പിറന്നു വീണയുടൻ കുഞ്ഞ് നടന്നതിനു പിന്നിൽ?

പിറന്നു വിണയുടൻ കുഞ്ഞ് നടക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 7.2 കോടി പ്രവശ്യം കണ്ടു കഴിഞ്ഞ വിഡിയോ 16 ലക്ഷം തവണ ഷെയർ ചെയ്യപ്പെട്ടു. മൂന്നര ലക്ഷത്തോളം പ്രതികരണങ്ങളും ആ വിഡിയോയ്ക്കു ലഭിച്ചു. കുളിപ്പിക്കാനായി കിടത്താൻ ശ്രമിക്കുമ്പോൾ പെൺകുഞ്ഞു കുതറി എഴുന്നേൽക്കുന്നതും നഴ്സിന്റെ കയ്യിൽ തൂങ്ങി നടക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിൽ. തെക്കൻ ബ്രസീലിലെ സാന്റക്രൂസ് ആശുപത്രിയിലെ രംഗങ്ങൾ ജീവനക്കാർ ചിത്രീകരിക്കുകയായിരുന്നു.

എന്നാൽ ഈ കുഞ്ഞിന്റെ നടത്തത്തിൽ അസാധാരണമായ ഒന്നും തന്നെയില്ലെന്നും എല്ലാ നവജാതശിശുക്കളിലും കാണപ്പെടുന്ന ആദിയായ ഒരു  സ്വാഭാവികമായ ശാരീരികപ്രതികരണം മാത്രമാണിതെന്നും ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻ ഡോ. ജെ. സജികുമാർ പറയുന്നു. ഇത് വാക്കിങ് റിഫ്ലെക്സ് അല്ലെങ്കിൽ സ്റ്റെപ്പിംഗ് റിഫ്ലക്സ്‌ എന്ന് അറിയപ്പെടുന്നു. അത് മനോഹരമായി ആ നഴ്സ് കാണിച്ചു തരുന്നുവെന്നു മാത്രം. 

ഈ പ്രതികരണം എല്ലാ കുഞ്ഞുങ്ങൾക്കും അവരുടെ ജനനസമയത്തുണ്ട്. നാഡീ സംബന്ധിയായതോ  അല്ലെങ്കിൽ  ജനിതക രോഗങ്ങളോ ഉണ്ടെങ്കിൽ മാത്രമേ ഇത് കാണാതെ വരികയുള്ളൂ. കുഞ്ഞുങ്ങൾക്ക് അവരുടെ ഭാരം താങ്ങാൻ ശേഷിയില്ലാത്തതിനാൽ ഒരാൾ താങ്ങി നിർത്തണമെന്നു മാത്രം.

നവജാത ശിശുക്കളുടെ പാദത്തിന്റെ അടിത്തട്ട് ഒരു പരന്ന പ്രതലത്തിൽ സ്പർശിക്കുമ്പോൾ അവർ ഒരു കാൽമുട്ടു  മറ്റൊന്നിനു മുന്നിൽ വച്ച് നടക്കാൻ ശ്രമിക്കും. ആറ് ആഴ്ച പ്രായമാകുമ്പോൾ ഈ പ്രതികരണം  അപ്രത്യക്ഷമാകും. കാലിലെ  പേശികളും ചലനങ്ങളും ശരിയായ രീതിയിൽ വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നതാണ് ഈ പ്രതികരണത്തിന്റെ ഉദ്ദേശം. നടക്കുന്നതിന്റെ സോഫ്റ്റ് വെയർ പ്രകൃതി എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കുന്നതിന്റെ ഒരു സൂചന.  ശരിയായ സമയത്തു  കുഞ്ഞ് നടക്കാൻ പഠിക്കുന്നത് എളുപ്പമാക്കാൻ ഈ സോഫ്റ്റ് വെയർ സഹായിക്കുമെന്നും ഡോ. സജികുമാർ പറഞ്ഞു.