മുലയൂട്ടാം, കുഞ്ഞുങ്ങൾക്ക് നുകരാം പോഷണം

നവജാത ശിശുക്കളുടെ മരണ നിരക്കിൽ ഇന്ത്യയിൽ ഏറ്റവും കുറവ് മരണ നിരക്കുള്ളത് നമ്മുടെ ജില്ലയിലാണ്. ആയിരത്തിൽ 3.1 മാത്രം. ആധുനിക ചികിൽസാ സൗകര്യങ്ങൾ മാത്രമല്ല അതിനു കാരണം എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണം കൊണ്ടു കൂടിയാണ് ജില്ലയിലെ അമ്മമാർ ഈ നേട്ടത്തിന് അർഹരായത്. ഒന്നു മുതൽ ഏഴു വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുമ്പോൾ ഇവിടത്തെ അമ്മമാർക്കും അഭിമാനിക്കാൻ ഏറെയുണ്ട്. 

നവജാത ശിശുക്കൾക്ക് മുലപ്പാൽ പോഷകങ്ങളുടെ ഏറ്റവും വലിയ സ്രോതസാണ്. നവജാത ശിശുക്കളെ അണുബാധയിൽനിന്നു സംരക്ഷിക്കുന്ന ആന്റിബോഡികൾ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിൽ വയറിളക്കം, നെഞ്ചിലെ അണുബാധ, ചെവിയിലുണ്ടാകുന്ന അണുബാധ, മൂത്രത്തിലുണ്ടാകുന്ന അണുബാധ എന്നിവ സാധാരണയാണ്. മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ വളർച്ച കൂടുതൽ മികച്ചതാണെന്നു പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഫോർമുല ഭക്ഷണം കഴിച്ചുവളരുന്ന കുട്ടികൾക്ക് എക്സീമ, പ്രമേഹം എന്നിവ രൂപപ്പെടാനുള്ള സാധ്യത മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികളേക്കാൾ വളരെക്കൂടുതലാണ്. 

മുലയൂട്ടുന്നത് അമ്മമാർക്കും വളരെ നല്ലതാണ്. ഗർഭകാലത്ത് ശരീരത്തിൽ ഉണ്ടായ അമിതഭാരം കുറയ്ക്കാൻ മുലയൂട്ടൽ സഹായിക്കും. സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവയിൽനിന്ന് സംരക്ഷണവും പിന്നീടുള്ള ജീവിതത്തിൽ കരുത്തുള്ള എല്ലുകളും നൽകാൻ മുലയൂട്ടുന്നത് സഹായിക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

മുലപ്പാൽ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനായി കുഞ്ഞുണ്ടായി മുപ്പതു മിനിറ്റുകൾക്കകം കുഞ്ഞിനെ മുലപ്പാൽ കുടിപ്പിക്കണം. പ്രസവത്തിന് ശേഷം അമ്മയുടെ മുലപ്പാലിൽ അടങ്ങിയിരിക്കുന്ന മഞ്ഞ നിറത്തിലുള്ള കൊളസ്ട്രം കുഞ്ഞിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൊളസ്ട്രത്തിൽ അടങ്ങിയിരിക്കുന്ന ധാരാളം ഘടകങ്ങൾ കുഞ്ഞിനെ ഒട്ടേറെ അസുഖങ്ങളിൽനിന്നു സംരക്ഷിക്കും. മുലപ്പാൽ പ്രകൃതിദത്തമായ പ്രതിരോധമരുന്ന് എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ ആറു മാസം കുഞ്ഞിന് ആവശ്യമായ ഭക്ഷണവും വെള്ളവും മുലപ്പാലിലൂടെ ലഭിക്കുന്നു. 

മുലപ്പാൽ ഉത്പാദിപ്പിക്കുന്നതിന് കാരണമായ ധാരാളം ഹോർമോണുകളുണ്ട്. ഇതിൽ ഏറ്റവും പ്രധാനം പ്രൊലാക്ടിൻ ഹോർമോണാണ്. ഈ ഹോർമോൺ ഉൽപാദിപ്പിക്കുന്നത് തലച്ചോറിന്റെ മുൻഭാഗത്തായി കാണപ്പെടുന്ന പിറ്റിയൂട്ടറി ഗ്ലാൻഡ് ആണ്. കുഞ്ഞ് മുല വലിച്ചുകുടിക്കുമ്പോഴുള്ള ഉത്തേജനം ഈ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും അത് ഹോർമോണുകളെ ഉൽപാദിപ്പിക്കുകയും അതിന്റെ ഫലമായി സ്തനകോശങ്ങളിൽ മുലപ്പാൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. 

എപ്പോഴൊക്കെയാണ് മുലയൂട്ടേണ്ടത്? 

രാത്രിയിലും പകലും കുഞ്ഞിന്റെ ആവശ്യമനുസരിച്ച് ഏകദേശം എട്ട് മുതൽ പന്ത്രണ്ട് തവണ വരെ മുലയൂട്ടണം. ഇടയ്ക്കിടെ മുലയൂട്ടുന്നത് ആവശ്യമായ അളവിൽ മുലപ്പാൽ ഉൽപാദിപ്പിക്കുന്നതിന് സഹായിക്കും. 

ബുദ്ധിമുട്ടുകൾക്ക് പരിഹാരങ്ങൾ 

മുലക്കണ്ണ് വിണ്ടുകീറുകയാണെങ്കിൽ മുലയൂട്ടിക്കഴിഞ്ഞ് പാൽ പിഴിഞ്ഞെടുത്ത് മുലക്കണ്ണിൽ തേച്ചുപിടിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ക്രീമുകളോ ഓയിൻമെന്റുകളോ ആരോഗ്യ വിദഗ്ധന്റെ നിർദേശപ്രകാരമല്ലാതെ ഉപയോഗിക്കരുത്. ഇടയ്ക്കിടെ മുലയൂട്ടുന്നത് സ്തനങ്ങൾ വീങ്ങാതിരിക്കാൻ സഹായിക്കും. ഒരു വശത്തുനിന്നു മുലയൂട്ടിക്കഴിഞ്ഞതിനു ശേഷം മാത്രം മറുവശത്തുനിന്ന് മുലയൂട്ടുക. നിങ്ങളുടെ സ്തനത്തിൽ വേദനയോ തൊടാൻ പറ്റാത്ത രീതിയിൽ ചൂടോ തോന്നിയാൽ ആരോഗ്യ വിദഗ്ധനെ സമീപിക്കുക. ആറുമാസമാകുന്നതിനു മുൻപ് മുലപ്പാലിനൊപ്പം മറ്റെന്തെങ്കിലുംകൂടി നല്കുന്ന മിക്സഡ് ഫീഡിങ് ആരോഗ്യകരമായ ഒരു രീതിയല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. 

ഓർമിക്കുക 

കുഞ്ഞിന് ആറു മാസം പ്രായമായാൽ മുലയൂട്ടുന്നത് തുടരുന്നതോടൊപ്പം മറ്റ് ഭക്ഷണങ്ങളും നൽകിത്തുടങ്ങാം. മുലയൂട്ടുന്ന കാലയളവിൽ അമ്മമാർ മൂന്നു നേരം പ്രധാന ഭക്ഷണവും രണ്ട് നേരം ചെറിയ രീതിയിലുള്ള ഭക്ഷണവും ദിവസവും മൂന്നു മുതൽ നാല് ലീറ്റർ വെള്ളവും കുടിക്കണം. മുലപ്പാൽ ഉൽപാദിപ്പിക്കുന്നതിനായി മറ്റ് പ്രത്യേക ഭക്ഷണങ്ങളൊന്നും ആവശ്യമില്ല. ജലദോഷം, ഫ്ളൂ, തൊണ്ടവേദന, പനി എന്നീ സാധാരണ അസുഖങ്ങൾ വന്നാൽ മുലയൂട്ടുന്നത് നിർത്തേണ്ടതില്ല. നിങ്ങൾ മൂലയൂട്ടുന്ന വ്യക്തിയാണെന്ന് ആരോഗ്യ വിദഗ്ധനോട് പറയുക. 

മുലപ്പാൽ സൂക്ഷിക്കുന്ന വിധം 

പുതിയതായി പിഴിഞ്ഞെടുത്ത മുലപ്പാൽ സാധാരണ താപനിലയിൽ നാലു മണിക്കൂർവരെ സൂക്ഷിക്കാവുന്നതാണ്. ഐസ് പാക്ക് വച്ച് ഇൻസുലേറ്റഡ് കൂളർ കവറിലോ റഫ്രിജറേറ്ററിലോ മുലപ്പാൽ 24 മണിക്കൂർ വരെ സൂക്ഷിക്കാം. മൂന്നുമാസം വരെ ഫ്രീസറിലും സൂക്ഷിക്കാം. കവറിനു മുകളിൽ സമയവും ദിവസവും രേഖപ്പെടുത്താൻ മറക്കരുത്. സൂക്ഷിച്ചുവച്ച മുലപ്പാൽ ചെറുചൂടുള്ള വെള്ളത്തിൽ വച്ച്, സാധാരണ താപനില എത്തിയതിനുശേഷം ഉടനെതന്നെ ഉപയോഗിക്കണം. മുലപ്പാൽ നേരിട്ട് ചൂടാക്കരുത്. ഒരു തവണ സാധാരണ താപനിലയിലെത്തിയ മുലപ്പാൽ വീണ്ടും റഫ്രിജറേറ്ററിൽ തിരികെവച്ച് സൂക്ഷിക്കരുത്.