അമിത മദ്യപാനം മറവിരോഗത്തിനു കാരണമാകും

അമിത മദ്യപാനികൾ അറിയാൻ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി രോഗങ്ങളാണ്. എത്ര മദ്യം ഉപയോഗിക്കുന്നുവോ അത്രയും വേഗം കോശങ്ങള്‍ പ്രായമാകുകയും അനുബന്ധരോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, അർബുദം, മറവിരോഗം ഇവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും പഠനം. ജപ്പാനിലെ കോബെ യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് മെഡിസിനിലെ നാരുഹിസയാമകിയും സംഘവുമാണ് പഠനം നടത്തിയത്.

41 മുതൽ 85 വയസ്സുവരെ പ്രായമുള്ള ലഹരി ചികിത്സയ്ക്കു വിധേയരായ 255 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 134 പേർ മദ്യപാനികളും 121 പേർ മദ്യപാനികൾ അല്ലാത്തവരുമായിരുന്നു.

മദ്യപാനചരിത്രവും ശീലങ്ങളും മലസിലാക്കുകയും ഓരോരുത്തരുടെയും ഡി എൻ എ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

മദ്യപാനികൾക്ക് നീളം കുറഞ്ഞ ടെലിയോമിയർ ആണെന്നു കണ്ടു. മനുഷ്യന്റെ ക്രോമസോമിന്റെ അറ്റത്തുള്ള പ്രോട്ടീൻ ക്യാപ്പുകളാണ് ടെലിയോമിയറുകൾ. പ്രായമാകലിന്റെയും ആരോഗ്യത്തിന്റെയും സൂചകങ്ങളാണിവ.

ഓരോ തവണയും കോശങ്ങൾ റിപ്ലിക്കേറ്റ് ചെയ്യുമ്പോൾ ഒരു ചെറിയ കഷണം ടെലിയോമിയർ നഷ്ടപ്പെടുന്നു. അങ്ങനെ പ്രായമാകുന്തോറും അത് സ്വാഭാവികമായും നീളം കുറഞ്ഞു വരും. പ്രായമാകൽ കൂടാതെ മറ്റു കാരണങ്ങളാല്‍ ചിലരുടെ ടെലിയോമിയർ നീളം കുറഞ്ഞതാകും.

അമിത മദ്യപാനം ടെലിയോമിയർ ചെറുതാകാനും ബയോളജിക്കൽ ഏജിങ്ങിനും കാരണമാകുന്നു.

ടെലിയോമിയർ ചെറുതാകലിനും തയാമിന്റെ അഭാവവുമായും ബന്ധമുണ്ടെന്നും പഠനത്തിൽ കണ്ടു. തയാമിന്റെ അഭാവം, ന്യൂറോണുകളുടെ തകരാറിനു കാരണമാകും. കൂടാതെ ന്യൂറോണുകളുടെ നാശത്തിനും ഇത് കാരണമാകും.

യു എസ് എയിലെ ഡെൻവറിൽ നടന്ന റിസേർച്ച് സൊസൈറ്റി ഓൺ ആൽക്കഹോളിസത്തിന്റെ നാല്പതാമത് വാർഷിക സമ്മേളനത്തിൽ ഈ പഠനം അവതരിക്കപ്പെട്ടു.

Read more : ആരോഗ്യവാർത്തകൾ