500 മരുന്നുകൾ കൂടി നിരോധിക്കാൻ സാധ്യത; നിരീക്ഷിക്കുന്നത് 6,000 എണ്ണം

ന്യൂഡൽഹി∙ കഴിഞ്ഞയാഴ്ച നിരോധിച്ച 334 മരുന്നുകൾക്കു പിന്നാലെ അഞ്ഞൂറോളം മരുന്നുകൾ കൂടി നിരോധിക്കാൻ സാധ്യത. നിരവധി ആന്റിബയോട്ടിക്കുകളും പ്രമേഹ വിരുദ്ധ മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. നിരോധിച്ച മരുന്നുകളിൽ ചുമയ്ക്കു സ്ഥിരമായി ഉപയോഗിക്കുന്ന സിറപ്പുകളായ ഫെൻസെഡിൽ, കോറെക്സ്, ബെനാഡ്രിൽ തുടങ്ങിയവയും നിരോധിക്കപ്പെട്ടിട്ടുണ്ട്.

ആകെ ആറായിരത്തോളം ഉൽപ്പന്നങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഇതിൽ കുറഞ്ഞത് 1000 എണ്ണമെങ്കിലും ഒന്നിലേറെ മരുന്നുകളുടെ സംയുക്തങ്ങളാണ് (ഫിക്സഡ് ഡോസ് കോമ്പിനേഷൻ – എഫ്ഡിസി). ഇതിൽ അടുത്ത ആറു മാസങ്ങൾക്കുള്ളിൽ അഞ്ഞൂറോളം മരുന്നുകൾ നിരോധിക്കുമെന്നാണ് സൂചനകൾ.

യുക്തിയില്ലാത്ത ഔഷധ സംയുക്തങ്ങളാണ് ഇവയെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ നിലപാട്. ഇവ ആന്റി മൈക്രോബിയൽ പ്രതിരോധത്തിനു കാരണമാകുമെന്നും ഔഷധങ്ങൾ ഒരുമിച്ചു ചേർക്കുമ്പോഴുണ്ടാവുന്ന പ്രതിപ്രവർത്തനം ചിലപ്പോൾ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കാനിടയുണ്ട്. ഒരു അവയവം തന്നെ പ്രവർത്തനരഹിതമായേക്കാം. മാത്രമല്ല, ചേരുവയിലുള്ള മരുന്നുകളുടെ ഡോസ് പ്രത്യേകമായി നിശ്ചയിക്കാനും നിയന്ത്രിക്കാനും കഴിയാതെ വരും. പാർശ്വഫലമുണ്ടായാൽ ചേരുവയിലെ ഏതു മരുന്നിൽ നിന്നാണിതു സംഭവിച്ചതെന്നു കണ്ടെത്താനും കഴിയില്ല.

അതേസമയം, കോറെക്സ് മരുന്നുകൾ നിരോധിക്കുന്നതിന് ഉൽപ്പാദകരായ ഫിസെർ ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഇന്നലെ സ്റ്റേ വാങ്ങിയിട്ടുണ്ട്. അതേസമയം, 344 മരുന്നുകൾ വിലക്കിയതിലൂടെ മരുന്നു വ്യവസായ മേഖലയിൽ ഏകദേശം 3,800 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 500 മരുന്നുകൾ കൂടി നിരോധിച്ചാൽ വൻ നഷ്ടമായിരിക്കും മേഖലയിലുണ്ടാകാൻ പോകുന്നത്. ഇതു 10,000 കോടി രൂപയ്ക്കു മുകളിൽ പോകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ റീട്ടെയ്‌ൽ വിപണിയിൽ ഒരു ലക്ഷം കോടി രൂപ വരുമാനമുണ്ടാകുന്നുണ്ട്.