ജീവനു പോലും സാധ്യതയില്ലാത്ത കൊടുംചൂടില്‍ കണ്ടെത്തി, എച്ച്‌ഐവിയെ തകര്‍ക്കാനുള്ള മരുന്ന്!

ജീവന്റെ ഒരു ചെറുകണിക പോലും മനുഷ്യനു പ്രതീക്ഷിക്കാനാകില്ല ആ പ്രദേശത്ത്. എന്നാല്‍ ഗവേഷകര്‍ ഒടുവില്‍ അവിടെ നിന്നു കണ്ടെത്തിയതാകട്ടെ കൃത്യമായ പ്രതിരോധ മരുന്നില്ലാതെ മനുഷ്യ ജീവനെ കവര്‍ന്നെടുത്തു കൊണ്ടിരിക്കുന്ന മാരകരോഗത്തിനുള്ള രക്ഷാകവചവും. എയ്ഡ്‌സ് ചികിത്സയില്‍ നിര്‍ണായക മുന്നേറ്റമായേക്കാവുന്ന കണ്ടെത്തല്‍ നടന്നത് ചിലെയിലെ അറ്റക്കാമ മരുഭൂമിയിലാണ്.

ഇവിടെ ഒരു നിശ്ചിത പ്രദേശത്തു നിന്നു കണ്ടെത്തിയ സൂക്ഷ്മജീവികള്‍ക്ക് എയ്ഡ്‌സിനു കാരണമാകുന്ന ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യൻസി വൈറസിനെ(എച്ച്‌ഐവി) തകര്‍ക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള, ഏറ്റവും ചൂടേറിയ അപൂര്‍വം ഇടങ്ങളിലൊന്നാണ് അറ്റക്കാമ. വരണ്ടുണങ്ങിയ മരുപ്രദേശം. എന്നാല്‍ ഗവേഷകരുടെ പ്രിയ ഇടങ്ങളിലൊന്നാണിത്. കൊടുംചൂടൂള്‍പ്പെടെയുള്ള മാരക സാഹചര്യങ്ങളില്‍ വളരാന്‍ സാധിക്കുന്ന സൂക്ഷ്മജീവികളെ തേടിയാണ് അവര്‍ പലപ്പോഴും മരുഭൂമിയില്‍ അലയുന്നത്. അങ്ങനെയൊരു പഠനത്തിലായിരുന്നു യുകെയിലെ ന്യൂകാസില്‍ സര്‍വകലാശാല ഗവേഷകരും. 

അറ്റക്കാമയിലെ, സമുദ്രനിരപ്പില്‍ നിന്ന് 3000- മുതല്‍ 5000 മീറ്റര്‍ വരെ ഉയരത്തിലുള്ള മരുപ്രദേശത്തായിരുന്നു പരിശോധന. ഒരു പ്രത്യേകയിടത്തു നിന്ന് സാംപിളുകള്‍ ശേഖരിച്ച ഗവേഷകര്‍ അതിന്റെ പരിശോധനാഫലമറിഞ്ഞ് ഞെട്ടിപ്പോയി. ഒരുതരത്തിലും ജീവന്റെ സാന്നിധ്യമുണ്ടാകാനിടയില്ലെന്നു കരുതിയ ആ പ്രദേശത്ത് ഒരു തരം പ്രത്യേക ബാക്ടീരിയങ്ങള്‍ തഴച്ചു വളരുന്നു! ആക്ടിനോബാക്ടീരിയ എന്നറിയപ്പെടുന്ന അവ ഭൂമിയിലെ ആവാസവ്യവസ്ഥയിലെ നിര്‍ണായക കണ്ണിയാണ്. കൃഷിയിലും കാടുകളുടെ ജൈവവൈവിധ്യം നിലനിന്നു പോകുന്നതിലും സഹായിക്കുന്ന മണ്ണിലെ അദൃശ്യശക്തികളാണവ. ജൈവശാസ്ത്രപരമായി ഏറെ സജീവമായ സൂക്ഷ്മജീവിവിഭാഗം. ഇക്കാര്യത്തില്‍ ഇവയെ വെല്ലാന്‍ വേറൊന്നും തന്നെയില്ലെന്നു പറയാം. 

മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന പലതരം ആക്ടിനോബാക്ടീരിയങ്ങളുണ്ട്. പലതിനെയും കൃത്രിമമായി ലാബുകളില്‍ വളര്‍ത്തിയെടുക്കാറുമുണ്ട്. എന്നാല്‍ ഒരു ലാബിലും ഇന്നേവരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്ത തരം ആക്ടിനോ ബാക്ടീരിയങ്ങളെയാണ് അറ്റക്കാമയില്‍ കണ്ടെത്തിയത്. ഒരു പ്രദേശം മുഴുവന്‍ ഇവയുടെ സാന്നിധ്യമുണ്ട്- നിഗൂഢതകളേറെ ഒളിപ്പിച്ചിട്ടുള്ളതിനാല്‍ ‘ഇരുണ്ട ദ്രവ്യം (ഡാർക് മാറ്റർ)’ ലഭിക്കുന്ന പ്രദേശമെന്നാണ് ഗവേഷകര്‍ ഈയിടത്തെ വിശേഷിപ്പിക്കുന്നത്. 

കണ്ടെത്തിയതില്‍ 40 ശതമാനം വരുന്ന ബാക്ടീരിയങ്ങളും ഇന്നേവരെ ഭൂമിയില്‍ കാണാത്തവയാണ്. അവയ്ക്കുള്ള പേരിടല്‍ നടപടികളും പുരോഗമിക്കുകയാണ്. ബയോടെക്‌നോളജിയില്‍ നിര്‍ണായകമായൊരു കണ്ടെത്തലാണ് നടന്നിരിക്കുന്നതെന്ന് ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ മൈക്കേല്‍ ഗുഡ്‌ഫെലോ പറയുന്നു. മരുന്നുകളെ പോലും വകവയ്ക്കാതെ രോഗാണുക്കള്‍ തഴച്ചുവളരുന്ന ഇക്കാലത്ത് പ്രത്യേകിച്ച്. ലോകത്തിനു ഭീഷണിയാകുന്ന പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഈ സൂക്ഷ്മജീവികളില്‍ നിന്നു കണ്ടെത്താനാകുമെന്നാണു കരുതുന്നത്. 

എയ്ഡ്‌സിന്റെ പ്രതിവിധിക്കുള്ള സാധ്യത തെളിയുന്നതു തന്നെ അതില്‍പ്രധാനം. എച്ച്‌ഐവി വൈറസിന്റെ സ്വയം പുനരുല്പാദന ശേഷിക്കു സഹായിക്കുന്ന എന്‍സൈമിനെ ഇല്ലാതാക്കാന്‍ കഴിവുള്ളതാണ് കണ്ടെത്തിയ ആക്ടിനോബാക്ടീരിയങ്ങളിലൊന്ന്. പുതിയ സാഹചര്യത്തില്‍ എച്ച്‌ഐവിയെ പ്രതിരോധിക്കുന്ന ഫലപ്രദമായ മരുന്നു കണ്ടെത്താന്‍ നടത്തുന്ന ഗവേഷകരുടെ ശ്രമങ്ങളിലേക്ക് നിര്‍ണായക സംഭാവനയായിരിക്കും അറ്റക്കാമ മരുഭൂമിയിലെ അദ്ഭുത സൂക്ഷ്മജീവിലോകം നല്‍കുക. 

Read More : Health News