ആപ്പുകളെ ആശ്രയിച്ച് നിങ്ങൾ ആപ്പിലാകരുത്

സ്മാർട് ഫോൺ സ്വന്തമായുള്ള പലർക്കും പോക്കറ്റിൽ ഒരു ഡോക്ടർ ഉള്ളതിന്റെ അഹങ്കാരമാണ് ചിലപ്പോൾ. പല തരത്തിലുമുള്ള ഹെൽത്ത് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് സ്വയം ചികിൽസ നടത്തുന്ന രീതി വ്യാപകമാകുന്നുണ്ട്. ആപ്പുകളൊക്കെ നല്ലതിനു തന്നെ. എന്നാൽ ഒരു പരിധിയിൽ അധികം ഇത്തരം ആപ്പുകളെ ആശ്രയിക്കരുതെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

പലപ്പോഴും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനു വരെ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യുന്ന വില്ലന്മാരുണ്ട്. അമേരിക്കയിലെ മൊത്തം ജനസംഖ്യയിൽ നാലിലൊന്നു ശതമാനവും ഏതെങ്കിലും ഹെൽത്ത് ആപ്പ് അവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടത്രേ. അവിടെയുള്ള ഡോക്ടർമാരിൽ മൂന്നിലൊന്നുവിഭാഗവും തങ്ങളുടെ രോഗികൾക്ക് ഏതെങ്കിലും മൊബൈൽ ആപ്പ് നിർദേശിക്കാറുമുണ്ട്. ചില ആപ്പുകൾക്കു നിങ്ങൾ നൽകുന്ന വ്യക്തിപരമായ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണു പുതിയ കണ്ടെത്തൽ.

നിങ്ങളുടെ പ്രമേഹം, കൊളസ്ട്രോൾ, ഹൃദയമിടിപ്പ്തുടങ്ങി എന്തിനും ഏതിനും ഇന്ന് സ്മാർട് ഫോണിൽ വിരൽത്തുമ്പിൽ ആപ്പുകൾ റെഡി. പക്ഷേ ആപ്പുകളെ ആശ്രയിച്ച് ചികിൽസിച്ച് ഒടുക്കം നിങ്ങളുടെ ആരോഗ്യം ആപ്പിലാകരുത്.