കോട്ടയത്തിന് കുടവയർ

പത്തു വർഷത്തിനുള്ളിൽ കോട്ടയം നഗരം അമിതവണ്ണക്കാരുടെയും കുടവയറന്മാരുടെയും സ്വന്തം നാടാകും. പ്രായത്തിൽ കവിഞ്ഞ ശരീര വളർച്ചയുമായി പടികൾ ചവിട്ടിക്കയറാൻ പോലുമാകാതെ കിതയ്ക്കുന്ന കുട്ടികളും ഭീതി നിറഞ്ഞ ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. നഗരത്തിലെ റസിഡന്റ് അസോസിയേഷൻ സംഘടിപ്പിച്ച ജീവിതശൈലീ പരിശീലന ക്യാംപിലാണു കോട്ടയത്തിന്റെ ആരോഗ്യം ചർച്ചയായത്.

ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ നഗരം അതിവേഗം കുതിക്കയാണ്. ബാല്യത്തിൽ തുടങ്ങി യുവത്വത്തിലൂടെ പുരോഗമിച്ചു മുപ്പതിന്റെ പടിവാതിലിൽ എത്തുമ്പോഴേക്കും രോഗാതുരമാവുകയാണ് നഗര സമൂഹം. തൽസ്ഥിതി തുടർന്നാൽ നഗരത്തിലെ ജനസംഖ്യയിൽ 40-50 ശതമാനവും അമിതവണ്ണക്കാരാകുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ഫ്ലാറ്റ് ജീവിതം, ഫാസ്റ്റ് ഫുഡ്, വ്യായാമത്തിന്റെ അഭാവം എന്നിങ്ങനെ നീളുന്നു കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങൾ. കുട്ടി പ്രമേഹ രോഗികൾ കൂടുന്നു. ചെറുപ്പത്തിലേ ജീവിത രീതിയിൽ കർശനമായ നിയന്ത്രണം പാലിച്ചാൽ മാത്രമേ ജീവിതശൈലീ രോഗങ്ങളിൽനിന്നു രക്ഷയുള്ളൂവെന്നു മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി ആർഎംഒ: ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു.

കുട്ടികൾ കളിച്ചു വളരട്ടെ

ജീവിതശൈലീ രോഗങ്ങളിൽനിന്നു രക്ഷനേടാൻ കുട്ടികൾ നന്നായി കളിക്കട്ടെ. സ്കൂളുകളിൽ കായിക പരിശീലനത്തിനു പീരിയഡ് മാറ്റിവയ്ക്കണം. രാവിലെയും വൈകിട്ടും സൈക്കിൾ ചവിട്ടണം. ഫാസ്റ്റ്ഫുഡ് നിയന്ത്രിക്കണം.

കംപ്യൂട്ടറുകൾക്കും ടിവിക്കും മൊബൈൽ ഫോണിനും മുന്നിൽ ചടഞ്ഞിരിക്കരുത്. അടുപ്പിച്ച് രണ്ടു മണിക്കൂറിൽ കൂടുതൽ ടിവി കാണരുത്. മാതാപിതാക്കൾ ഇക്കാര്യത്തിൽ കർശന ചിട്ടകൾ പാലിക്കണം. ഡോക്ടർമാരും അധ്യാപകരും മാതാപിതാക്കളുമെല്ലാം ഒത്തൊരുമിച്ചുള്ള ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കണം.