കാൻസറിനെ ഭയന്ന് വയർ പൂർണമായും നീക്കംചെയ്ത് 41കാരൻ

15 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലെ സില്‍വര്‍ സ്പ്രിങ് സ്വദേശിയായ  ഡേവിഡ്‌ ഫോജേല്‍ കാന്‍സറിന്റെ ഭീകരമായ വശം അടുത്തറിയുന്നത് ഡേവിഡിന്റെ അമ്മായിക്ക് അന്നനാള കാന്‍സര്‍ ബാധിച്ചപ്പോഴാണ്. രോഗപീഡകളാല്‍ രണ്ടു വര്‍ഷത്തോളം  ഇഞ്ചിഞ്ചായി വേദന അനുഭവിച്ചാണ് ഡേവിഡിന്റെ അമ്മായി മരിച്ചത്. താന്‍ ജീവിതത്തില്‍ കണ്ടതില്‍ ഏറ്റവും വേദനയേറിയ മരണം അതായിരുന്നു എന്നാണു ഡേവിഡ്‌ പറയുന്നത്. 

എന്നാല്‍ വര്‍ഷക്കള്‍ക്കിപ്പറം അതെ രോഗം തന്നിലും അധികാരം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞപ്പോള്‍ ഡേവിഡ്‌ ഞെട്ടിപ്പോയി. 41കാരനും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനുമായ ഡേവിഡ്‌ ഒരിക്കലും കരുതിയിരുന്നില്ല തന്റെ അമ്മായിക്ക് ബാധിച്ച രോഗം കുടുംബത്തില്‍ പാരമ്പര്യമായി പിടിമുറുക്കിയതായിരുന്നുവെന്ന്. 

ഡേവിഡിന്റെ തുപ്പലില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ യില്‍ നടത്തിയ പഠനത്തിലാണ് ഈ സത്യം തിരിച്ചറിഞ്ഞത്.  ഹെറിഡിറ്ററി ഡിഫ്യൂസ് ഗ്യാസ്ട്രിക്ക് കാന്‍സറാണ് (hereditary diffuse gastric cancer) ഡേവിഡിന്റെ കുടുംബത്തില്‍ പാരമ്പര്യമായി വരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. ഇതിനു കാരണമാകുന്ന ഒരു ജീന്‍ ഡേവിഡിന്റെ ഡിഎന്‍എയില്‍ കണ്ടെത്തിയതോടെ അന്നനാള കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത ഡേവിഡിന് 70 ശതമാനം ആണെന്ന് ഡോക്ടർമാര്‍ വിധിയെഴുതി. 

ഇതിനെ പ്രതിരോധിക്കാന്‍ വൈദ്യശാസ്ത്രം മുന്നോട്ടുവച്ച ഉപാധി വയര്‍ പൂര്‍ണമായും നീക്കം ചെയ്യുക എന്നതായിരുന്നു.  ഗ്യാസ്ട്രെക്ക്ടോമി(gastrectomy ) എന്നാണു ഇതിനു പറയുന്നത്. വയര്‍ പൂര്‍ണമായും നീക്കം ചെയ്ത് അന്നനാളത്തെ കുടലുകളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ചികിത്സാരീതി. അതുവഴി പുതിയൊരു  ദഹനപ്രക്രിയ ഉണ്ടാക്കിയെടുക്കും. ജീന്‍ സയന്‍സിലെ ഏറ്റവും പുതിയ ചികിത്സാവിധിയാണ് ഡേവിഡില്‍ പരീക്ഷിച്ചത്. തന്റെ അമ്മായി അനുഭവിച്ച യാതനകള്‍ നേരില്‍ കണ്ടതിനാല്‍ തനിക്ക് ലഭിച്ചത് ഒരു അവസരമായാണ്‌ ഡേവിഡ്‌ കാണുന്നത്. 

ഒരാളുടെ ജീന്‍ ഘടന പഠിക്കുന്നത് വഴി ഭാവിയില്‍ ഏതൊക്കെ രോഗങ്ങള്‍ ബാധിക്കാമെന്നു കണ്ടെത്തുന്നു. ജീന്‍ സയന്‍സിലെ ഈ പുരോഗമനമാണ് ഡേവിഡിന് തുണയായത്‌. സമാനമായ രീതിയില്‍ സ്തനാർബുദം കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിനു സാധിച്ചിട്ടുണ്ട്. ലോകത്താകമാനം ആളുകളുടെ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ നാലാം സ്ഥാനത്താണ് അന്നനാളകാന്‍സര്‍. 

ഡേവിഡിനൊപ്പം അദ്ദേഹത്തിന്റെ സഹോദരിയും അര്‍ദ്ധസഹോദരനും ഈ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്നാല്‍ ഡേവിഡിലായിരുന്നു രോഗത്തിനുള്ള ജീന്‍ കണ്ടെത്തിയത്. എന്നാല്‍ മറ്റു ബന്ധുക്കളും ഭാവിയില്‍ ഈ അപകട  നിഴലില്‍ എത്തിയേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നാഷണല്‍ ഓഫ് ഹെല്‍ത്തിലെ പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോക്ടര്‍ ജെറമി ഡേവിസ് ആണ് ഡേവിഡിന്റെ ചികിത്സകന്‍. അദ്ദേഹം ഈ രംഗത്ത് നടത്തുന്ന ക്ലിനിക്കല്‍ ട്രയലിലും ഡേവിഡ്‌ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഡേവിഡിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തിയാല്‍ പിന്നെ ഒരിക്കലും തനിക്ക് പ്രിയപ്പെട്ട ചില ആഹാരങ്ങള്‍ കഴിക്കാന്‍ സാധിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്ക് ഒരുവർഷം മുൻപ് ഏറ്റവും പ്രിയപ്പെട്ട പിസ്സയു, ഐസ് ക്രീമും എല്ലാം ഡേവിഡ്‌ ആവോളം ആസ്വദിച്ചു കഴിച്ചു. 

വയര്‍ നീക്കം ചെയ്തതിനാല്‍ ഇപ്പോള്‍ ഡേവിഡിനു വിശപ്പ്‌ അറിയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഓരോ ഇടവേളകളിലും ആവശ്യമായ ഭക്ഷണം ഡേവിഡ്‌ കഴിക്കുകയാണ് ചെയ്യുന്നത്. ശാരീരികഅസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാൽ പഞ്ചസാര അടങ്ങിയ ഒരു ഭക്ഷണവും ഡേവിഡിന്റെ ലിസ്റ്റിലില്ല. 

ഇപ്പോള്‍ ഡേവിഡ്‌ സന്തോഷവാനാണ്. മറ്റു കുടുംബാംഗങ്ങള്‍ക്ക് ഭാവിയില്‍ ഇങ്ങനെയൊരവസ്ഥ വരരുതേ എന്നു മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം. 

Read More : Health News