ടെൻഷൻ വേണ്ട, മുടി കൊഴിച്ചിൽ തനിയെ മാറും

ഹോർമോൺ മാറ്റങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയാണ് പുരുഷൻമാരിലെ മുടികൊഴിച്ചിലുനു പ്രധാന കാരണം. 20–നും 30 നും ഇടയിലാകും മിക്ക പുരുഷൻമാരും ജോലി അന്വേഷിച്ചോ ഉന്നത വിദ്യാഭ്യാസത്തിനായോ ഒക്കെ വീടു വിട്ട് മാറി നിൽക്കേണ്ടി വരിക. ഈ സ്ഥലം മാറ്റവും സ്ട്രെസുമൊക്കെ പലപ്പോഴും മുടികൊഴിച്ചിലുനുള്ള കാരണങ്ങളിലേക്കുള്ള സാധ്യത കൂട്ടുന്നു. 

ഹോർമോണുകളെ അടിസ്ഥാനപ്പെടുത്തിയാണ് സ്ത്രീകളിൽ മുടികൊഴിച്ചിൽ സംഭവിക്കുക. തടി കൂടുക, തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുക, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രമിന്റെ ലക്ഷണങ്ങൾ, തടി കൂട്ടുക– കുറയ്ക്കുക, പോഷകാഹാരക്കുറവ്, പ്രസവത്തിനു മുമ്പും ശേഷവുമുള്ള സമയം എന്നിവയെല്ലാം ഹോർമോൺ സംതുലനത്തെയും ബാധിക്കും. ചില മരുന്നുകളുടെ പാർശ്വഫലമായും കൊഴിച്ചിൽ ഉണ്ടാകാം. ആർത്തവവിരാമത്തോടനുബന്ധിച്ചും ഇതു സംഭവിക്കാം. പുരുഷൻമാരിലെ കഷണ്ടി പോലെയുള്ള അവസ്ഥ സ്ത്രീകളിൽ വളരെ അപൂർവമായേ സംഭവിക്കാറുള്ളു. 100 പേരിൽ ഒരാൾക്കു മാത്രമേ ഈ അവസ്ഥ കാണാൻ സാധിക്കൂ. 

മുടി പാച്ചു പോലെ കൊഴിഞ്ഞു പോകുന്നതാണ് മറ്റൊരവസ്ഥ. ആദ്യം 25 പൈസാ വട്ടത്തിലും പിന്നീട് അതിന്റെ അളവ് വലുതായി വലുതായി അത്രയും ഭാഗം മുടി ഇല്ലാത്ത അവസ്ഥയിലേക്കെത്തുന്നു. നമ്മുടെ രോഗപ്രതിരോധ വ്യൂഹത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് ഇതു സംഭവിക്കുന്നത്. ടെൻഷനും സമ്മർദവും കൂടുന്ന സാഹചര്യത്തിലും ഈ പ്രശ്നങ്ങൾ കാണാറുണ്ട്. തലയിലെ മുടി മൊത്തത്തിൽ കൊഴിഞ്ഞു പോകുക, ദോഹമാസകലമുള്ള മുടി നഷ്ടപ്പെടുക എന്നീ അവസ്ഥകളും കണ്ടു വരാറുണ്ട്. ഈ അവസ്ഥയിൽ നഖത്തിൽ വരെ ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. 

ചിലരാകട്ടെ ഉള്ള മുടി സ്വന്തമായി പറിച്ചു കളയുന്നവരാണ്. ഇതൊരു സൈക്കോളജിക്കൽ കണ്ടീഷൻ ആണെന്നു പറയാം. നമ്മുടെ രാജ്യത്ത് ഇതു വളരെ കുറവാണ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ ഇതു നല്ല അളവിൽതന്നെയുണ്ട്. 

മുടി കൊഴിച്ചിലിനെക്കുറിച്ച് ചിന്തിച്ച് ടെൻഷനടിച്ച് വീണ്ടും കൊഴിച്ചിലിന്റെ അളവു കൂട്ടുന്നവരാണ് നമ്മിൽ പലരും. ഇതു മാറ്റാാൻ പറ്റുന്നതാണെന്ന ഉറപ്പ് നൽകുന്നതുതന്നെ വലിയൊരു ആശ്വാസമാകും. ഇതുവഴി കൊഴിച്ചിലിന്റെ അളവു കുറയ്ക്കാനും സാധിക്കും.

Read More : മുടിയഴക് വിരിയാൻ