Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗസാധ്യത മുൻകൂട്ടി അറിയാം

chest-pain

കാരണങ്ങൾ മനസിലാക്കിയാൽ നല്ലൊരു പരിധിവരെ ഹൃദയസ്തംഭനത്തിനെതിരെ സ്വയമൊരു പ്രതിരോധക്കോട്ട തന്നെ തീർക്കാനാകും. അതിന് ആദ്യം ഹാർട്ട് അറ്റാക്ക് എന്താണെന്ന് ആഴത്തിൽ അറിയണം.

ഹൃദയമാംസപേശികൾക്കു രക്തമെത്തിക്കുന്ന ചെറിയ രക്തധമനികളായ കൊറോണറി രക്തധമനികൾക്ക് ഉൾവശത്തു കൊഴുപ്പടിഞ്ഞുകൂടി ഈ രക്തധമനികളുടെ വ്യാസം കുറയും. ഹൃദയധമനിയിൽ വ്യാസം കുറഞ്ഞുപോയ ഭാഗത്ത് രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂർണമായി നിലയ്ക്കാം. ഇങ്ങനെ സംഭവിച്ച് പേശീകോശങ്ങൾ നശിക്കുന്ന മാരകാവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. രക്തക്കുഴലുകളിലെ ഈ തടസങ്ങൾ വർഷങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. പ്രായം കൂടുന്നതനുസരിച്ചു സ്വാഭാവികമായും എല്ലാവരിലും ഈ കൊഴുപ്പടിയൽ സംഭവിക്കുന്നുണ്ട്. എന്നാൽ, ചിലരിൽ നേരത്തേ പറഞ്ഞ പ്രതികൂലമായ കാരണങ്ങൾ മൂലം ഈ പ്രക്രിയ അതിവേഗത്തിലാകുകയും അതു പ്രായമെത്തും മുൻപേ തന്നെ ഹാർട്ട് അറ്റാക്കിൽ കലാശിക്കുകയും ചെയ്യും.

നേരത്തെ തിരിച്ചറിയാൻ

പുകവലി മുതൽ വ്യായാമമില്ലായ്മവരെയുള്ള അപായഘടകങ്ങളെ (റിസ്ക് ഫാക്ടേഴ്സ്) നോക്കി ഹൃദ്രോഗസാധ്യത മുൻകൂട്ടിയറിയാം. അപകടഘടകങ്ങൾ വച്ചുള്ള പലതരം സ്കോറിംഗുകളാണു ഹൃദ്രോഗസാധ്യത അനുമാനിക്കാനും പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യാനും ചികിത്സകരെ സഹായിക്കുന്നത്.

ഒരു അപായഘടകവും പ്രബലമല്ലാത്ത ഒരു നാൽപതു വയസുകാരന്റെ പത്തു വർഷത്തേക്കുള്ള ഹൃദ്രോഗസാധ്യത പത്തുശതമാനത്തിൽ താഴെയാണ്. എന്നാലയാളുടെ ബിപി 160—ൽ കൂടുകയും കൊളസ്ട്രോൾ 250mg/dlൽ കൂടുകയും ചെയ്താൽ ഈ സാധ്യത 20 ശതമാനമാകുന്നു. പ്രമേഹം കൂടി ബാധിച്ചാൽ ഇതു 30 ശതമാനമാകും. ഒപ്പം പുകവലിയും കൂടി ആരംഭിച്ചാൽ ഇതു 40 ശതമാനമായി കൂടും.

50 വയസ്സുള്ള പുരുഷൻ. പത്തു വർഷമായി പ്രമേഹമുണ്ട്. ദിവസം ഏതാണ്ട് 10 സിഗരറ്റു വലിക്കും. ടോട്ടൽ കൊളസ്ട്രോളും ഹൃദയാഘാതസാധ്യത കുറയ്ക്കുന്ന നല്ല കൊളസ്ട്രോളായ HDL കൊളസ്ട്രോളും തമ്മിലുള്ള അനുപാതം ഏഴാണ്. ബി. പി. 154/94. ഇദ്ദേഹത്തിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഹൃദ്രോഗസാധ്യത 30 ശതമാനമാണ്. 40 വയസ്സുള്ള സ്ത്രീ. പ്രമേഹമില്ല ടോട്ടൽ കൊളസ്ട്രോളും HDL കൊളസ്ട്രോളും തമ്മിലുള്ള അനുപാതം മൂന്ന്. ബി. പി 136/82. പുകവലിയില്ല. ഇവരുടെ അടുത്ത അഞ്ചു കൊല്ലത്തെ ഹൃദ്രോഗസാധ്യത 2.5 ശതമാനത്തിലും താഴെ മാത്രം. ഇങ്ങനെ അപായഘടകങ്ങളുടെ തോതുവച്ചുതന്നെ നമുക്കു ഹൃദ്രോഗസാധ്യത പ്രവചിക്കാനും മറുവഴി തേടാനും സാധിക്കുമെന്നു ചുരുക്കം.

അപായഘടകങ്ങളിലെങ്കിലും അറ്റാക്കു വരുമോ?

തീർച്ചയായും വരാമെന്നാണുത്തരം. ഹാർട്ട് അറ്റാക്ക് വരുന്ന രോഗികളിൽ 20 ശതമാനം പേരെങ്കിലും യാതൊരുവിധ അപായഘടകങ്ങളും കാണപ്പെടാത്തവരാണ്. അവരിൽ പ്രവർത്തിക്കുന്ന മറ്റു റിസ്ക്ഫാക്ടറുകൾ എന്തൊക്കെയാണെന്ന് നോക്കാം. പാരമ്പര്യം ഉൾപ്പെടെയുള്ള ജനിതകകാര്യങ്ങൾ, ശരീരത്തിലെ Homocystein എന്ന വസ്തുവിന്റെ അളവ്, Lp(q)— എന്നറിയപ്പെടുന്ന കൊളസ്ട്രോളിന്റെ ഒരു വകഭേദം, രക്തം കട്ടിപിടിക്കാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളുടെ അളവ് രക്തത്തിൽ കൂടുക എന്നിങ്ങനെ പല കാരണങ്ങളുമുണ്ട്.

രക്തത്തിൽ hsCRP— എന്ന വസ്തുവിന്റെ അളവു കൂടുന്നതു ഹൃദ്രോഗസാധ്യത കൂട്ടുന്നു. ഇത് ESR പോലെയുള്ള ഒരു പരിശോധനയാണ്. ധമനികളിൽ ഒരുതരം നീർക്കെട്ട് വരുന്നതിന്റെ നാന്ദിയാണിത്. hs CRP  കൂടുതലാണെങ്കിൽ ഹൃദ്രോഗ പ്രതിരോധപ്രവർത്തനങ്ങൾ വേണമെന്നാണ് ഇന്നു പ്രബലമായ വൈദ്യാഭിപ്രായം. hsCRP1mg/dl–ൽ താഴെ നിൽക്കുന്നതാണുത്തമം.