയ്ക്കുന്നതു നല്ലതാണ്.

ജാഗ്രത

ഹൃദ്രോഗം, പ്രമേഹം, രക്ത സമ്മർദം തുടങ്ങിയവയുള്ളവർ കൃത്യമായ വൈദ്യപരിശോധന നടത്തണം. ശരീര സുഖമുള്ള മാസമായതിനാൽ ഈ രോഗങ്ങളെല്ലാം കുറഞ്ഞതായി തോന്നും. പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. രോഗം കുറഞ്ഞെന്നു കരുതി ചികിൽസയും മരുന്നും മുടക്കാൻ സാധ്യത കൂടുകയും ചെയ്യും. ഇത് അപകടമാണ്.

വീട്ടിലുണ്ടാക്കാം മരുന്നുകഞ്ഞി

കുറുന്തോട്ടി, കരിങ്കുറിഞ്ഞി, ദേവതാരം ഇവ 50 ഗ്രാം വീതമെടുത്തു ചതയ്ക്കുക. നാലു ലീറ്ററിൽ കഷായംവച്ച് രണ്ടു ലീറ്ററായി പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത കഷായത്തിൽ 60 ഗ്രാം ഞവര അരി വേവിക്കുക. ആവശ്യമുള്ളവർക്കു ഗോതമ്പും എള്ളും കൂടി ചേർക്കാം. അങ്ങനെയാണെങ്കിൽ 30 ഗ്രാം ‍ഞവര അരിയും 15 ഗ്രാം വീതം എള്ളും ഗോതമ്പും ചേർക്കാം. അസ്ഥി തേയ്മാനം ഉള്ളവർക്ക് എള്ളും പ്രമേഹം ഉള്ളവർക്ക‍ു ഗോതമ്പും ചേർക്കുന്നത് ഉത്തമമാണ്.

കഞ്ഞി വേവുന്നതോടെ അതിൽ ആട്ടിൻപാലോ പശുവിൻപാലോ അല്ലെങ്കിൽ രണ്ടും കൂടി സമമായോ ചേർക്കാം. ഇതു വീണ്ടും തിളപ്പിക്കണം. ഇതിൽ അരവു മരുന്നുകള്‍ ചേർക്കണം.

(ജീരകം, കരിം ജീരകം, മഞ്ഞൾ, ശതകുപ്പ, ഉലുവ, അയമോദകം, ആശാളി, കക്കുംകായ, കടുക്, കുരുമുളക്, നാളികേരം ച‍ിരകി വറുത്തത്, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇന്തുപ്പ് തുടങ്ങിയവയാണ് അരവു മരുന്നുകൾ). അരവു മരുന്നുകൾ പാകത്തിന് അരച്ചു കഞ്ഞിയിലിട്ടു വീണ്ടും തിളപ്പിക്കുക. ചെറിയ ഉള്ളി നെയ്യിലോ വെളിച്ചെണ്ണയിലോ മൂപ്പിച്ചു തയാറാക്കിയ കഞ്ഞി വറവിടുക. സാധാരണയായി രാവിലെ പത്തിനും വൈകിട്ട് ഏഴിനും കഴിക്കാം.

oushadha-kanji

പഥ്യം : പച്ചവെള്ളം, വളരെ കട്ടിയുള്ള ആഹാരങ്ങൾ കഴിക്കരുത്. വെയിൽ കൊള്ളുക, കാറ്റുകൊള്ളുക, ആയാസമുള്ള ജോലി ചെയ്യുക തുടങ്ങിയവ ചെയ്താൽ ഫലം കുറയും. അസിഡിറ്റി, മൂലക്കുരു ഉള്ളവരും വൈദ്യ നിർദേശപ്രകാരം മാത്രം മരുന്നുകഞ്ഞി കുടിക്കണം. പകൽ കിടന്നുറങ്ങരുത്. മരുന്നു കഞ്ഞി 21 അല്ലെങ്കിൽ 28 ദ‍ിവസം കഴിക്ക‍ുക.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. കെ.ടി. വിനോദ് കൃഷ്ണൻ (അമിയ ആയുർവേദ നഴ്സിങ് ഹോം)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.