6000 മരുന്നുകൾ നിരോധിച്ചു; ആരോഗ്യത്തിനു ഹാനികരമെന്നു വിലയിരുത്തൽ

കൊച്ചി∙ ചുമ, പനി, പ്രമേഹം എന്നിവയ്ക്കുൾപ്പെടെ സാധാരണക്കാർ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും നിരോധിച്ചു. ഇവയുൾപ്പെടുന്ന ആറായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമിക്കാനോ വിൽക്കാനോ സാധിക്കില്ല. 

കഴിഞ്ഞ വർഷം മാർച്ച് പത്തിലെ നിരോധനത്തിനെതിരെ വിവിധ ഹൈക്കോടതികളിൽ നടന്നുവന്ന കേസുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണു വീണ്ടും നിരോധനം ബാധകമാക്കി ഡ്രഗ്സ് കൺട്രോളറുടെ വെബ്സൈറ്റിൽ വെള്ളിയാഴ്ച രാത്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പാരസെറ്റമോൾ, കഫീൻ, അമോക്സിസിലിൻ എന്നിവയ്ക്കൊപ്പം വിവിധ സംയുക്തങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേർത്ത മരുന്നുകൾക്കാണു നിരോധനം. 

ആരോഗ്യത്തിനു ഹാനികരമായ രീതിയിൽ വിവിധ സംയുക്തങ്ങൾ ചേർത്താണു പല കമ്പനികളും മരുന്നു നിർമിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധസമിതി വിലയിരുത്തിയിരുന്നു. ഈ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. ചില കഫ് സിറപ്പുകൾ ലഹരിക്കായി ഉപയോഗിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടി.

മൂന്നു സംയുക്തങ്ങളുള്ള ചില മരുന്നുകൾ പ്രമേഹത്തിനു കഴിക്കുന്നത് ആരോഗ്യം മോശമാക്കുമെന്നും വിലയിരുത്തി. ആറായിരത്തോളം സംയുക്തങ്ങൾ പരിശോധിച്ചാണു നിരോധന തീരുമാനമെടുത്തത്. എന്നാൽ മരുന്നു കമ്പനികളുടെ വാദങ്ങൾ പരിഗണിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണു വിവിധ ഹൈക്കോടതികൾ ആദ്യ നിരോധന ഉത്തരവ് സ്റ്റേ ചെയ്തത്. സ്റ്റേ നിലനിന്ന ഒന്നര വർഷത്തിനിടെ ഇൗ മരുന്നുകൾ ധാരാളം വിറ്റഴിച്ചതായാണ് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ നൽകുന്ന സൂചന.

പഠിച്ചത് കൊകാതെ സമിതി

കർണാടക കെഎൽഇ സർവകലാശാല വൈസ് ചാൻസലർ ചന്ദ്രകാന്ത് കൊകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണു മരുന്നു സംയുക്തങ്ങളെക്കുറിച്ചു പഠനം നടത്തിയത്. ഇന്ത്യയിൽ വിപണിയിലുള്ള 963 മരുന്നു സംയുക്തങ്ങൾ അപകടകാരികളാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി 2016 മാർച്ച് പത്തിനു 344 മരുന്നു സംയുക്തങ്ങൾ നിരോധിച്ചു. അതിനു മുൻപു 95 സംയുക്തങ്ങൾ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂൺ എട്ടിന് അഞ്ച് ഇനങ്ങൾക്കു കൂടി നിരോധനം ബാധകമാക്കി. പക്ഷേ, കോടതി സ്റ്റേ ചെയ്തതുമൂലം ഇതു പ്രാബല്യത്തിലായില്ല.