നിൽക്കാനാകാതെ തളർന്നു വീഴുന്ന കുഞ്ഞ്; തലയിൽ കടിച്ചുപിടിച്ച് ‘കാരണക്കാരൻ’

കുഞ്ഞ് ഈവ്‌ലിനെ കണ്ടു കഴിഞ്ഞാൽ ആരോഗ്യപരമായി യാതൊരു പ്രശ്നവുമില്ല. അമേരിക്കയിലെ ഒറിഗോണിലാണു താമസം. ഏതാനും ദിവസമായി എന്തോ ഒരു പ്രശ്നം മകളെ അലട്ടുന്നുണ്ടെന്ന് അമ്മ അമാൻഡയ്ക്കു തോന്നി. ഇടയ്ക്കിടെ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നു ആ കുരുന്ന്. പനിയോ ചുമയോ ഒന്നുമില്ല. പക്ഷേ കുറച്ച് നേരം നിൽക്കുമ്പോഴേക്കും ക്ഷീണിച്ച് ഇരുന്നു പോകുന്നു. കൈ ഉയർത്താൻ ബുദ്ധിമുട്ട്, തളർച്ച അങ്ങനെ പല പ്രശ്നങ്ങൾ. ഇക്കാര്യം ഭർത്താവ് ലാൻസ് ലൂയിസിനോടു പറയുകയും ചെയ്തു. 

ലാൻസിന്റെ കുടുംബത്തിലെ ചിലർക്ക് കാൻസറുണ്ടായിരുന്നതിനാൽ ആ വഴിക്കായി ദമ്പതികളുടെ ചിന്ത. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ഈവ്‌ലിന് വല്ലാത്ത ബുദ്ധിമുട്ട്. എങ്കിലും ഒരുവിധം കുളിപ്പിച്ച് വസ്ത്രങ്ങൾ ധരിപ്പിച്ചു. അങ്ങനെയിരിക്കെയാണ് എണീറ്റു നിൽക്കാൻ ശ്രമിക്കും തോറും മകൾ തളർന്നുവീഴുന്ന കാഴ്ച അച്ഛനും അമ്മയും കാണുന്നത്. അച്ഛൻ കൈ കൊടുത്തിട്ടും എണീക്കാൻ വല്ലാത്ത ബുദ്ധിമുട്ട്. ഒരു സെക്കൻഡു പോലും രണ്ടുകാലിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ. പിന്നീടൊന്നും ആലോചിച്ചില്ല കുഞ്ഞുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു അവർ. നിൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം കാലുകൾ തളർന്നെന്ന പോലെ ഈവ്‌ലിൻ വീഴുന്നതിന്റെ വിഡിയോയും ഡോക്ടറെ കാണിക്കാനായി കൂടെ കരുതിയിരുന്നു. 

തങ്ങളുടെ മനസ്സിലെ സകല പേടികളും ഡോക്ടറോട് തുറന്നു പറഞ്ഞു. എല്ലാം ശ്രദ്ധിച്ച് കേട്ട് കൂടുതൽ ടെസ്റ്റുകൾക്കു പോകും മുൻപേ ഈവ്‌ലിന്റെ ശരീരമാകെ സൂക്ഷ്മമായി പരിശോധിക്കാൻ അമാൻഡയോട് ഡോക്ടർ നിർദേശിച്ചു. ആ പരിശോധനയിലാണ് ഈവ്‌ലിന്റെ സ്വർണത്തലമുടിയിഴകൾക്കു താഴെ തലയോട്ടിയോട് ചേർന്ന് കടിച്ചു പിടിച്ച് ഒളിച്ചിരിക്കുന്ന നിലയിൽ ആ കുഞ്ഞുപ്രാണിയെ കണ്ടെത്തുന്നത്. ഈവ്‌ലിന്റെ തലയിലെ ചോര കുടിച്ച് ചീർത്തിരിക്കുകയായിരുന്നു അത്. ഡോക്ടറുടെ പരിശോധനയിൽ ‘നായ്ച്ചെള്ള്’ ആണ് അതെന്ന് കണ്ടെത്തി. ഡോക്ടറും അതു പ്രതീക്ഷിച്ചതാണ്. 15 വർഷത്തെ ജോലിക്കിടയിൽ ഈവ്‌ലിനുണ്ടായിരുന്ന അതേ പ്രശ്നങ്ങളുമായി പത്തോളം കുട്ടികൾ ഡോക്ടർക്ക് മുന്നിലെത്തിയിരുന്നു. അതുകാരണമാണ് മറ്റ് പരിശോധനകൾക്കു മുൻപ് ചെള്ളിനു വേണ്ടിയുള്ള തിരച്ചിൽ നടത്തിയത്. 

എന്തായാലും ഈവ്‌ലിൻകുട്ടിയെ കടിച്ചത് അത്ര ‘ഭീകരനായ’ ചെള്ള് ആയിരുന്നില്ല. പക്ഷേ നായ്ച്ചെള്ളിന്റെ തന്നെ വിഭാഗത്തിൽപ്പെട്ട ‘മാൻചെള്ള്’ കടിച്ചാൽ മരണം വരെ സംഭവിക്കാം. മൂന്നു വർഷം മുൻപ് വയനാട്ടിൽ 53 വയസ്സുകാരി മരിച്ചത് മാൻചെള്ള് കടിയേറ്റുണ്ടായ ‘ലൈം ഡിസീസ്’ ബാധിച്ചായിരുന്നു. കാടിനോട് ചേർന്നു താമസിക്കുന്നവരും തോട്ടംതൊഴിലാളികളുമാണ് ഈ ചെള്ളിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത്. ഇത്തരം ചെള്ളുകളിൽ നിന്നുണ്ടാകുന്ന ‘ബാക്ടീരിയൽ അണുബാധ’ ശരീരത്തിലെ അവയവങ്ങളെയും പേശികളെയും ഹൃദയത്തെയും സന്ധികളെയും നാഡീവ്യൂഹത്തെയും വരെ തളർത്താന്‍ ശേഷിയുള്ളവയാണ്. ഈ ബാക്ടീരിയ ബാധിച്ച ചെള്ളുകളുടെ കടിയേറ്റാലാണ് പ്രശ്നമാകുക. 

മനുഷ്യരുടെയും മൃഗങ്ങളുടെയും ചോര കുടിച്ചു ജീവിക്കുന്ന മാൻചെള്ളുകൾ കടിക്കുന്നത് തിരിച്ചറിയാൻ വഴിയൊന്നുമില്ല. ദിവസങ്ങളോളമിരുന്ന് ചോര കുടിച്ച് ആരുമറിയാതെ വിട്ടുപോരാനുള്ള ഇവയുടെ കഴിവ് അപാരമാണ്. പിന്നീടായിരിക്കും കടിയേറ്റ ഭാഗത്തിനു ചുറ്റും വൃത്താകൃതിയിൽ ചുവപ്പോ പിങ്കോ നിറത്തിൽ അടയാളമുണ്ടാകുക. എത്രനേരം ഇവ കടിച്ചുപിടിച്ചിരുന്നോ അതിനനുസരിച്ചായിരിക്കും അണുബാധയുടെ തീവ്രതയും. അതുപ്രകാരം കടിയേറ്റ് മൂന്നു മുതൽ 30 ദിവസത്തിനകം വരെയേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടൂ. പേശികളിലെ വേദന, ക്ഷീണം, സന്ധിവേദന, തലവേദന തുടങ്ങി പനിയുടേതിനു സമാനമായ ലക്ഷണങ്ങളായിരിക്കും തുടക്കത്തിലുണ്ടാകുക. 

ചികിത്സിക്കാതിരുന്നാൽ പേശികൾ തളർന്ന് മുഖം കോടും. അവയവങ്ങൾ അനക്കാന്‍ സാധിക്കാതെയാകും വിധം പേശികൾക്കും അണുബാധയേൽക്കും. കടിയേറ്റ് വർഷങ്ങൾക്കു ശേഷം വരെ ഇതിന്റെ പ്രത്യാഘാതമുണ്ടാകുമെന്നതാണ് പ്രത്യേകത. കടിയേൽക്കുകയോ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തുകയോ ചെയ്താല്‍ കൃത്യസമയത്തു തന്നെ ചികിത്സ തേടുകയെന്നതാണ് മുഖ്യം. ഗായികയും നടിയുമായ എവ്റിൽ ലവീനിനെപ്പോലുള്ള സെലിബ്രിറ്റികളും നേരത്തേ ‘ലൈം ഡിസീസ്’ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

കൊച്ചുകുട്ടികളുള്ളവർ  ഈ ചെള്ളുകളുടെ കാര്യത്തിൽ മുൻകരുതലെടുക്കണമെന്നും ഡോക്ടർമാർ പറയുന്നു. തുടർന്നാണ് തന്റെ സുഹൃത്തുക്കൾക്കായി മുന്നറിയിപ്പെന്ന നിലയിൽ വിഡിയോ സഹിതം ഈവ്‌ലിനുണ്ടായ അവസ്ഥ അമാൻഡ വിവരിച്ചത്. ആ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. കുട്ടികൾക്ക് അകാരണമായി തളർച്ച നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണമെന്നും അമാൻഡ മുന്നറിയിപ്പു നൽകുന്നു. കുഞ്ഞ് ഈവ്‌ലിൻ ഇപ്പോൾ സുഖമായിരിക്കുന്നു.