Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗികള്‍ക്ക് ഓരോ ഇരുപതു മിനിറ്റും വിലപ്പെട്ടത്

heart-attack

ഹൃദ്രോഗികള്‍ ഓരോ ഇരുപതുമിനിട്ടുകള്‍ കൂടുമ്പോഴും ലഘുവ്യായമങ്ങളില്‍ ഏര്‍പ്പെടണമെന്നു പഠനം. ദീര്‍ഘനേരം ഇരുന്നുള്ള ജോലികള്‍ ചെയ്യുമ്പോഴാകണം ഇങ്ങനെ ചെയ്യേണ്ടത്. ദീര്‍ഘനേരം ഓഫീസില്‍ ജോലി ചെയ്യുന്നവര്‍, ടിവി കാണുന്നവര്‍ എല്ലാം ഇരുപതു മിനിറ്റ് കൂടുമ്പോള്‍, കുറഞ്ഞത്‌ ഏഴ് മിനിറ്റ് നേരമെങ്കിലും ചെറിയ വ്യായാമം ചെയ്യണമെന്നാണു പഠനം പറയുന്നത്. വ്യായാമം എന്നു പറയുമ്പോള്‍ മറ്റൊന്നും വേണ്ട ഒരേയിരുപ്പ് ഇരിക്കാതെ അൽപം നടന്നാല്‍ മാത്രം മതിയാകും.

ദീര്‍ഘനേരം ഒരേയിരുപ്പ് ഇരുന്നുള്ള ജോലികള്‍ ആയുസ്സ് കുറയ്ക്കുമെന്ന് നേരത്തെതന്നെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഹൃദ്രോഗികളുടെ കാര്യത്തില്‍ ഇത് ഗൗരവകരമാണെന്ന് ഈ പഠനത്തില്‍ പറയുന്നു. ചെറിയ ഇത്തരം വ്യായാമങ്ങള്‍ പോലും ഒരുദിവസം  770 കാലറി ശരീരത്തില്‍ നിന്നു പുറംതള്ളാന്‍ സഹായകമാകും. 

ഈ വർഷം നടന്ന കാനഡിയന്‍ കാര്‍ഡിയോവാസ്കുലാര്‍ കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ചു പരാമര്‍ശമുണ്ടായിരുന്നു. എത്ര ഇടവേളകളില്‍ എത്ര നേരം വ്യായാമം എന്നതിനെ സംബന്ധിച്ചായിരുന്നു അത്. ആല്‍ബേര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകനായ ഐലര്‍ റമാദി പറയുന്നത് ഹൃദ്രോഗികള്‍ ഓരോ ഇരുപതുമിനിറ്റ് നേരവും കുറഞ്ഞത്‌ ഏഴു മിനിറ്റെങ്കിലും ലഘുവ്യായാമങ്ങള്‍ ചെയ്യണം എന്നു തന്നെയാണ്. ഇടയ്ക്കിടെ എഴുനേല്‍ക്കുക, ഒരൽപ്പനേരം നടക്കുക എന്നിങ്ങനെയുള്ള ചെറിയ വ്യായാമങ്ങള്‍ മതിയാകും എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 

63 വയസ്സിനിടയില്‍ പ്രായമുള്ള  132 ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവരെ ഒരു ദിവസം ഇരുപത്തിരണ്ടു  മണിക്കൂര്‍ നേരം എന്ന കണക്കില്‍ ഒരാഴ്ച നിരീക്ഷിച്ച ശേഷമായിരുന്നു ഈ കണ്ടെത്തല്‍. ഇതിനായി Armband activity monitor ന്റെ സഹായം തേടിയിരുന്നു. 

ദീര്‍ഘനേരമുള്ള ഇരുത്തം ആരോഗ്യത്തിനു ദോഷകരമാണെന്നു പല പഠനങ്ങളിലും കണ്ടെത്തിയതാണ്. തന്റെ പഠനപ്രകാരം ഹൃദ്രോഗികള്‍ ഇരുന്നുള്ള ജോലി ചെയ്യുമ്പോള്‍ ഓരോ മണിക്കൂറും ചുരുങ്ങിയത്  21 മിനിറ്റ് എങ്കിലും ലഘുവ്യായാമങ്ങള്‍ ചെയ്തിരിക്കണമെന്നു  ഐലര്‍ റമാദി  പറയുന്നു.