നമുക്ക് നിസ്സാരമാകാം; പക്ഷേ അതു തല്ലിക്കെടുത്തുന്നത് കുഞ്ഞു ഗാബിയുടെ സന്തോഷമാണ്

ഓസ്ട്രേലിയ സ്വദേശികളായ ടിഫാനിയുടെയും ഡേവിഡിന്റെയും മൂന്നു വയസ്സുകാരിയായ മകള്‍ ഗാബി മാര്‍ലര്‍ കാഴ്ചയില്‍ മറ്റു കുഞ്ഞുങ്ങളെ പോലെ സാധാരണകുട്ടിയാണ്. എന്നാല്‍ ഈ മൂന്നുവയസ്സുകാരിയുടെ സന്തോഷങ്ങള്‍ക്ക്‌ എപ്പോഴും മിനിട്ടുകളുടെ ദൈര്‍ഘ്യം മാത്രമാണുള്ളത്. നമ്മള്‍ നിസ്സാരമായി കാണുന്ന ചെറിയ പൊടിയുടെ കണികകള്‍ മതിയാകും ചിലപ്പോള്‍ ഗാബിയുടെ സന്തോഷം കവര്‍ന്നെടുക്കാന്‍...

ഗാബി ജനിച്ചു ദിവസങ്ങള്‍ക്കകമാണ് ആദ്യമായി അമ്മ ടിഫാനി കുഞ്ഞിന്റെ ശരീരത്തിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ചത്. ഗാബിയുടെ കുഞ്ഞുമുഖത്തു പെട്ടെന്നുണ്ടായ ചുവന്ന പാടുകള്‍ അവര്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. കടുത്ത ഗ്യാസ്ട്രബിളും വയറുവേദനയും കുഞ്ഞിനുണ്ടെന്നും അവര്‍ കണ്ടെത്തി. 

ഗാബിയെ ചികിത്സിച്ച ഡോക്ടറാണ് കുഞ്ഞിനു ഇൻഫന്റൈല്‍ അറ്റോപിക് ഡെര്‍മടൈറ്റിസ് (infantile Atopic dermatitis) അല്ലെങ്കില്‍ എക്സിമ (eczema) ആണെന്നു കണ്ടെത്തിയത്. ചില ഭക്ഷണങ്ങപദാര്‍ഥങ്ങളോട് അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പു നല്‍കി. അപ്പോഴും മകളുടെ ശരിയായ അവസ്ഥയെക്കുറിച്ച് മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നില്ല. 

സ്കിന്‍ അലര്‍ജിക്ക് ഉപയോഗിക്കുന്ന ഏതെങ്കിലും ക്രീമുകള്‍ ഉപയോഗിച്ചാല്‍ ഗാബിയ്ക്ക് ആശ്വാസമുണ്ടാകുമെന്നായിരുന്നു ടിഫാനിയുടെയും ഡേവിഡിന്റെയും വിശ്വാസം. 

ഗാബിയ്ക്ക് പത്തുമാസം ആയപ്പോഴേക്കും പലതരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാകാന്‍ തുടങ്ങി. നിലക്കടല, തൈര്, മുട്ട, കടല്‍ മത്സ്യങ്ങള്‍, ഗോതമ്പ് എന്നിവയെല്ലാം ഗാബിയ്ക്ക് കടുത്ത അലര്‍ജി ഉണ്ടാക്കി. പൊടിയുടെ കണികകള്‍, മൂട്ട, ചിലതരം സുഗന്ധങ്ങള്‍ എന്നിവയെല്ലാം ഗാബിയുടെ ആരോഗ്യസ്ഥിതി വഷളാക്കി.

ശരീരമാസകലം ചൊറിഞ്ഞു തടിക്കുന്നതാണ് ഗാബിയുടെ പ്രധാനപ്രശ്നം. കുഞ്ഞുശരീരം ചൊറിഞ്ഞു പൊട്ടുന്നതുവരെ ഗാബി അത് തുടർന്നുകൊണ്ടിരിക്കും. മൂട്ടയോ അന്തരീക്ഷത്തിലെ സൂക്ഷ്മമായ പൊടിയുടെ കണികകളോ ഗാബിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ കണ്ണില്‍ നിന്നും വെള്ളം വരാനും ശരീരം ചൊറിഞ്ഞു തടിക്കാനും തുടങ്ങും. 

കാര്‍പെറ്റ്, പെയിന്റിലെ കെമിക്കലുകള്‍ എല്ലാം ഗാബിയുടെ ആരോഗ്യത്തിനു വെല്ലുവിളിയാണ്. ചൊറിച്ചിലിനൊപ്പം തന്നെ കടുത്ത വയറിളക്കം, ഛർദ്ദി‍, ശ്വാസതടസ്സം, ബോധക്ഷയം എന്നീ ലക്ഷണങ്ങളും ചിലപ്പോൾ ഉണ്ടാകും. 

ഗാബിയുടെ ഒരു ദിവസം ആരംഭിക്കുന്നത് കടുത്ത പ്രതിരോധരീതികളുമായാണ്. അവൾക്കായി ആഹാരസാധനങ്ങളും വസ്ത്രങ്ങളുമെല്ലാം അതീവശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്ന് അമ്മ ടിഫാനി പറയുന്നു. പ്രിസേര്‍വേറ്റിവ്സ് ചേര്‍ത്ത ആഹാരസാധനങ്ങൾ കഴിക്കാന്‍ സാധിക്കില്ല. മറ്റുകുഞ്ഞുങ്ങളെപ്പോലെ കളിക്കാനോ അവര്‍ക്കൊപ്പം ഡേ കെയറില്‍ പോകാനോ ഒന്നും ഗാബിയ്ക്ക് കഴിയില്ലെന്നും ടിഫാനി  പറയുന്നു. കുഞ്ഞിനു വേണ്ടി തങ്ങള്‍ മറ്റാളുകളുമായി അടുത്തിടപെടുന്നസന്ദര്‍ഭങ്ങള്‍ പോലും കഴിവതും ഒഴിവാക്കുകയാണ്.

ഗാബിയുടെ ദിനചര്യകള്‍ക്കൊപ്പമാണ് തങ്ങളുടെ ജീവിതവും മുന്നോട്ട് പോകുന്നതെന്ന് ടിഫാനിയും ഡേവിഡും പറയുന്നു. അലര്‍ജി തടയാന്‍  പ്രത്യേകം തയാറാക്കിയ ദേഹം മുഴുവന്‍ മൂടുന്ന വേഷമാണ് ഗാബി അണിയുന്നത്. പ്രത്യേകം നിര്‍മിച്ച കിടക്കയിലാണ് അവള്‍ ഉറങ്ങുന്നത്. ദിവസം മുഴുവന്‍ വീട് വൃത്തിയാക്കിയും തറയും മറ്റും പലവട്ടം കഴുകിയുമാണ് ഗാബിയെ അലര്‍ജിയില്‍ നിന്നും അമ്മ സംരക്ഷിക്കുന്നത്. എങ്കില്‍പ്പോലും ചെറിയൊരു പ്രശ്നം മതി കുഞ്ഞിന്റെ നില മോശമാക്കാന്‍.

പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കുന്ന സ്പെഷ്യല്‍ ആന്റി ഇമ്മ്യൂണോ പാലിയോ ഡയറ്റാണ് ഗാബിക്കു വേണ്ടി തയാറാക്കിയിരിക്കുന്നത്. ഒരു കുമിളയ്ക്കുള്ളില്‍ കഴിയുന്ന പോലുള്ള ഗാബിയുടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുകയാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാര്‍ പറയുന്നു. 

ക്വീന്‍സ്ലാന്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ടിഫാനിയും ഡേവിഡും സ്വന്തമായി വീട് നിര്‍മിക്കാനുള്ള ഓട്ടത്തിലാണിപ്പോള്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പോലെ ഗാബിയ്ക്കായി ഒരു 'സേഫ് ഹോം' ഒരുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി 'ഗോ ഫണ്ട്‌മീ ' കാംപയിനും ആരംഭിച്ചിട്ടുണ്ട്. 

ഗാബിയുടെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ പ്രത്യേകം രൂപകല്പന ചെയ്യുന്ന തരത്തിലാണ് ഈ വീട്. പൊടിയും മറ്റും തടയുന്ന ഹാര്‍ഡ് വുഡ് ഫ്ലോറിങ്, കെമിക്കലുകള്‍ കലരാത്ത പെയിന്റുകള്‍, വായ ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍ , എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ചേര്‍ന്നതാകണം ഈ വീടെന്നു ടിഫാനി പറയുന്നു. ഇതിനു വരുന്ന ഭീമമായ തുക ഒറ്റയ്ക്ക് താങ്ങാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു കാംപയിന്‍ ആരംഭിച്ചതെന്നും അവര്‍ പറയുന്നു. 

നിലവില്‍ ഗാബിയുടെ രോഗത്തിന് ചികിത്സയില്ല. ശരിയായ ഇമ്മ്യൂണോതെറാപ്പിയും മരുന്നുകളും വഴി അവളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ടിഫാനിയും ഡേവിഡും പറയുന്നു. ഈ ചെറിയ പ്രായത്തില്‍ ഇത്രയൊക്കെ കഷ്ടതകള്‍ അനുഭവിച്ചിട്ടും ഗാബി സന്തോഷവതിയാണ്. ആ സന്തോഷം തന്നെയാണ് തങ്ങള്‍ക്കു ഊര്‍ജ്ജമെന്നും ഈ ദമ്പതികള്‍ പറയുന്നു.

Read More : Health Magazine