Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെറ്റിയിലെ ചുളിവുകള്‍ പറയുന്നത് ഈ രോഗലക്ഷണം

forehead-wrinkles

മുപ്പതുകള്‍ കടന്നാല്‍ പ്രായത്തിന്റെ ആദ്യഅടയാളം ചുളിവുകളുടെ രൂപത്തില്‍ വീഴുന്നത് നെറ്റിയിലാണ്. ഇവ പ്രായമേറുന്നതിന്റെ സൂചന മാത്രമല്ല നല്‍കുന്നതെന്നു ഗവേഷകര്‍. ഒരു പ്രായം കഴിഞ്ഞാല്‍ ത്വക്കിനു പുറത്ത് ചുളിവുകള്‍ രൂപപ്പെടുന്നത് സ്വാഭാവികമാണ്. ആദ്യം നെറ്റിയിൽ, പിന്നീടാണ് കഴുത്തിലും കവിളിലുമെല്ലാം ചുളിവുകള്‍ എത്തുക. 

എന്നാല്‍ പ്രായത്തിന്റെ മാത്രം പ്രതിഭാസമായി ഇവയെ കാണേണ്ടെന്ന് അടുത്തിടെ പുറത്തുവന്നൊരു റിപ്പോര്‍ട്ട് പറയുന്നു. ഫ്രാന്‍സില്‍ നടത്തിയൊരു പഠനത്തിലാണ് നെറ്റിയിലെ ചുളിവുകള്‍ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മുഖത്തുണ്ടാകുന്ന എല്ലാ ചുളിവുകളും ആരോഗ്യപ്രശ്നത്തിന്റെ അടയാളമായി കരുതാനും സാധിക്കില്ല. 

ഹൃദ്രോഗസാധ്യത ഉണ്ടോ ഇല്ലയോ എന്നൊക്കെ വിലയിരുത്താന്‍  മെഡിക്കല്‍ ചെക്കപ്പ് വേണം. എങ്കിലും ഇത്തരം ചില ലക്ഷണങ്ങളെ നിസ്സാരമായി കാണരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 3,200 ആളുകളില്‍ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. രണ്ടു ദശാബ്ദകാലമാണ് ഇവരില്‍ നിരീക്ഷണം നടത്തിയത്. ഈ കാലയളവില്‍ ഇവരില്‍ പലരും മരിക്കുകയും ചെയ്തു. ഇത്തരത്തില്‍ മരിച്ച 233 പേരില്‍ നടത്തിയ പഠനത്തില്‍, ഇവരില്‍ 15.2 ശതമാനം ആളുകള്‍ക്കും രണ്ടോ അതിലധികമോ ചുളിവുകള്‍ നെറ്റിയില്‍ കണ്ടെത്തി. 6.6 ശതമാനം ആളുകള്‍ക്ക് ഒരു ചുളിവും 2.1 ശതമാനം പേര്‍ക്കു യാതൊരു കുഴപ്പങ്ങളും ഇല്ലാതെയും കാണപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിലാണ്, നെറ്റിയിലെ ചുളിവുകള്‍ ഹൃദ്രോഗസാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നതായി ഗവേഷകർ അവകാശപ്പെടുന്നത്. വയസ്സ്, ജോലിസമ്മര്‍ദം, രക്തസമ്മര്‍ദം, പ്രമേഹം, പുകവലി ഇങ്ങനെ ആളുകളുടെ പല ശീലങ്ങളും ഇവിടെ വിഷയമാണ്. ഹൃദ്രോഗത്തിലേക്കു വിരല്‍ ചൂണ്ടുന്ന പ്രധാനലക്ഷണമായ അതിരോസ്ക്ലിറോസിസ്(atherosclerosis) ന്റെ സൂചനയാണ് ഈ ചുളിവുകളെന്നു ഗവേഷകര്‍ പറയുന്നു. ധമനികളില്‍ കൊഴുപ്പടിയുന്നതിന്റെ ലക്ഷണമാണ് ഇത്. ശരീരത്തിലേക്ക് എത്തുന്ന ഓക്സിജന്‍ അളവിലെ വ്യത്യാസം കൂടിയാണ് ഇത് കാണിക്കുന്നത്.

Read More : ആരോഗ്യവാർത്തകൾ