വിവാഹം കഴിച്ചു; പക്ഷേ മണിക്കൂറുകൾക്കുള്ളിൽ കാത്തിരുന്ന മരണവും എത്തി

Image Courtesy : Christina Lee Photography

ഏതുനിമിഷവും മരണം വിളിച്ചുകൊണ്ടുപോകുമെന്നറിഞ്ഞിട്ടും വിവാഹം കഴിക്കുക, വിവാഹം കഴിച്ച് ഒരു ദിവസം പൂർത്തിയാകും മുൻപേ കാത്തിരുന്ന അതിഥിയെത്തി എന്നെന്നേക്കുമായി കൊണ്ടുപോകുക. കേട്ടാൽ അവിശ്വസനീയമന്നു തോന്നുമെങ്കിലും കണക്ടിക്കട്ട് സ്വദേശിയായ 31കാരിയായ ഹീതർ മോഷറുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണിത്. 

സ്തനാർബുദം ശരീരത്തെ കീഴടക്കിയെങ്കിലും തോറ്റുകൊടുക്കാൻ മോഷർ തയാറായിരുന്നില്ല. എന്തിനും മോഷറുടെ ഒപ്പം കൂട്ടുകാരൻ ഡേവിഡ് കൂടി ഉള്ളപ്പോൾ എന്തിന് അവൾ തോറ്റുകൊടുക്കണം? 

Image Courtesy : Christina Lee Photography

2015 മേയിൽ ഒരു ഡ‍ാൻസ് ക്ലാസ്സിൽ വച്ചാണ് മോഷറും ഡേവിഡും പരിചയപ്പെട്ടത്. അതിനുശേഷം പിരിയാൻ പറ്റാത്ത രീതിയിൽ ഞങ്ങൾ അടുത്തിരുന്നു– ഡേവിഡ് പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് മോഷറിൽ സ്തനാർബുദം സ്ഥിരീകരിച്ചത്. ഇതറിഞ്ഞ അന്നുതന്നെ ഡേവിഡ് മോഷറിന് വിവാഹവാഗ്ദാനവും നൽകി. ഞാൻ അന്നുതന്നെ അവളെ പ്രൊപ്പോസ് ചെയ്യുമെന്ന് ഒരിക്കലും അവൾ കരുതിയിരുന്നില്ല. അവളെ ഒറ്റയ്ക്ക് പോരാടാൻ വിട്ടുകൊടുക്കാൻ കഴിയുമായിരുന്നില്ലെന്ന് ഡേവിഡ് പറയുന്നു.

തന്റെ കൂട്ടുകാരിയെയും കൂട്ടി ഒരു കുതിരവണ്ടിയിൽ റൈഡിനു പോയി തെരുവുവിളക്കിന്റെ വെളിച്ചത്തിലാണ് ഡേവിഡ് മോഷറിനെ പ്രൊപ്പോസ് ചെയ്തത്. എന്നാൽ അ‍ഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും സ്താനർബുദം അതിന്റെ മാരകാവസ്ഥയിലാണെന്ന പരിശോധനാഫലവും വന്നു.  2017 സെപ്റ്റംബറിൽ അർബുദം തലച്ചോറിലേക്കു വ്യാപിച്ചുവെന്നു കണ്ടെത്തി. 

മൂന്നു വർഷമായി കൂടെയുള്ള കൂട്ടുകാരൻ ഡേവിഡിനെ ഡിസംബർ 22ന് ഹാൽഫോർഡ് സെന്റ് ഫ്രാൻസിസ് ആശുപത്രി കിടക്കയിൽ വച്ചാണ് മോഷർ വിവാഹം ചെയ്തത്. വിവാഹവസ്ത്രത്തോടൊപ്പം വിഗും ആഭരണങ്ങളും ശ്വസനസഹായിയും അണി‍ഞ്ഞാണ് മോഷർ വിവാഹത്തിനൊരുങ്ങിയത്. രണ്ടുവട്ട കീമോതെറാപ്പിയും രണ്ടു ശസ്ത്രക്രിയകളും കഴിഞ്ഞപ്പോൾ ഡിസംബർ 30ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ രോഗം മൂർച്ഛിച്ചതോടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം 22ന് വിവാഹം മാറ്റിത്തീരുമാനിക്കുകയായിരുന്നു. എന്റെ പോരാട്ടം തുടരുമെന്നായിരുന്നു മോഷറുടെ വിവാഹപ്രതിജ്ഞ. ഈ പ്രതിജ്ഞയ്ക്കുശേഷം മോഷർ അബോധാവസ്ഥയിലായി. ശേഷം 18 മണിക്കൂർ കഴിഞ്ഞപ്പോൾ മരണവുമെത്തി. അർബുദം തലച്ചോറിനെയും ബാധിച്ചതായിരുന്നു മോഷറുടെ നില ഇത്രയും വഷളാക്കിയതെന്നു ഡോക്ടർമാർ പറയുന്നു. 

Image Courtesy : Christina Lee Photography

അവളുടെ ആത്മാവ് എനിക്കൊപ്പമുണ്ട്. മോഷറുടെ പോരാട്ടം ഞാൻ മരണം വരെയും നെഞ്ചിലേറ്റും – ഡേവിഡ് പറയുന്നു.

Read More : Health News