വയർ വീർക്കൽ; കാരണങ്ങൾ പലത്

എനിക്ക് ഉദരസംബന്ധമായ അസുഖം ഉണ്ട്. തൈറോയ്ഡിന്റെ നിലവാരത്തിലും ബുദ്ധിമുട്ടാണ്. ഉദരം ക്രമമല്ലാത്ത നിലയിൽ ഉയർന്നു കാണുന്നുണ്ട്. ചെസ്റ്റിന്റെ താഴ്ന്ന ഭാഗത്ത് ഇരുവശവും കുഴിവുണ്ട്.  Endoscopy, Calenoscopy Test നടത്തിയിട്ടുണ്ട്. ഉദരം ക്രമമായി വരുന്നതിനുള്ള ചികിത്സ കിട്ടുന്നതിന് ഡോക്ടർ സഹായം കിട്ടുന്നതിന് അപേക്ഷിക്കുന്നു.

പ്രിയ സുഹൃത്തേ, 

താങ്കളുടെ പ്രശ്നം അമിതമായി വീർത്തു വരുന്ന വയർ (ഉദരം) ആണ്. മധ്യവയസ്കരിലും പ്രായം ചെന്നവരിലും സാധാരണയായി കാണപ്പെടുന്ന ഒരു പ്രത്യേകതയാണിത്. കുടവയർ (Potbelly) എന്നാണിത് അറിയപ്പെടുന്നത്. 

ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം വ്യായാമക്കുറവു തന്നെയാണ്. ചില അസുഖങ്ങൾ– പ്രധാനമായും (1) മെറ്റബോളിക് സിൻഡ്രോം (2) ഹൈപ്പോ തൈറോയ്ഡിസം (3) കുഷിങ് സിൻഡ്രോം, പ്രമേഹം മുതലായവ ഉള്ളവർക്കു സാധാരണക്കാരേക്കാൾ കൂടുതലായി കുടവയർ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വയറിൽ വെള്ളം കെട്ടൽ ഉണ്ടാകുന്നതു കൊണ്ടും മുഴകൾ വളരുന്നതുകൊണ്ടും കുടലിൽ തടസ്സം ഉണ്ടാകുന്നതുകൊണ്ടുമൊക്കെ വയർ വീർക്കാം. 

ഈ അവസ്ഥ എന്തുകൊണ്ടാണെന്ന് ആദ്യം കണ്ടുപിടിക്കേണ്ടതുണ്ട്. എന്നിട്ട് അതിന്റെ കാരണങ്ങളെയാണ് ചികിൽസിക്കേണ്ടത്. അതിനായി ഒരു ജനറൽ ഫിസിഷനെയാണ് കാണേണ്ടത്. വയറുവീർപ്പിന്റെ കാരണം കണ്ടുപിടിച്ച് അതിനെയാണ് ചികിൽസിക്കേണ്ടത്. അതിനോടൊപ്പം തന്നെ ഭക്ഷണ നിയന്ത്രണവും സ്ഥിരമായ വ്യായാമവും ആവശ്യമാണ്.