ഹൃദയത്തെ സുഖപ്പെടുത്താൻ ബയോസ്പ്രേ

ഹൃദയത്തിലെ മുറിവുണക്കാൻ  സഹായിക്കുന്ന ഒരു സ്പ്രേ ഗവേഷകർ വികസിപ്പിച്ചു. ജൈവ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഇത്, തുന്നിച്ചേർക്കലുകളോ ഒട്ടിക്കലോ ഒന്നും ഇല്ലാതെ ഹൃദയ മുറിവുകളെ സുഖപ്പെടുത്തുന്നു..

യു എസിലെ നോർത്ത് കരോലിന സർവകലാശാലയിലെ ഗവേഷകരാണ് ഈ സ്പ്രേ വികസിപ്പിച്ചത്. ഹൃദയാഘാതം സംഭവിച്ച എലിയിൽ കേടുവന്ന ഹൃദയ കോശങ്ങളുടെ കേടുപാട് ഇതു തീർത്തു.

ഹൃദയത്തിലേക്ക് സ്പ്രേ ചെയ്യുന്ന ജൈവപദാർത്ഥങ്ങൾ കാർഡിയാക് പാച്ച് എന്നു വിളിക്കുന്ന ഒരു പ്ലെറ്റ്‌ലെറ്റ് ഫൈബ്രിൻ ജെൽ ആയി മാറുന്നു. ഇത് തുന്നിക്കെട്ടലുകളില്ലാതെ തന്നെ ഹൃദയത്തെ സുഖപ്പെടുത്തുന്നു.

1990 കളിൽ ടിഷ്യു എൻജിനിയറിങ് വികാസം പ്രാപിച്ചതിന്റെ ഉത്തമോദാഹരണമാണ് സ്പ്രേ പെയിന്റിങ് രീതി എന്നും ക്ലിനിക്കുകളിലും മറ്റും ഇത് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും എന്നും നെതർ ലാൻഡ്സിലെ റാഡ്ബൗഡ് സർവകലാശാല മെഡിക്കൽ സെന്ററിലെ ജോൺ എ ജാൻസൺ പറയുന്നു. ടിഷ്യു എൻജിനിയറിങ്ങ് പാർട്ട് സി എന്ന ജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.