നിപ്പ; മറക്കരുത്, ഈ പാഠം

ഒപ്പമുണ്ട് എപ്പോഴും: നിപ്പ വൈറസ് ഭീതികുറഞ്ഞെങ്കിലും സുരക്ഷയിൽ ഇളവു വരുത്താൻവയ്യ. അപകടം എവിടെ ഒളിച്ചിരിക്കുന്നുവെന്നറിയാത്ത വഴികളിലാണ് ജോലി. അപ്പോൾ സുരക്ഷ ഉറപ്പാക്കണം. സുരക്ഷാ വസ്ത്രങ്ങളണിഞ്ഞാൽ പലരും നന്നായി വിയർത്തൊലിക്കുമെങ്കിലും കൈകൾ ശുചീകരിച്ച ശേഷം മാത്രമേ, വിയർപ്പു തുടയ്ക്കാൻ പാടുള്ളു എന്നാണ് വിദഗ്ധ നിർദേശം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പനിവാർഡിനു സമീപം സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് ശുചീകരണ ജോലിയിലേർപ്പെട്ട ജീവനക്കാരി. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

മണിപ്പാലിലെ സെന്റർ ഫോർ വൈറസ് റിസർച്  തലവൻ ഡോ. ജി.അരുൺകുമാർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി.സജീത്ത്കുമാർ, ‌കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ്‌കുമാർ എന്നിവർ ചേർന്നു മനോരമയ്ക്കായി തയാറാക്കിയ പഠനപരമ്പരയുടെ അവസാനഭാഗം. 

നിപ്പയ്ക്കെതിരായ യുദ്ധം വിജയത്തോടടുക്കുകയാണ്. ഓരോദുരന്തവും നമ്മെ അനേകം പാഠങ്ങൾ പഠിപ്പിച്ചാണു കടന്നുപോവുന്നത്. ഇതുവരെ ആശുപത്രികളിൽ നമ്മൾ സ്വീകരിച്ചിരുന്ന പെരുമാറ്റരീതികൾ എത്രത്തോളം ശരിയാണെന്ന ചോദ്യമാണു നിപ്പ മുന്നോട്ടു വയ്ക്കുന്നത്. കൃത്യസമയത്തു രോഗം തിരിച്ചറിയുക, മുന്നിൽനിന്നു നയിക്കാൻ ഒരു കൂട്ടായ്മ രൂപപ്പെടുക തുടങ്ങി അനേകം ഘടകങ്ങൾ ഒരുമിച്ചുവന്നപ്പോഴാണു നിപ്പ മുട്ടുമടക്കിയത്. നിപ്പയെന്ന വിപത്തിൽ തടഞ്ഞുവീണിടത്തുനിന്ന് എഴുന്നേൽക്കുകയാണു നമ്മൾ‍. എന്നാൽ, ഒരുവിപത്തിലും തടഞ്ഞുവീഴാതിരിക്കുന്നതാണു മഹത്വം. അതിനു നിപ്പ നൽകുന്ന പാഠങ്ങൾ വലുതാണ്. നമ്മുടെ ആരോഗ്യ സമീപനം മാറണം. പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളും മാറണം. വിവിധ രോഗങ്ങൾ ബാധിച്ചവർ ആശുപത്രികളിലെത്തും. എന്നാൽ, അവർ അവിടെവച്ചു പുതിയൊരു രോഗം ബാധിച്ചു മരിക്കാൻ ഇടവരരുത്. 

ചികിൽസ തേടിയെത്തുന്ന എല്ലാവർക്കും കൃത്യമായ സുരക്ഷാ സംവിധാനമൊരുക്കി, ഏതു രോഗവും പകരാനുള്ള സാധ്യത തടയുക എന്നതാണ് ആശുപത്രികളിൽ‍ സ്ഥിരമായി നടപ്പിലാക്കേണ്ടത്. നിപ്പ തിരിച്ചറിയുന്നതിനുമുൻപ് ആറോളം പേരെ  വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. വൈറസ് തിരിച്ചറിഞ്ഞതിനുശേഷം എല്ലായിടത്തും രോഗവ്യാപനം തടയാൻ അതീവസുരക്ഷ ഒരുക്കി. രോഗബാധിതരായ അഞ്ചുപേരെ പ്രവേശിപ്പിച്ച ബേബി മെമ്മോറിയൽ ആശുപത്രിയിൽ മറ്റു രോഗികൾക്കോ അവരെ പരിചരിച്ച നഴ്സുമാർക്കോ രോഗം പകർന്നില്ല.

ഒരു രോഗിയിൽനിന്നു മറ്റൊരാളിലേക്കു രോഗം പകരാതിരിക്കാൻ എൻഎബിഎച്ച് (ആശുപത്രികളുടെ ദേശീയ അക്രെഡിറ്റേഷൻ ബോർഡ്) നിലവാരത്തിലുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാറുണ്ട് എന്നതാണു കാരണം. എൻഎബിഎച്ച് നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ‍ ആശുപത്രികൾക്കകത്തു രോഗവ്യാപനം തടയാനുള്ളതുകൂടിയാണ്. സ്വകാര്യ ആശുപത്രികളിൽ മാത്രമല്ല, പ്രാഥമിക ചികിൽസാകേന്ദ്രങ്ങൾ മുതൽ മുകളിലേക്കുള്ള എല്ലാ സർക്കാർ ചികിൽസാലയങ്ങളിലും സുരക്ഷാ മാനദണ്ഡം നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ഒരു രോഗിയെ ചികിൽസിച്ച ആസ്റ്റർ മിംസ് ആശുപത്രിയിലും രോഗം പകരാതെ സൂക്ഷിക്കാനായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതുതന്നെ കാരണം.

നിപ്പയാണോ എന്ന സംശയം ആദ്യം ഉയർന്നതു ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്. രോഗി ചികിൽസതേടി വന്നതുമുതൽ നിപ്പ സ്ഥിരീകരിച്ചതുവരെ സ്വീകരിച്ച ചികിൽസാരീതികൾ ഇങ്ങനെ.

ഓരോ ചുവടും സൂക്ഷ്മതയോടെ

മേയ് 17: പുലർച്ചെ രണ്ടരയ്ക്കു പേരാമ്പ്ര സൂപ്പിക്കട സ്വദേശിയായ സാലിഹിനെ അതീവ ഗുരുതരാവസ്ഥയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും ഛർദിയും ബാധിച്ച് രണ്ടുദിവസമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു സാലിഹ്. രോഗം കൂടിയതോടെയാണു കോഴിക്കോട്ടേക്കു റഫർ ചെയ്തത്. രോഗിയിൽ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണു കണ്ടത്. അതുകൊണ്ടു പ്രാഥമികചികിൽസകൾക്കുശേഷം തലയുടെ സ്കാനിങ്ങിനായി കൊണ്ടുപോയി. തലച്ചോറിൽ ഗുരുതരമായ നീർക്കെട്ടുണ്ടെന്നു കണ്ടെത്തി. തുടർന്ന് അതീവശ്രദ്ധ ലഭിക്കാൻ ക്രിട്ടിക്കൽ കെയർ മെഡിസിൻ‍ വിഭാഗത്തിനു കീഴിലുള്ള ക്ലോസ്ഡ് മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചു. 

ഓരോ സമയത്തും  രോഗിയിലുണ്ടാവുന്ന ചെറിയ വ്യതിയാനങ്ങൾ പോലും നിരീക്ഷിച്ച് അതിനു ചികിൽസ  ലഭ്യമാക്കാൻ ഇവിടെ 24 മണിക്കൂറും ഡോക്ടർമാരുണ്ട്. രോഗിക്കു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടു കൂടിയതുകൊണ്ട് കൃത്രിമ ശ്വാസോഛ്വാസ സംവിധാനത്തിലേക്കു മാറ്റി. തലച്ചോറിനെ ബാധിക്കുന്ന വൈറൽ പനിയുടെ ലക്ഷണങ്ങളുള്ളതിനാൽ ഡോ. അജിത് കെ.ഗോപാൽ, ഡോ. ജി.ഗംഗപ്രസാദ്,  എന്നിവരുൾപ്പെട്ട സംഘം ചികിൽസ തുടർന്നു. തലച്ചോറിൽ നീർക്കെട്ട് കുറയാൻ ചികിൽസ നൽകിത്തുടങ്ങി. 

തുടർന്നു ഡോക്ടർമാർ രോഗിയുടെ ബന്ധുക്കളുമായി വിശദമായി സംസാരിച്ചു. മേയ് അഞ്ചിനു രോഗിയുടെ സഹോദരൻ സാബിത്ത് സമാന രോഗലക്ഷണങ്ങളുമായി മെഡിക്കൽ കോളജിൽ മരിച്ചതായി അറിയുന്നത് അപ്പോഴാണ്. ഇതേ കുടുംബത്തിലെ മൂന്നാൾക്കുകൂടി പനിയുണ്ട് എന്നും ബന്ധുക്കൾ സൂചിപ്പിച്ചു. അവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ‍ നിർദേശം നൽകി. രണ്ടുപേരെ എമർജൻസി മെഡിസിനിലും ഒരാളെ ഐസിയുവിലും പ്രവേശിപ്പിച്ചു. ആദ്യ രോഗിയുടെ ഹൃദയത്തിൽനിന്നുള്ള രക്തപ്രവാഹത്തെ ബാധിക്കുന്ന മയോകാർഡൈറ്റിസ് ഗുരുതരാവസ്ഥയിലെത്തുന്നതായി കണ്ടു. രക്തസമ്മർദവും ഹൃദയമിടിപ്പും അനിയന്ത്രിതമാവുകയാണ്. ഇത്തരം ലക്ഷണങ്ങൾ സാധാരണയായി മസ്തിഷ്കജ്വരത്തിനു കാണാറില്ല. ഇതേസമയം വീട്ടിൽനിന്നു വിളിച്ചുവരുത്തി അഡ്മിറ്റ് ചെയ്ത രണ്ടുപേരുടെ നിലയും ഗുരുതരമായി. ഇവരെയും അത്യാഹിത വിഭാഗത്തിലേക്കു മാറ്റേണ്ടിവന്നു. ആശങ്ക വർധിക്കുകയായിരുന്നു.

സംശയങ്ങൾ ചർച്ചയിലേക്ക്

ഭക്ഷണത്തിലൂടെ വിഷാംശം ഉള്ളിൽ ചെന്നതാണോ എന്നതായിരുന്നു ആദ്യ സംശയം. എന്നാൽ, ബന്ധുക്കളുമായി സംസാരിച്ചതിൽനിന്ന് ഈ സാധ്യത തള്ളിക്കളഞ്ഞു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ ടോക്സിക്കോളജി വിഭാഗത്തിലെ ഡോ. വി.പി.പിള്ളയുമായി ഫോണിൽ സംസാരിച്ചു. രോഗിയുടെ ശരീരസ്രവത്തിന്റെ സാംപിൾ പരിശോധനയ്ക്കായി അങ്ങോട്ടയച്ചു. തുടർന്നാണു മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചുമായി ബന്ധപ്പെട്ടത്. രോഗിയുടെ ശരീരത്തിലെ മുഴുവൻ സ്രവങ്ങളുടെയും സാംപിളുകൾ കഴിയുന്നത്ര വേഗം പരിശോധനയ്ക്ക് എത്തിക്കാനായിരുന്നു അവിടുന്നുള്ള നിർദേശം. തുടർന്നു ബന്ധുക്കളെ വീണ്ടും വിളിച്ചുവരുത്തി. രോഗം തിരിച്ചറിയാൻ മണിപ്പാലിൽ പരിശോധനകൾ നടത്തണമെന്ന് അറിയിച്ചു. സാംപിളുകളുമായി പോവാൻ ഒരു ബന്ധുവിനെ ഏർപ്പാടാക്കി. രാത്രി പത്തിനു വിവിധ സാംപിളുകളുമായി രോഗിയുടെ ബന്ധു കോഴിക്കോട്ടുനിന്നു ബസിൽ യാത്രതിരിച്ചു. 

സംഭവബഹുലം രണ്ടാംദിവസം

മേയ് 18: രാവിലെ എട്ടോടെ സാംപിളുകൾ മണിപ്പാൽ റിസർച് സെന്ററിൽ എത്തിച്ചു. കോഴിക്കോട്ട് രോഗിയുടെ നില അതീവഗുരുതരമാവുകയാണ്. ക്രിട്ടിക്കൽ കെയർ‍ മെഡിസിനിലെ മൂന്നു ഡോക്ടർമാരും ന്യൂറോളജി വിഭാഗത്തിലെ ഡോ.കെ.ഉമ്മർ, ഡോ.സി.ജയകൃഷ്ണൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. പി.വി.ഭാർഗവൻ എന്നിവരും വിശദമായി പരിശോധിച്ചു. തുടർന്നു രോഗകാരണത്തെക്കുറിച്ചു ചർച്ച ചെയ്തു. പലരും പല നിർദേശങ്ങളും മുന്നോട്ടുവച്ചു. ഡോ.സി.ജയകൃഷ്ണനാണ് നിപ്പ വൈറസ് ബാധിച്ചാലുള്ള രോഗലക്ഷണങ്ങളാണു രോഗി കാണിക്കുന്നതെന്ന് ആദ്യം പറഞ്ഞത്. നിപ്പസാധ്യത ഉടൻ മണിപ്പാലിൽ വിളിച്ച് അറിയിച്ചു. ചികിൽസ തുടർന്നെങ്കിലും അൽപസമയത്തിനുശേഷം രോഗി മരിച്ചു.

പോസ്റ്റ്മോർട്ടം ടേബിളിൽ 

ബന്ധുക്കളുമായി വീണ്ടും സംസാരിച്ചു. രോഗി മരിച്ചെങ്കിലും രോഗകാരണം കണ്ടെത്താനായിട്ടില്ല. പരിശോധനകൾ നടക്കുകയാണ്. രോഗകാരണം കണ്ടെത്തിയാലേ മറ്റു രോഗികളെ രക്ഷിക്കാൻ കഴിയൂ. ഇക്കാര്യങ്ങൾ ബന്ധുക്കൾ മനസ്സിലാക്കി. തുടർന്നു പാത്തോളജിക്കൽ ഓട്ടോപ്സി നടത്താൻ‍ അവർ സമ്മതിച്ചു. അസുഖകാരണം കണ്ടെത്താനായി നടത്തുന്ന പോസ്റ്റുമോർട്ടമാണിത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം തലവൻ‍ ഡോ. കെ.പ്രസന്നകുമാറുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം വിശദമായ പോസ്റ്റുമോർട്ടത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു. പക്ഷേ, പോസ്റ്റുമോർട്ടം നടത്താൻ പൊലീസ് ക്ലിയറൻസ് ആവശ്യമാണ്. പേരാമ്പ്ര എസ്ഐ ഇൻക്വസ്റ്റ് നടത്തിയാലേ ക്ലിയറൻസ് ലഭിക്കൂ. നാദാപുരം ഡിവൈഎസ്പിയെ വിളിച്ചു വിവരം ധരിപ്പിച്ചു. വേഗം പേരാമ്പ്രയിൽനിന്നുള്ള പൊലീസ് സംഘമെത്തി നടപടികൾ പൂർത്തിയാക്കി.

മുന്നറിയിപ്പായി ആ സന്ദേശം

രാത്രി എട്ടരയോടെ മണിപ്പാലിൽനിന്ന് (ഡോ. അരുൺകുമാറിന്റെ) ഫോൺകോൾ വന്നു. വളരെ ഗുരുതരമായ വൈറസ് ബാധയാണ്. എന്നാൽ, വൈറസിന്റെ പേരു പുറത്തുപറയണമെങ്കിൽ നിയമപരമായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള  ഫലം കൂടി വരണം. രോഗി അതീവ ഗുരുതരാവസ്ഥയിലുള്ളപ്പോൾ സമീപത്തുള്ളവരിലേക്കാണു വൈറസ് പകരുക. അതുകൊണ്ട് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രത്യേക സുരക്ഷാസംവിധാനം ഉടൻ ഒരുക്കണം. പിന്നീട് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു. വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ.സരിത രാത്രിതന്നെ തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.ജയശ്രീ ഉടൻ ആശുപത്രിയിലെത്തി.

ഒരുക്കങ്ങൾ‍ക്കു തുടക്കം

മേയ്19: രാവിലെ മന്ത്രി ടി.പി.രാമകൃഷ്ണൻ, കലക്ടർ യു.വി.ജോസ്, ഡോ. ആർ.എൽ.സരിത, മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ തുടങ്ങിയവർ യോഗത്തിനെത്തി. വിദഗ്ധോപദേശത്തിനായി ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഇൻഫെക്‌ഷ്യസ് ഡിസീസ് വിദഗ്ധനും കോഴിക്കോട് സ്വദേശിയുമായ ഡോ. അബ്ദുൽ ഗഫൂറിനെ ബന്ധപ്പെട്ടു. കോഴിക്കോട്ടുണ്ടായിരുന്ന അദ്ദേഹം ഉടൻ‍ യോഗത്തിനെത്തി. ഈ യോഗത്തിലാണു നിപ്പയെ ചെറുക്കാനുള്ള ആസൂത്രണത്തിനു തുടക്കം കുറിച്ചത്. ആ തുടക്കമാണ് ഇപ്പോൾ വിജയപഥത്തിലെത്തുന്നത്. 

ഉറപ്പാക്കാൻ 42 ദിവസം

നിലവിൽ നിപ്പ പൂർണമായും നിയന്ത്രണവിധേയമാണ്. എന്നാൽ 42 ദിവസം കൂടി കാത്തിരുന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. രണ്ടാംഘട്ടത്തിലെ രോഗികളിൽനിന്നു രോഗബാധയേറ്റ മൂന്നോ നാലോ പേർകൂടി ചികിൽസ തേടാൻ സാധ്യതയുള്ളതായി പ്രതീക്ഷിക്കുന്നു. പക്ഷേ, ഇവരെല്ലാം രക്ഷപ്പെടും. നിപ്പ വൈറസ് ശരീരത്തിൽ പ്രവേശിച്ച ഒരു രോഗി പോലും നിരീക്ഷണവലയത്തിൽനിന്നു പുറത്തുപോവരുത്. എന്നാൽ മാത്രമേ, ഇനി രോഗസാധ്യതയില്ല എന്ന് ഉറപ്പിക്കാനാവൂ.

കേരളത്തിൽ ഇപ്പോൾ കണ്ട നിപ്പ വൈറസിന്റെ ഇൻകുബേഷൻ പീരിയഡ് പത്തു ദിവസമാണ്. എന്നാൽ, നാലു മുതൽ 21 ദിവസം വരെ എന്നതാണു സാധാരണ കണക്കാക്കാറുള്ളത്. പരമാവധി പരിധിയായ 21 ദിവസവും. അതുകഴിഞ്ഞു വീണ്ടുമൊരു 21 ദിവസവും  കാത്തിരിക്കും. ഇതിനിടയ്ക്കു നിപ്പ ബാധിച്ച ഒരു രോഗിപോലുമില്ല എന്നുറപ്പിക്കാം.

സംസ്കാരം, കരുതലോടെ 

നിപ്പ ബാധിച്ചു മരണമടഞ്ഞവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതുമുതൽ അതു സംസ്കരിക്കുന്നതുവരെ വിശ്രമമില്ലാതെ ഓടിയതു ഡോ.ആർ.എസ്.ഗോപകുമാറാണ്. നഗരസഭയുടെ ഹെൽത്ത് ഓഫിസറായ അദ്ദേഹം നിപ്പ സ്പെഷൽ ടാസ്ക് ഫോഴ്സിലെ അംഗവുമാണ്. അഞ്ചുപേരടങ്ങുന്ന സംഘമാണു സംസ്കാരത്തിനു നേതൃത്വം വഹിച്ചത്. ഇതിൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ശാസ്ത്രജ്ഞയായ റീമ സഹായിയും ഉണ്ടായിരുന്നു. 

ലോകാരോഗ്യ സംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്. 200 മൈക്രോൺ കനമുള്ള ഉയർന്നനിലവാരമുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു മൃതദേഹം വായുകടക്കാതെ മൂടും. തുടർന്നു പ്രത്യേക ബാഗിലേക്കു മാറ്റും. അണുനാശനത്തിന് അഞ്ചുകിലോ ബ്ലീച്ചിങ് പൗഡറിടും. 

പോളി പ്രൊപ്പലൈൻ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കാലുറകളും രണ്ടുകൈയുറകളും ശരീരമൊന്നാകെ പൊതിയുന്ന ബോഡി ബാഗും ധരിച്ചാണു മൃതദേഹത്തെ സമീപിക്കുന്നത്. ഇതിനൊപ്പം മുഖംമൂടിയും പ്രത്യേകം കണ്ണടയും ധരിക്കും. സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനിയിൽ മുക്കിയശേഷം, വസ്ത്രം  പിന്നീട് ഇൻസിനറേറ്ററിൽ കത്തിച്ചുകളയും. 

ഏകോപനം: വി.മിത്രൻ

(അവസാനിച്ചു)