മഞ്ഞൾ അർബുദം തടയും

മഞ്ഞളിന്റെ ഗുണങ്ങൾ അറിയാത്ത മലയാളി ഇല്ല. നമ്മുടെ കറിക്കൂട്ടും സൗന്ദര്യക്കൂട്ടും ആണത്. ഇതാ മഞ്ഞൾ ദിവസവും ഭക്ഷണത്തിൽ, പ്രത്യേകിച്ചും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഒരു കാരണം കൂടി.

കുട്ടികളിലുണ്ടാവുന്ന അർബുദത്തെ തടയാൻ മഞ്ഞളിന് ആവുമെന്നു പഠനം. മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നത്. കുർകുമിനെ അതിസൂക്ഷ്മ കണികകൾ ആക്കി മാറ്റുക വഴിയാണ് ഇത് സാധ്യമാകുന്നത്.

യു എസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിലെയും നെമോർസ് ചിൽഡ്രൻസ്  ഹോസ്പിറ്റലിലെയും ഗവേഷർ നടത്തിയ പഠനത്തിൽ, കുർകുമിൻ അടങ്ങിയ അതിസൂക്ഷ്മ കണികകൾ ന്യൂറോബ്ലാസ്റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കും എന്നു തെളിഞ്ഞു.

സാധാരണയായി അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അർബുദമാണ് ന്യൂറോബ്ലാസ്റ്റോമ. നാഡീകോശങ്ങളിൽ ആരംഭിച്ച് അഡ്രീനൽ ഗ്രന്ഥിയിലെ കലകളിലേക്കും തുടർന്ന് വൃക്കകളിലേക്കും ഇതു ബാധിക്കും. കേൾവി ശക്തി നഷ്ടപ്പെടുക, വളർച്ചയും ബുദ്ധിവികാസവും വൈകുക, മറ്റ് വൈകല്യങ്ങൾ മുതലായവയ്ക്കും ഈ അർബുദം കാരണമാകും. പലപ്പോഴും ന്യൂറോബ്ലാസ്റ്റോമയ്ക്ക് ചികിത്സ ഫലപ്രദമാകാറുമില്ല.

മഞ്ഞളിൽ അടങ്ങിയ കുർകുമിൻ ആകട്ടെ അര്‍ബുദത്തെ നശിപ്പിക്കാനുള്ള കഴിവ് ഉണ്ടെന്ന് തെളിഞ്ഞതാണ്. എങ്കിലും അതിന്റെ ലയിക്കാനുള്ള കഴിവു (Solubility) കുറവും മൂലം ചികിത്സാ രംഗത്ത് ഉപയോഗിക്കുന്നതിനു തടസ്സമായിരുന്നു.

ഈ പഠനത്തിൽ ഗവേഷകർ സെറിയം ഓക്സൈഡിന്റെ അതിസൂക്ഷ്മ കണികകളുടെ ഒപ്പം കുർകുമിനും ചേർത്ത് ന്യൂറോബ്ലാസ്റ്റോമ ബാധിച്ച കോശങ്ങളിൽ പരീക്ഷിച്ചു. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകൾ വരുത്താതെ തന്നെ അർബുദ കോശങ്ങളെ ഇതു നശിപ്പിച്ചതായി കണ്ടു.

മഞ്ഞള്‍ അർബുദത്തെ തടയും എന്ന് തെളിയിച്ച ഈ പഠനം ‘നാനോസ്കെയിൽ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

Read More : Health News