പല്ലിന്റെ പുളിപ്പ് അകറ്റാൻ

പ്ലലിനു ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പേഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്. ആയുർവേദത്തിൽ ദന്തരോഗങ്ങൾ സാധാരണയായി 17 തരം ആണ്. അതിൽ പല്ലു പുളിക്കൽ ശീതദന്തം എന്നാണ് അറിയപ്പെടുന്നത്. വാതം കോപിച്ച്, പല്ലുകൾക്കു ചൂട് തട്ടിയാല്‍ സുഖവും തണുപ്പടിച്ചാൽ അസഹ്യതയും ഉണ്ടാകുന്ന അവസ്ഥയാണിത്. സൂചി കുത്തുന്നതു പോലുളള വേദനയും ഒപ്പം വരാം.

പല്ലുകൾക്ക് പുളി, തണുപ്പ് എന്നിവ സഹിക്കാനാകാതെ വരുന്നു. പല്ലു പുളിപ്പിന് ആയുർവേദം നിരവധി ചികിത്സകൾ നിർദേശിക്കുന്നുണ്ട്. ചൂടുവെളളം കൊണ്ട് പല്ല് വിയർപ്പിക്കുക. പല്ലിന്റെ ചുവടുഭാഗം കൈകൊണ്ടു നന്നായി തിരുമ്മിയശേഷം നല്ലെണ്ണ ചൂടാക്കി (ചെറിയ ചൂടു മതി) തിരി മുക്കി ആ തിരിയിൽ നിന്നു വീഴുന്ന എണ്ണ പല്ലിന്റെ ഊനിൽ (മോണയിൽ) വീഴ്ത്തുക.

നല്ലെണ്ണ ചെറുതായി ചൂടാക്കി വായിൽ കവിൾകൊണ്ടു തുപ്പുക. ഞാഴൽ പൂവ്, ഞാവൽ കുരുന്ന്, മാതളത്തോട്, ത്രിഫലത്തോട്, ചുക്ക്, ഇന്തുപ്പ്, മുത്തങ്ങ ഇത്രയും മരുന്നുകൾ നന്നായി പൊടിച്ച് തേനും നെയ്യും ചേർത്ത് പല്ലിന്റെ ഊനിൽ പുരട്ടുക. 20 മിനിട്ടു കഴിയുമ്പോൾ ചെറു ചൂടുവെള്ളം വായിലൊഴിച്ച് കവിൾ കൊള്ളുക. ശേഷം തുപ്പിക്കളയുക. നാല്‍പാമരത്തൊലി നന്നായി പൊടിച്ച് കഷായമാക്കി വായിൽ കവിൾ കൊള്ളുക.

ഡോ. എം.എൻ. ശശിധരൻ, അപ്പാവു വൈദ്യൻ ആയുർവേദ മെഡിക്കൽസ് ആൻഡ് നഴ്സിങ് ഹോം, കോട്ടയം