Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടുവേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ

knee-pain

മുട്ടു വേദനയ്ക്ക് ചികിത്സ തേടുന്നവരിൽ 90 ശതമാനം പേരും അമിതവണ്ണക്കാരാണ്. ശരീരത്തിന്റെ ഭാരം താങ്ങുന്നത് പ്രധാനമായും കാലിലെ മുട്ടാണ്. അതുകൊണ്ടാണ് അവയ്ക്ക് പെട്ടെന്ന് പ്രശ്നമുണ്ടാകുന്നതും. ശരീരഭാരം പൊക്കത്തിനനുസരിച്ച് ക്രമപ്പെടുത്തുക എന്നതാണ് ആദ്യപടി. പൊക്കം 160 സെന്റിമീറ്റർ ആണെങ്കിൽ 60 കിലോഗ്രാം ആയിരിക്കണം ശരീരഭാരം. ചതവുകൾ കാരണവും മുട്ട് വേദന വരാം. വേദന വരാനിടയാക്കുന്ന മറ്റൊരു പ്രശ്നമാണ് ആർത്രൈറ്റിസ് അഥവാ വാതം. 

മുട്ട് സന്ധിയിലെ അസ്ഥികളുടെ ചലനം സുഗമമാക്കാൻ അതിനുള്ളിലുള്ള ദ്രാവകമായ സൈനോവിയൽ ഫ്ലൂയിഡ് സഹായിക്കുന്നു. ഇതാണ് എല്ലുകൾ തമ്മിലുരസ്സുന്ന ഘർഷണം കുറയ്ക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ ഫ്ലൂയിഡിന്റെ അളവിൽ കുറവു വരികയും അതുവഴി മുട്ടു വേദനയുണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. ആദ്യം പടികൾ കയറുമ്പോൾ. പിന്നെ നടക്കുമ്പോൾ, അതിനുശേഷം വെറുതെ ഇരിക്കുമ്പോൾ പോലും മുട്ടിനു വേദന വന്നു തുടങ്ങും. തുടക്കത്തിലേ തന്നെ ഡോക്ടറെ കണ്ട് ചികിത്സ ചെയ്യുക തന്നെ വേണം. വേദന സംഹാരികളും സ്വയം ചികിത്സയും ശാശ്വത പരിഹാരമല്ല.

ലിഗമെന്റ് ടിയർ എന്നാല്‍ വിശ്രമം

എല്ലുകളെയും സന്ധികളെയും തമ്മിൽ ബന്ധിപ്പിച്ചു നിർത്തുകയാണ് ലിഗമെന്റുകളുടെ ജോലി. വീഴ്ച, ശക്തമായ ഇടി തുടങ്ങിയവ കൊണ്ടൊക്കെ കാൽക്കുഴ തിരിഞ്ഞു പൊകുന്നതു കൊണ്ടുമൊക്കെ ലിഗമെന്റ് ടിയർ വരാം. ആദ്യം വേദന പോലും കാണില്ല. പിന്നീട് നടക്കുമ്പോൾ േവദന കൂടിക്കൂടി വന്ന് അസ്വസ്ഥത വരുത്തുകയും ചെയ്യും. 

വീഴ്ച പോലുള്ള അപകടങ്ങൾ ഉണ്ടായ ശേഷം നീരും വേദനയും നീണ്ടു നിൽക്കുന്നുവെങ്കിൽ ഉടൻ ഡോക്ടറെ കാണുക. ആദ്യം വേദന തോന്നാത്തതു കൊണ്ട് ഡോക്ടര്‍ പ്ലാസ്റ്ററിടാൻ പറഞ്ഞാലും ചിലരതിനു  കൂട്ടാക്കാറില്ല. വിശ്രമം പോലുമില്ലാതെ വീണ്ടും നടക്കുകയും ചെയ്യും. ഓരോ തവണ കാലുകൾ ചലിപ്പിക്കുമ്പോഴും ടിയർ അഥവാ പൊട്ടൽ കൂടി വരികയും കാൽ അനക്കാൻ വയ്യാത്ത അവസ്ഥയിലെത്തുകയും ചെയ്യുമെന്നോർക്കണം. ലിഗമെന്റ് ടിയർ ഉണ്ടെങ്കിൽ ശ്രദ്ധയും വിശ്രമവും കാലുകൾക്ക് ആവശ്യമാണ്. 

∙‘പ്ലാസ്റ്ററിട്ടല്ലോ ഇനി കുഴപ്പമില്ലെ’ന്നു കരുതി അതുമായി അധികനേരം നടക്കുന്നതൊഴിവാക്കണം.

∙പരിക്ക് സംഭവിച്ച് 48 മണിക്കൂര്‍ നേരത്തേക്കെങ്കിലും ചൂടു വയ്ക്കരുത്. പകരം ഐസ് പായ്ക്ക് വയ്ക്കുക.

∙വിശ്രമത്തിലായിരിക്കുമ്പോൾ ഭക്ഷണത്തിൽ മിതത്വം പാലിക്കുകയും അമിത ഭക്ഷണം ഒഴിവാക്കുകയും വേണം. ഡോക്ടറുടെ നിർദേശപ്രകാരം ഇടുപ്പിനു മുകൾ ഭാഗത്തിനു പറ്റിയ ലഘു വ്യായാമങ്ങൾ ചെയ്യുകയുമാകാം. 

∙പ്ലാസ്റ്റർ എടുത്ത ശേഷവും ഡോക്ടറെ കണ്ട് ടിയർ മാറി എന്നുറപ്പു വരുത്തുക.

നിന്നും ഇരുന്നും ജോലി ചെയ്യുമ്പോൾ

ഒരു മണിക്കൂർ തുടർച്ചയായി നിന്നാൽ അഞ്ചു മിനിറ്റെങ്കിലും കാലു നീട്ടി വച്ച് ഇരിക്കുക. ഇടയ്ക്ക് കാൽപ്പാദത്തിൽ ചെറുതായി മസാജ് ചെയ്യുന്നതും രക്തയോട്ടം ക്രമമാകാൻ സഹായിക്കും. വേദന തുടങ്ങുമ്പോൾ തന്നെ ക്രെയ്പ് ബാൻഡേജ് പാദം മുതൽ മുട്ടു വരെ ചുറ്റുന്നത് നല്ലതാണ്. രണ്ടു കാലിലും വേദനയുള്ളവർ രണ്ടു കാലിലും ബാൻഡേജ് ചുറ്റി കാലുകള്‍ ഉയർത്തി വച്ചിരിക്കുക. സപ്പോർട്ടീവ് സ്റ്റോക്കിങ്ങുകൾ ഉപയോഗിക്കുന്നതു ഗുണം ചെയ്യും. സ്ഥിരമായി കിടപ്പിലായ വർക്കും ആക്സിഡന്റോ സർജറിയോ കഴിഞ്ഞ് ദീർഘനാൾ കിടക്കേണ്ടി വരുന്നവർക്കും ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന ‘ഡീപ് വെയ്ൻ ത്രോമ്പോസിസ്’ വരാൻ സാധ്യതയുണ്ട്. ഫിസിയോതെറപ്പിസ്റ്റുകൾ നിർദേശിക്കുന്ന വ്യായാമ ങ്ങൾ കൃത്യമായി ചെയ്യുക. സപ്പോർട്ടീവ് സ്റ്റോക്കിങ്സ് ധരിക്കുന്നതും നല്ലതാണ്. 

അധികനേരം ഒരേയിരുപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വെരിക്കോസ് വെയിൻ വരാനുള്ള സാധ്യതയുണ്ട്. കാലിന്റെ കാഫ് മസിലുകൾക്കു വേണ്ടത്ര ചലനമില്ലാതെയാകുന്നതു കൊണ്ടാണിതു വരുന്നത്. പറ്റുമ്പോഴൊക്കെ എഴുന്നേറ്റു നടക്കുക എന്നതാണ് പ്രധാനം. സീറ്റില്‍ തന്നെ ഇരുന്ന്  ചെയ്യാവുന്ന ചില വ്യായാമങ്ങൾ നോക്കാം. 

∙ കാൽ തറയിൽ നിന്നൽപ്പം ഉയർത്തി 5–10 മിനിറ്റ് നേരം കാൽക്കുഴ വട്ടത്തിൽ കറക്കുക. ഇടത്തോട്ട് കറക്കുന്ന അത്ര തന്നെ വലത്തോട്ടും കറക്കാൻ ശ്രദ്ധിക്കണം. 

∙ഇരിക്കുന്ന ഇരിപ്പിടത്തിലേക്ക് കാലു കയറ്റി വച്ചിട്ട് പാദങ്ങളിൽ കൂടുതൽ ശക്തിയായിട്ടല്ലാതെ പതിയെ അമർത്തി മസാജ് ചെയ്യുക.