ഇനി വേണ്ട കൃത്രിമ മധുരങ്ങൾ

അരവണ്ണം കൂടുന്നതിൽ ആശങ്കപ്പെടുന്നുവോ? കൃത്രിമ മധുരങ്ങളുടെ ഉപയോഗം കുറച്ചോളൂ. ശരീരഭാരം കൂടുന്നതിനും പൊണ്ണത്തടിക്കും കൃത്രിമ മധുരോപയോഗം കാരണമാകുമെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.

കൃത്രിമ മധുരങ്ങൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നവയാണ്. ഇത് പഞ്ചാസാരയുടേതു പോലെ മധുരം നൽകും. ഇവയിൽ ഊർജ്ജത്തിന്റെ അളവും കുറവാണ്. ഉപാപചയ പ്രവർത്തനം, വിശപ്പ്, വയറിലെ ബാക്ടീരിയകൾ ഇവയ്ക്ക് കൃത്രിമ മധുരങ്ങളും പോഷകങ്ങളില്ലാത്ത മധുരങ്ങളും ദോഷം ചെയ്യും.

അസ്പാർടേം, സൂക്രലോസ്, സ്റ്റെവിയ തുടങ്ങിയ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം ഇവ വരാൻ സാധ്യത കൂടുതലാണെന്ന് കാനഡയിലെ മാനിറ്റോബ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

നാലുലക്ഷം പേരെ പങ്കെടുപ്പിച്ച് ശരാശരി 10 കൊല്ലം 37 പഠനങ്ങൾ നടത്തി. തുടർന്ന് ഇവയിൽ നിന്ന് 7 പഠനങ്ങൾ തിരഞ്ഞെടുത്തു. .1003 പേർ ഉൾപ്പെട്ട ഈ പഠനങ്ങൾ ആറു മാസം നീണ്ടു നിന്നു. പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളും ബാധിച്ചവരുടെ എണ്ണം കൂടുന്നതിന് കൃത്രിമ മധുരങ്ങളുടെ ഉപയോഗവുമായി ബന്ധമുണ്ടെന്ന് പഠനത്തിൽ വ്യക്തമായി.

ശരീരഭാരം കുറയുന്നതിന് മധുരോപയോഗവുമായി ബന്ധമില്ല എന്നാൽ ശരീരഭാരം  കൂടുക, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശരീരഭാരം നിയന്ത്രിക്കുന്നതില്‍ കൃത്രിമ മധുരങ്ങൾ സഹായിക്കുന്നതേയില്ല എന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ തെളിഞ്ഞു.

Read more : Health News