സോറിയാസിസ് പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

എനിക്കു സോറിയാസിസ് എന്ന രോഗം പിടിപെട്ടിട്ടു പത്തു വർഷമായി. ആരംഭത്തിൽ പാദത്തിന്റെ ഇരുവശങ്ങളിലായി ചെറിയൊരു ചൊറിയായിട്ടാണു വന്നത്. പിന്നീടു ഘട്ടംഘട്ടമായി തലതൊട്ട് എല്ലാ ഭാഗങ്ങളിലും പടർന്നുപിടിച്ചു. ശരീരമാകെ അസഹ്യമായ ചൊറിച്ചിലും തുടങ്ങി. തലയിൽനിന്നു വെളുത്ത പൊടിയും പൊറ്റനും അടർന്നു വീഴുന്നുണ്ട്. മൊത്തത്തിൽ തൊലിക്കു നിറവ്യത്യാസവുമുണ്ട്. കറുപ്പു നിറമായിട്ടാണു കാണുന്നത്. എനിക്കു ശാരീരികമായി യാതൊരു അസുഖങ്ങളുമില്ല. രക്താതിമർദത്തിന് AMLOKIND-5 ഗുളിക ഒരുദിവസം ഒന്നു വീതം കഴിക്കുന്നുണ്ട്. എന്നാൽ സോറിയാസിസിനായി ആയുർവേദവും അലോപ്പതിയും യുനാനിയുമൊക്കെ പരീക്ഷിച്ചു. ഒരുമാറ്റവും കാണുന്നില്ല. അലോപ്പതിയിൽ ചെറിയ മാറ്റം കാണുന്നുണ്ടെങ്കിലും പൂർണമായി വ്യത്യാസമൊന്നുമില്ല. ഇതിനു ഡോക്ടർ ഒരു പോംവഴി പറഞ്ഞു തരുമോ? ഞാൻ വളരെ കഷ്ടത്തിലാണ്. രണ്ടുതവണ ഞാൻ ബയോപ്സി ടെസ്റ്റും നടത്തിയിട്ടുണ്ട്. എല്ലാം ഒരേപോലെയുള്ള റിപ്പോർട്ട് തന്നെ. 

സോറിയാസിസ് ഏകദേശം ഒരു ശതമാനം ആൾക്കാരെ ബാധിക്കുന്ന ഒരു ത്വക് രോഗമായി കരുതാം. ചെറിയ പാരമ്പര്യ പ്രവണത ഉണ്ടെങ്കിലും പകരുന്ന രോഗമല്ല. സാധാരണയായി അൻപതു വയസ്സു കഴിഞ്ഞവരിലാണു കണ്ടു തുടങ്ങുന്നതെങ്കിലും ചെറുപ്പക്കാരെയും ബാധിച്ചു കാണുന്നുണ്ട്. താമസിച്ചു തുടങ്ങുന്നവരുടെ രോഗം ഗുരുതരമാകാറില്ല. പലരിലും സന്ധിവാതം കൂടെ കാണുന്നുണ്ട്. പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. സാധാരണയായി ചർമം അടിയിൽനിന്ന് ഉപരിതലത്തിലെത്തി ഉതിർന്നു പോകുന്നതിന് ഏകദേശം രണ്ടാഴ്ച എടുക്കുമെങ്കിലും സോറിയാസിസ് രോഗത്തിൽ രണ്ടുമൂന്നു ദിവസംകൊണ്ടുതന്നെ ഇതു സംഭവിക്കുന്നു. ചെറുതും വലുതുമായി ഏകദേശം വൃത്താകൃതിയിൽ ഒരു നാണയവലുപ്പം മുതൽ ഏറ്റക്കുറച്ചിലോടെ ചുമന്നു ചെറുതായി തടിച്ച് ഉപരിചർമം ഇടയ്ക്കിടയ്ക്ക് ഉതിർന്നു മൊരിയായോ വെള്ളിക്കടലാസുകഷണം പോലെയോ ഇളകിപ്പോകും. കാഴ്ചയ്ക്കു വൃത്തികേടാണെങ്കിലും വലിച്ചു കളഞ്ഞാൽ രക്തം പൊടിഞ്ഞേക്കാം. 

ദേഹത്തും കൈകാലുകളിലും പുറംഭാഗത്തുമാണ് കൂടുതലായി കണ്ടു വരുന്നത്. ചിലപ്പോൾ നല്ല ചൊറിച്ചിലും അനുഭവപ്പെടും. തലയിൽ മുടി വളരുന്ന ഭാഗത്ത് ചെവിയുടെ പുറകിലും ആരംഭിച്ചു വ്യാപിച്ചേക്കാം. പൊക്കിൾ ഭാഗത്തെയും പുറംചെവിയെയും കാൽവിരലുകളെയും ബാധിച്ചു നിറത്തിൽ കുറച്ചു കറുപ്പോ വെളുപ്പോ വന്നു കൂടിയേക്കാം. നഖത്തിനറ്റവും കുറച്ചു പൊങ്ങി വിട്ടുനിന്നേക്കാം. പത്തു ശതമാനം പേർക്കെങ്കിലും സന്ധിവാതവും കാണുന്നുണ്ട്. രോഗപ്രതിരോധ ശക്തിയുടെ ഇമ്യൂണിറ്റിയിലെ സൈറ്റോക്കിൻ അതിപ്രവർത്തനത്തിൽകൂടി ചർമവും ഉപരിചർമവും വേഗത്തിൽ ഉതിർന്നു പോകുന്നു. മഞ്ഞുകാലത്ത് രോഗം കൂടുതലാകാൻ സാധ്യതയുണ്ട്. 

ടെൻഷൻ, പിരിമുറുക്കം, ആശങ്ക ഇവയൊക്കെ രോഗം കൂടുന്നതിനു കാരണമാകാം. ഏറ്റക്കുറച്ചിലോടെ ഉരുണ്ടുകളിക്കുന്ന ഈ രോഗം നശിപ്പിക്കാൻ സാധിച്ചില്ലെങ്കിലും നിയന്ത്രിക്കാൻ സാധിക്കും. ഇതിനു ചില്ലറ മാർഗങ്ങൾ മുതൽ ഗഹനമായ മാർഗങ്ങൾ വരെ നിർദേശിക്കാറുണ്ട്. ഏറ്റവും പ്രധാനം പൊതുവേ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്. ശരീരത്തിന് അമിതഭാരമുണ്ടെങ്കിൽ അതു കുറയ്ക്കണം. കോൾടാർ, ലിക്വിഡ് പാരഫിൻ, വെളിച്ചെണ്ണ മുതലായവ പുരട്ടുന്നതു പ്രയോജനകരമായിരിക്കും. ശരീരം ഉണങ്ങിയിരിക്കാൻ അനുവദിക്കാതെ എണ്ണമയം പുരട്ടുന്നതും ഗുണകരമായിരിക്കും. കോർട്ടിസോൺ ലേപനങ്ങളും താൽക്കാലികമായി ഗുണം ചെയ്യും. അൾട്രാവയലറ്റ് എയും സൊറാലൻ ലേപനങ്ങളും ഗുണം ചെയ്യും. മീതോട്രെക്സേറ്റ് ഗുളികയും വ്യാപകമായി രോഗം നിയന്ത്രിക്കാൻ സഹായിക്കും. നിരാശ വെടിഞ്ഞ് പ്രത്യാശയോടെ ചികിൽസ എടുക്കുന്നതായിരിക്കും ഏറ്റവും ഫലപ്രദം.