ഇൗ ചുംബനത്തിന്റെ വില അമൂല്യം !

കൊച്ചി ∙ താൻ ജീവാംശം പകർന്നു കൊടുത്ത ശ്രീമാലി ബാലസൂര്യ എന്ന എട്ടു വയസ്സുകാരിയെ ഡോ. കൺമണി കണ്ണൻ ആദ്യമായി കാണുകയായിരുന്നു. ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ശ്രീമാലിയുടെ കവിളിൽ മുത്തം കൊടുത്തപ്പോൾ കൺമണിയുടെ കണ്ണിൽ നിന്നിറ്റുവീണ സന്തോഷാശ്രുവിൽ ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു. ശ്രീലങ്കയിൽ നിന്നെത്തിയ കുഞ്ഞു ശ്രീമാലിക്കു ഡോ. കൺമണി അദ്ഭുതമായി മാറി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ബി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ ഇതു കണ്ടു നിന്നവരിലേക്കും ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയ ഊർജം പ്രവഹിച്ചു. 

ദാത്രി രക്തമൂലകോശ റജിസ്ട്രി ഒരുക്കിയ ‘സഹജ’ എന്ന പരിപാടിയിലാണു ഡോ. കൺമണി കണ്ണനും ശ്രീമാലി ബാലസൂര്യയും കണ്ടു മുട്ടിയത്. രക്തമൂലകോശം (Blood Stem Cell) ദാനം ചെയ്തയാളും സ്വീകരിച്ചയാളും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്ന വേദിയാണു സഹജ. രക്തമൂലകോശം ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യ സ്ത്രീയാണു ഡോ. കൺമണി. സ്വീകർത്താവ് ആരെന്നറിയാതെയാണു ദാതാവ് കോശം ദാനം ചെയ്യുന്നത്. യോജിക്കുന്ന കോശമുള്ള ആളെ കണ്ടെത്തുന്നതിനുള്ള സാധ്യത പതിനായിരത്തിലൊന്നു മുതൽ പത്തു ലക്ഷത്തിൽ ഒന്നു വരെ മാത്രമാണ്. അതുകൊണ്ടുതന്നെ വളരെ അപൂർവമായ കൂടിക്കാഴ്ചയാണിത്. 

ശ്രീലങ്കയിലെ കുറുനേഗലയിൽ ജയൻധാബ് ബാലസൂര്യയുടെയും നിൽമിമി ഷാന്തിക്കിന്റെയും മകളാണു ശ്രീമാലി. ജനിച്ചു രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ശ്രീമാലിക്കു രക്തത്തിലുണ്ടാകുന്ന താലസീമിയ മേജർ എന്ന അസുഖം കണ്ടെത്തി. പതിനാലു ദിവസം കൂടുമ്പോൾ രക്തം മാറ്റിവയ്ക്കേണ്ട സ്ഥിതി. ദാരുണമായ അവസ്ഥയിൽ കൂടി കടന്നുപോയ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും മുൻപിൽ രക്തമൂലകോശം മാറ്റിവയ്ക്കൽ മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. 

ബെംഗളൂരുവിലായിരുന്നു ചികിത്സ. കാത്തിരിപ്പിനൊടുവിൽ ശ്രീമാലിയുടെ രക്തവുമായി ചേരുന്ന രക്തമൂലകോശവുമായി കേരളത്തിൽ ഒരാളുണ്ടെന്ന അറിയിപ്പു ലഭിച്ചു. ദാത്രിയുടെ സഹായത്തോടെ ഒരു വർഷം മുൻപ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വന്നു കോശം സ്വീകരിച്ച ശ്രീമാലി ഇന്നു പൂർണ ആരോഗ്യവതിയാണ്. അമൃതയിൽ തന്നെ എംബിബിഎസ് പഠിച്ചയാളാണ് ഡോ. കൺമണി. ഡോ. കണ്ണന്റെയും തങ്കമണിയുടെയും മകളാണു തൃച്ചി സ്വദേശിയായ കൺമണി. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അമൃതയിൽ വച്ചു തന്നെയാണു കോശം ദാനം ചെയ്യുന്നതിനെക്കുറിച്ചു കേൾക്കുന്നത്. 2013ൽ ദാത്രിയിൽ റജിസ്റ്റർ ചെയ്തു. 2017 മേയിൽ തന്റെ രക്തമൂല കോശം ആർക്കോ ഒരാൾക്കു ചേരുന്നുണ്ടെന്നും അത്യാവശ്യമായി ദാനം ചെയ്യണമെന്ന അറിയിപ്പും ലഭിച്ചു. ഗ്രാജ്വേഷൻ ഡേയുടെ തലേന്ന് അഡ്മിറ്റായി. കൂട്ടുകാരൊക്കെ ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ താൻ ആശുപത്രി കിടക്കിയിലായിരുന്നെന്നു കൺമണി ഓർക്കുന്നു. എന്നാൽ, ഇന്നു ശ്രീമാലിയെ കണ്ടപ്പോൾ മറ്റ് ആഘോഷങ്ങൾക്കു പ്രസക്തിയില്ലായിരുന്നെന്നും കൺമണി പറയുന്നു. 

രക്താർബുദം പോലുള്ള മാരക രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് അവസാന പ്രതീക്ഷയാണു പലപ്പോഴും രക്തമൂലകോശം മാറ്റിവയ്ക്കൽ. രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണു രക്തമൂലകോശ ദാനവും. എന്നാൽ, കേരളത്തിൽ അറുപതിനായിരത്തോളം ആളുകൾ മാത്രമാണ് ദാതാക്കളുടെ പട്ടികയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ‍ൃതാനന്ദപുരി, ഐഎൻഎസ് സഞ്ജീവനി കമാൻഡിങ് ഓഫിസർ ഡോ. സുഭാഷ് രഞ്ജൻ, അമൃത സ്കൂൾ ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ ഡോ. വിശാൽ മർവാഹ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അസോഷ്യേറ്റ് പ്രഫസർ ഡോ. നീരജ് സിദ്ധാർഥൻ, ദാത്രി സിഇഒ രഘു രാജഗോപാൽ, ദാത്രി കേരള ഹെഡ് എബി സാം. ജോൺ എന്നിവർ പ്രസംഗിച്ചു.