പോഷകക്കുറവുള്ള ആഹാരം കാന്‍സറിനു കാരണമോ ?

ഇന്ന് ലോകത്ത് ആളുകള്‍ ഏറ്റവുമധികം ഭയക്കുന്ന രോഗമാണ് കാന്‍സര്‍. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ഈ രോഗം പിടിപെടുമെന്നു പ്രവചിക്കാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ ജീവിതചര്യയും കാന്‍സറും തമ്മില്‍ ഒരല്‍പം ബന്ധമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതില്‍ പ്രധാനം നമ്മള്‍ കഴിക്കുന്ന ആഹാരം തന്നെ.

പോഷകഗുണമില്ലാത്ത ആഹാരം കഴിക്കുന്നവരില്‍ കാന്‍സറിനുള്ള സാധ്യതയുണ്ടെന്ന് പാരിസിലെ ഫ്രഞ്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്‌ ആന്‍ഡ്‌ മെഡിസിനില്‍ നടത്തിയ പഠനത്തിൽ കണ്ടെത്തി‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഗവേഷകരും ഇതില്‍ പങ്കെടുത്തിരുന്നു. 

471,495 ആളുകളെയും അവരുടെ ആഹാരശീലങ്ങളെയും നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തലിലേക്ക്‌ അവര്‍ എത്തിയത്. ഇതില്‍  49,794 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 12,063 പേര്‍ക്ക് സ്തനാർബുദവും 6,745 പേര്‍ക്ക് പ്രോസ്ട്രേറ്റ് കാന്‍സറും 5,806 പേരില്‍ കൊളോറെക്റ്റല്‍ കാന്‍സറും കണ്ടെത്തി. ഇതിൽ, പോഷകമൂല്യം തീരെ കുറഞ്ഞ ആഹാരം കഴിച്ചവരില്‍ ആണ് കാന്‍സര്‍ നിരക്ക് വര്‍ധിച്ചു കണ്ടത്. 

പോഷകം കുറഞ്ഞ ആഹാരം കഴിക്കുന്ന സ്ത്രീകളെ ഏറ്റവുമധികം ബാധിച്ചത് ലിവര്‍ കാന്‍സര്‍ ആയിരുന്നു. അതുപോലെ ആര്‍ത്തവവിരാമത്തിനു ശേഷം ഇവരില്‍ സ്തനാർബുദ സാധ്യതയും വര്‍ധിക്കുന്നു. ശ്വാസകോശ കാന്‍സര്‍, കൊളോറെക്റ്റല്‍ കാന്‍സര്‍, ആമാശയകാന്‍സര്‍ എന്നിവയെല്ലാം പിന്നാലെയുണ്ട്.

ആഹാരസാധനങ്ങളുടെ പാക്കറ്റില്‍ അവയുടെ പോഷകഫലം രേഖപ്പെടുത്തുന്നതിന്റെ ആവശ്യകത ഇവിടെയാണ്‌ പ്രസക്തം. Nutrient profiling system (FSAm-NPS) ത്തിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്. ബ്രിട്ടിഷ്‌ ഫുഡ്‌ സ്റ്റാന്‍ഡേര്‍ഡ് എജന്‍സിയാണ് ഇതു വികസിപ്പിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം ഇതു സ്വീകരിച്ചു കഴിഞ്ഞു.