ദമ്പതികൾ മരിച്ച് നാലു വർഷത്തിനുശേഷം കുഞ്ഞു പിറന്നു

Representative Image

ദമ്പതികൾ മരിച്ച് നാലു വർഷത്തിനു ശേഷം വാടകഗർഭപാത്രത്തിൽ കുഞ്ഞു പിറന്നു. ദമ്പതികൾ മരിച്ചെങ്കിലും ഇവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി ഇരുവരുടെയും മാതാപിതാക്കൾ നടത്തിയ നിയമയുദ്ധത്തിനൊടുവിലാണു ലാവോസിലെ യുവതിയുടെ വാടകഗർഭപാത്രത്തിലൂടെ ആൺകുഞ്ഞു പിറന്നത്.

2013ൽ കാർ അപകടത്തിലാണ് ചൈനീസ് ദമ്പതികൾ മരിച്ചത്. എന്നാൽ അതിനു മുൻപേ തന്നെ അവരുടെ ബീജവും അണ്ഡവും കൃത്രിമ ഗർഭധാരണം (ഐവിഎഫ്) നടത്തുന്നതിനായി എടുത്തു സൂക്ഷിച്ചിരുന്നു. വാടകഗർഭം ചൈനയിൽ നിയമവിരുദ്ധമായതിനാൽ അയൽരാജ്യമായ ലാവോസിൽനിന്നാണ് ‘അമ്മ’യെ കണ്ടെത്തിയത്.

ദ്രവരൂപത്തിലുള്ള നൈട്രജൻ ടാങ്കിൽ –196 ഡിഗ്രി താപനിലയിലാണ് ഭ്രൂണം സൂക്ഷിച്ചിരുന്നത്. വിമാനങ്ങൾ നൈട്രജൻ ടാങ്ക് കയറ്റാൻ അനുവദിക്കാത്തതിനാൽ കാർ മാർഗമാണ് ഭ്രൂണം ലാവോസിലെത്തിച്ചത്. കഴിഞ്ഞ ഡിസംബറിൽ ചൈനയിലാണു കുഞ്ഞിനു ജൻമം നൽകിയത്. ടിയാൻടിയാൻ എന്നാണു പേരിട്ടത്.