ആരോഗ്യം വേണോ? എങ്കിൽ ബീഫ് കഴിച്ചോളൂ

മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. 

ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും. കേരളത്തിൽ പയർവർഗങ്ങൾ വേണ്ടത്ര ലഭ്യമല്ല. ഉള്ളവയ്ക്കുതന്നെ വിലക്കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തുന്നതും കുറയുന്നു. അപ്പോൾ, പ്രോട്ടീനിനായി കാര്യമായി ആശ്രയിക്കാവുന്നതു മൽസ്യവും മാംസവും തന്നെ. 

ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും മാംസത്തിൽ ബീഫ്, ആട്, കോഴി എന്നിവയാണു പ്രധാനമായും ലഭ്യമാകുന്നത്. ഇക്കൂട്ടത്തിൽ ഇന്ത്യയൊട്ടാകെ സുലഭമായതും വിലക്കുറവുള്ളതും ബീഫാണ്. കേരളത്തിലാണെങ്കില്‍ ആട്ടിറച്ചിയെക്കാളും കോഴിയിറച്ചിയെക്കാളും വിറ്റഴിയുന്നതും ബീഫാണ്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യശരീരത്തിന് അത്യാവശ്യമായി വേണ്ട പ്രോട്ടീനിന്റെ ലഭ്യമായ പ്രധാന സ്രോതസ്സാണു ബീഫ് കിട്ടാതാകുന്നതോടെ ഇല്ലാതാകുന്നത്. 

കേരളത്തിൽ പൊതുവെ പ്രോട്ടീൻ ശരീരത്തിലെത്തുന്നതു കുറവാണ്. കാരണം, ചോറാണു നമ്മുടെ പ്രധാന ഭക്ഷണം. അന്നജമാണു ചോറിൽ പ്രധാനം. അന്നജം വലിയ അളവിൽ പെട്ടെന്നു ശരീരത്തിലെത്തുന്നതോടെ ആവശ്യമുള്ളതു മാത്രം ദൈനംദിന പ്രവർത്തനങ്ങൾക്കായി എടുക്കുകയും ബാക്കി കൊഴുപ്പായി അടിയുകയും ചെയ്യുന്നു. ഇതു ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പല്ല. അതിന്റെഫലമായാണ് അമിതവണ്ണവും കുടവയറുമൊക്കെ ഉണ്ടാകുന്നത്. കാർബോഹൈഡ്രേറ്റ് കുറയ്ക്കുകയും പ്രോട്ടീൻ കൂട്ടുകയും തന്നെയാണ് ഈ സാഹചര്യത്തിൽ ആരോഗ്യപരിരക്ഷയ്ക്കായി ചെയ്യേണ്ടത്. പ്രോട്ടീനിന്റെ കലവറയായ ബീഫ് കിട്ടാതാകുന്നത് ഈ അവസരത്തിൽ ദോഷഫലമേ ഉണ്ടാക്കൂ. ബീഫ് അടക്കമുള്ള റെഡ് മീറ്റിലെ കൊഴുപ്പ് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു പറയുന്നത് അമിതമായി ഉപയോഗിക്കുമ്പോഴാണു ബാധകമാകുന്നത്. അതുപോലെ, കൂടുതൽ എണ്ണയിൽ വറുക്കുകയും പൊരിക്കുകയും ചെയ്യുമ്പോഴും.  കൊഴുപ്പിനെക്കാൾ കൂടുതൽ ബീഫിലുള്ളതു പ്രോട്ടീനാണെന്നുമോർക്കണം. 

തൊഴിലാളികൾ അടക്കം ശാരീരികാധ്വാനം കൂടുതലായി ചെയ്യുന്നവരും ബീഫാണു മാംസത്തിന്റെ കൂട്ടത്തിൽ കൂടുതൽ കഴിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ അങ്ങനെതന്നെയാണ്. ബീഫ് കിട്ടാതാകുന്നതോടെ പ്രോട്ടീൻ വേണ്ടത്ര ലഭ്യമല്ലാതെ പേശികൾക്കു ബലം കുറയുകയും അതു ജോലിക്കു തടസ്സമാവുകയും ചെയ്യും. 

ഒരു ഭക്ഷ്യവസ്തു ഇല്ലാതാകുന്നതിന്റെ കുറവു പരിഹരിക്കാൻ പലരും ചോറു കൂടുതൽ കഴിക്കാൻ തുടങ്ങും.  അതോടെ കൊഴുപ്പു കൂടുതൽ ശരീരത്തിലെത്തി ആരോഗ്യം ക്ഷയിക്കും. വൈറ്റമിനുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നായ ബി12 ലഭിക്കുന്നതു മാംസത്തിൽനിന്നു മാത്രമാണ്. 

കേരളത്തിൽ പൊതുവെ ജീവിതശൈലീരോഗങ്ങൾ കൂടുതലാണ്. പൊണ്ണത്തടിയും അമിതഭാരവും വഴി ഹൃദയസംബന്ധമായവ അടക്കമുള്ള രോഗങ്ങൾക്കു പലരും അടിമകളാകുന്നതും നമ്മൾ കാണുന്നു. ഈ സാഹചര്യത്തിൽ ഉള്ള പ്രോട്ടീൻ സ്രോതസ്സു കൂടി ഇല്ലാതാകുന്നതു ജനത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നുറപ്പ്.