Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊണ്ണത്തടിയനെന്ന വിളി കേട്ടു മടുത്തു; നാലു മാസം കൊണ്ട് 30 കിലോ കുറച്ചു

weight-loss-tips Image Courtesy : Social Media

ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും പൊണ്ണത്തടിയുടെ കാരണക്കാരന്‍. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഹിരണ്‍ യോഗേഷ് ഷാ എന്ന 27 കാരന്റെ അമിതവണ്ണത്തിന്റെ കാരണവും ഇതായിരുന്നു. ജോലിയുടെ ടെന്‍ഷനും ക്രമമല്ലാത്ത ഭക്ഷണശീലങ്ങളും ഹിരണിന്റെ ഭാരം 115 കിലോയില്‍ എത്തിച്ചിരുന്നു. 

കൂട്ടുകാരും ബന്ധുക്കളും പൊണ്ണത്തടിയനെന്നു കളിയാക്കാന്‍ തുടങ്ങിയതോടെയാണ് ഹിരണ്‍ തന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. പുറത്തുനിന്ന് ആഹാരം കഴിക്കുന്നതാണ് ഭാരം വര്‍ധിക്കാന്‍ കാരണമെന്ന് മനസ്സിലായി. സിഎയ്ക്ക് പഠിക്കുന്ന സമയത്താണ് ഭാരം കൂടാൻ തുടങ്ങിയതെന്നു ഹിരണ്‍ പറയുന്നു. രാത്രി ഉറങ്ങാതിരുന്നു പഠിക്കുന്നതും പുറത്തു നിന്നുള്ള ഭക്ഷണവുമെല്ലാം കൂടി ജീവിതശൈലി തന്നെ മാറ്റിയിരുന്നു.

2018 ജൂണിലാണ് എങ്ങനെയെങ്കിലും ഭാരം കുറയ്ക്കണമെന്ന് ഹിരണ്‍ തീരുമാനിച്ചത്. ആദ്യം ചെയ്തത്, പുറത്തുനിന്നു കഴിക്കുന്നതു നിർത്തി വീട്ടിലെ ഭക്ഷണം ശീലമാക്കി എന്നതാണ്. ഹിരണിന്റെ ആഹാരശീലങ്ങള്‍ ഇങ്ങനെയായിരുന്നു.

പ്രാതല്‍ - ഒരു കപ്പ്‌ പഴങ്ങള്‍, ഓട്സ്, അൽപം പാല്‍ 

ഉച്ചയ്ക്ക് - പലതരം പച്ചക്കറികള്‍ ചേര്‍ത്താണ് എപ്പോഴും ഉച്ചയ്ക്കുള്ള ആഹാരം തയാറാക്കിയിരുന്നത്. പനീര്‍, ഓട്സ് എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തി. സാധാരണ റൊട്ടിക്ക് പകരം വീറ്റ്‌ ബ്രൗൺ റൊട്ടി ആക്കി. സാലഡ് കൂടുതല്‍ ഉള്‍പ്പെടുത്തി.

അത്താഴം - വൈകിട്ട് ഏഴിനു മുൻപായി രാത്രി ആഹാരം കഴിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സാലഡ്, ഓട്സ്, പനീര്‍, സൂപ്പ് എന്നിവയായിരുന്നു മിക്കപ്പോഴും രാത്രിയിലെ ആഹാരം.

ഇടയ്ക്കൊരു ചെറിയ അപകടം സംഭവിച്ചതിനാല്‍ ജിമ്മിലെ വര്‍ക്ക്‌ ഔട്ട്‌ ഹിരണ്‍ ഒഴിവാക്കിയിരുന്നു. പകരം 45 മിനിറ്റ് ദിവസവും നടക്കാന്‍ ശ്രമിച്ചു. ശരീരത്തിൽ ഫാറ്റ് അടിയുന്നത് കുറഞ്ഞതോടെ വണ്ണം കുറയാന്‍ തുടങ്ങിയതായി ഹിരണ്‍ പറയുന്നു. മധുരം, മൈദ എന്നിവ പൂര്‍ണമായും ഒഴിവാക്കി. നാലു മാസം കൊണ്ട് 30 കിലോയാണ് ഹിരണ്‍ കുറച്ചത്. ഇതുകൊണ്ട് നിർത്തില്ലെന്നും ഇനിയും ചിട്ടയായിത്തന്നെയാണ് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഹിരണ്‍ ആത്മവിശ്വാസത്തോടെ പറയുന്നു. 

Read More : Fitness Magazine