Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരാഴ്ച കൊണ്ട് വയർ കുറയ്ക്കാൻ പച്ചച്ചീര സഹായിക്കും

spinach

പച്ചക്കറികളിൽ ജീവകങ്ങളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ധാരാളം ഉണ്ടെന്നും അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും എല്ലാവർക്കും അറിയാം. ഇതു കൂടാതെ ഇവയിൽ കാലറിയും കാർബോഹൈഡ്രേറ്റും കുറവും എന്നാൽ നാരുകൾ ധാരാളം അടങ്ങിയതുമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണരീതികളിൽ ഏറ്റവും മികച്ച ചോയ്സ് ആണ് പച്ചക്കറികൾ. പോഷകങ്ങൾ നിറഞ്ഞതും ആരോഗ്യകരവുമായ ഒരു ഭക്ഷണം ഏതെന്നു ചോദിച്ചാൽ ഇലക്കറികൾ എന്നാവും ഉത്തരം. പച്ചച്ചീര (spinach)യിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, പോഷകങ്ങൾ ഫോളേറ്റ്, അയൺ, മഗ്നീഷ്യം, കാൽസ്യം, നാരുകൾ ഇവയുണ്ട്. 

അമിതഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കാലറി കൂടിയ പാനീയങ്ങൾക്കു പകരം ദിവസവും ഒരു കപ്പ് പച്ചച്ചീരയുടെ ജ്യൂസ് കുടിച്ചു നോക്കൂ. അത് നിങ്ങളുടെ ശരീരത്തിലെത്തുന്ന കാലറി കുറച്ച് വയറു കുറയ്ക്കാൻ സഹായിക്കും. 

ശരീരഭാരം കുറയ്ക്കുന്നതു കൂടാതെ നിരവധി ആരോഗ്യഗുണങ്ങളും പച്ചച്ചീരയ്ക്കുണ്ട്. ഒരു സൂപ്പർഫുഡ് ആയ പച്ചച്ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന് സംരക്ഷണമേകും, ഡിഎൻഎയ്ക്കുണ്ടാകുന്ന നാശം തടയും. അർബുദ സാധ്യത കുറയ്ക്കും, പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും. 

എല്ലുകൾക്ക് ആരോഗ്യമേകും. തിമിരം, മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണമേകും. നാരുകൾ ധാരാളമടങ്ങിയ പച്ചച്ചീര ദഹനത്തിനു സഹായിക്കും. മലബന്ധം അകറ്റും. കൂടാതെ മറ്റ് ദഹനപ്രശ്നങ്ങൾക്കും പരിഹാരമേകും. തലമുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും പച്ചച്ചീര നല്ലതാണ്. 

പച്ചച്ചീര കാലറി കുറഞ്ഞ പച്ചക്കറിയായതിനാൽ ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ഭക്ഷ്യ നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. കൂടാതെ പച്ചച്ചീരയിൽ തൈലകോയ്ഡ്സ് (thylakoids) എന്ന ഒരു ബയോ കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പും ശരീരഭാരവും കുറയ്ക്കും. 

തൈലകോയ്ഡ് ധാരാളം അടങ്ങിയ പച്ചച്ചീരസത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ഇത് വഴി ഭാരം കുറയുകയും ചെയ്യും. പച്ചച്ചീരയിലെ തൈലകോയ്ഡുകൾ ഹോർമോണുകളായ glucagon like peptide-1 (GLP-1) ന്റെ അളവ് കൂട്ടുന്നു. ഇത് വിശപ്പുണ്ടാക്കുന്ന ഹോർമോൺ ആയ ഘ്രെലിന്റെ (ghrelin) അളവ് കുറയ്ക്കുകയും വിശപ്പ് കുറയുകയും ചെയ്യും. അതുകൊണ്ടു തന്നെ ഭക്ഷണത്തിനു മുമ്പ് പച്ചച്ചീരയുടെ ജ്യൂസ് കുടിക്കുന്നത് കാലറി കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

അരകപ്പ് പച്ചച്ചീരയിൽ ഒരു കഷണം ഇഞ്ചി, ഒരു നാരങ്ങയുടെ നീര്, വേണമെങ്കിൽ ഒരു പച്ച ആപ്പിൾ, ഇവ ചേർത്ത് അരച്ച് ജ്യൂസ് തയാറാക്കാം. 

പച്ചച്ചീരകൊണ്ട് നിരവധി വിഭവങ്ങളും തയാറാക്കാം. വൃക്ക രോഗം ഉള്ളവരും warfarin പോലുള്ള ബ്ലഡ് തിന്നേഴ്സ് ഉപയോഗിക്കുന്നവരും ചീര ഒഴിവാക്കണം.