മറക്കരുത്, എച്ച്ഐവി ബാധിതരും മനുഷ്യരാണ്

എച്ച്ഐവിയെക്കുറിച്ച് പൊതുവേ സമൂഹത്തിൽ തെറ്റായ ധാരണകളാണുള്ളത്.  HIV എന്നത് ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി എന്ന് പേരുള്ള ഒരു വൈറസിനാൽ ഉണ്ടാകുന്ന ഒരു രോഗമാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കാർന്നു തിന്നുന്ന ഒരു വൈറസാണ് ഇത്. തന്മൂലം ശരീരത്തിലേക്ക് കയറിക്കൂടുന്ന മറ്റ് അണുബാധകൾ മരണത്തിലേക്ക് നയിക്കുന്നു. ഈ രോഗം പകരുന്നത് ലൈംഗിക ബന്ധത്തിലൂടെയും രോഗം ബാധിച്ച ആളുകളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗർഭാവസ്ഥയിൽ അമ്മയിൽ നിന്നു കുഞ്ഞിലേക്കും അണു വിമുക്തമാക്കാത്ത സിറിഞ്ചുകളിലൂടെയുള്ള കുത്തിവയ്പിലൂടെയും ആണ്. രോഗിയുടെ കൂടെ ഭക്ഷണം കഴിക്കുന്നതിലൂടെയോ ഒരുമിച്ച് താമസിക്കുന്നത് കൊണ്ടോ രോഗിയെ തൊടുന്നതു കൊണ്ടോ ഹസ്തദാനം ചെയ്യുന്നതു കൊണ്ടോ പകരുകയില്ല. പല ആളുകളും ഇത്തരം അബദ്ധധാരണകളാൽ പരിഭ്രാന്തരായി അവരുടെ മാനസികാരോഗ്യത്തിനു ദോഷം വരുത്തി വയ്ക്കുന്നു. കൊതുകുകളിലൂടെയോ വായുവിലൂ ടെയോ ഈ രോഗം പകരുകയില്ല എന്നതും അറിയേണ്ട വസ്തുതയാണ്. 

അസുഖം ബാധിച്ച ആളുകൾക്ക്  വിട്ടുമാറാത്ത പനി, വിശപ്പ് കുറവ്, ശരീരഭാരം കുറയുക, വിട്ടുമാറാത്ത വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ ചിലർക്ക് രോഗം മൂർച്ഛിക്കുന്നത് വരെ പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറുമില്ല. സാധാരണയായി ക്ഷയ രോഗം ഈ അസുഖത്തോടൊപ്പം തന്നെ കാണാറുണ്ട്. മസ്തിഷ്കജ്വരം, ന്യുമോണിയ എന്നിവയും കണ്ടുവരാറുണ്ട്. ELISA എന്ന ടെസ്റ്റിലൂടെ ഈ രോഗം നേരത്തേ കണ്ടു പിടിക്കാം. ഇതാകട്ടെ എല്ലാ സർക്കാർ ആശു പത്രികളിലും സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. 

രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പിന്നെ CDU Count  test  ചെയ്ത് രോഗത്തിന്റെ തീവ്രത കണക്കാക്കുന്നു. ഈ രോഗത്തിന്റെ ഒരു പ്രത്യേകത ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണം എന്നതാണ്. കൃത്യമായി മരുന്നു കഴിക്കുന്ന രോഗികൾ ഒരു സാധാരണ മനുഷ്യന്റെ ശരാശരി ആയുസ്സ് വരെ ആരോഗ്യത്തോടെ ജീവിക്കുന്നു. ചികിത്സയില്ലാത്ത അസുഖം എന്നത് ഒരു മിഥ്യയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് രോഗി കഴിക്കേണ്ട ഗുളികകളുടെ എണ്ണം വളരെ കുറവാണ്. എച്ച്ഐവി ബാധയുള്ള രോഗിയെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നത് രോഗികൾക്കും കുടുംബത്തിനും തീരാ ദുഃഖമാണ് നൽകുന്നത്. അതു കൊണ്ടുതന്നെ ഈ അസുഖം ബാധിച്ച മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്നത് ഒരു ഭഗീരഥ പ്രയത്നമാണ്. ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും ഈ രോഗം ബാധിച്ച  മനുഷ്യർക്കുമുണ്ട് എന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. 

ഡോ.ഷരീക്ക് പി. എസ്.
കൺസൽട്ടന്റ് ഇൻ ഇൻഫെക്ഷിയസ് ഡിസീസ്
എസ്.യു.ടി. ഹോസ്പിറ്റൽ, പട്ടം. തിരുവനന്തപുരം