വെള്ളപ്പൊക്കത്തിനു ശേഷം കൂടുതൽ പേർക്കും കടിയേറ്റത് അണലിയിൽ നിന്നാണ്. പറവൂർ, ഏലൂർ, പുത്തൻവേലിക്കര, ചാലക്കുടി, കൊരട്ടി, പെരുമ്പാവൂർ, ആലുവ പ്രദേശങ്ങളിലാണു കൂടുതൽ പേർക്കു കടിയേറ്റത്. പമ്പുകടിയേറ്റ വിവരം കൃത്യമായി തിരിച്ചറിഞ്ഞ് ഒട്ടും സമയം നഷ്ടപ്പെടാതെ ആശുപത്രികളിൽ എത്തിയാൽ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പ്. പാമ്പിൻ വിഷം ശരീരത്തിൽ കടന്നാൽ പ്രഥമ ശുശ്രൂഷ അനിവാര്യം. അപകടകരമായ രീതിയിൽ വിഷം വ്യാപിച്ചു ശ്വാസതടസ്സമുണ്ടാവുന്നതു തടയാൻ ആദ്യ ശുശ്രൂഷയിലൂടെ കഴിയും. 

ശ്രദ്ധിക്കേണ്ടത്: 

∙ പാമ്പു കടിയേറ്റയാൾക്കു ധൈര്യം പകർന്നു രക്തസമ്മർദം വർധിക്കാതെ നോക്കണം.  

∙ കടിയേറ്റതു കയ്യിലോ കാലിലോ ആണെങ്കിൽ ആ ഭാഗം താഴ്ത്തിവയ്ക്കണം.

∙ നടക്കാനോ ശരീരം ഇളകാനോ പാടില്ല. 

∙ മദ്യം നൽകരുത്. ലഘുഭക്ഷണവും വെള്ളവും കുടിക്കാം. 

∙ മുറുക്കിക്കെട്ടുകയോ മുറിവു കത്തികൊണ്ടു കീറുകയോ രക്തം ചോർത്തിക്കളയുകയോ ചെയ്യരുതെന്നാണ് ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്നത്.

∙ മുറിവിൽ അധികം മുറുക്കാതെ ബാൻഡേജ് കെട്ടാം.  

∙ പ്രഥമ ശുശ്രൂഷകൾ ചെയ്ത ശേഷം കടിയേറ്റയാളെ വിദഗ്ധ ചികിത്സ നൽകാൻ ആന്റിവെനം ലഭ്യമായ ആശുപത്രികളിലേക്കു മാറ്റണം. 

∙ പാമ്പിൻ വിഷ ചികിത്സയ്ക്കു, കടിച്ച പാമ്പിന്റെ ഇനം അറിയാൻ കഴിയുന്നതു ചികിത്സ വേഗത്തിലാക്കാൻ സഹായകരമാവും. എന്നാലും കടിച്ച പാമ്പിനെ തിരഞ്ഞു പിടിക്കാൻ ശ്രമിച്ച് ആളെ ആശുപത്രിയിലെത്തിക്കാൻ സമയം കളയരുത്.