കുട്ടികളിലെ രക്തസമ്മർദം: ആദ്യം മാറ്റേണ്ടത് ആഹാരരീതി

രക്ത സമ്മര്‍ദ്ദം മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന രോഗമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കുട്ടികളിലും കാണപ്പെടുന്നു എന്നതാണ് വാസ്തവം. കുട്ടികളിലെ അമിതവണ്ണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള പ്രധാന കാരണം. മാറിയ ആഹാരശൈലി തന്നെയാണ് ഇവിടെയും വില്ലന്‍. കുടുംബത്തിൽ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉണ്ടെങ്കിലും കുട്ടികളിൽ രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടുന്നു. കൊഴുപ്പ് കൂടിയതും, ഉപ്പ് അധികമായതുമായ ആഹാരം കുട്ടികളിൽ അമിതവണ്ണം ഉണ്ടാക്കുന്നു. അതോടൊപ്പം വ്യായാമക്കുറവ്, ശാരീരിക അദ്ധ്വാനം വേണ്ട കളികളിൽ ഏര്‍പ്പെടാതിരിക്കുക, ടെലിവിഷന്‍, കംമ്പ്യൂട്ടര്‍, വീഡിയോ ഗെയിം എന്നിവയിൽ അടിമപ്പെടുക തുടങ്ങിയവ അമിതവണ്ണത്തിനും ഇതിനോടനുബന്ധിച്ച് രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നു.

മുതിര്‍ന്നവരിൽ രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കുന്ന അതേ രീതിയിൽ തന്നെ കുട്ടികളിലും രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കാം. എന്നാൽ കുട്ടികളിൽ ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ കുട്ടിയിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നു നിര്‍ണ്ണയിക്കപ്പെട്ടാൽ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചികിത്സയും പ്രതിവിധിയും ചെയ്യേണ്ടതാണ്.

രക്തസമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം?

കൊഴുപ്പ് കുറഞ്ഞ, മധുരം, ഉപ്പ്, എണ്ണ എന്നിവ അധികമില്ലാത്ത ഭക്ഷണക്രമം പാലിക്കുക. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, അരിയാഹാരം എന്നിവ ശീലമാക്കുക. കുട്ടിയുടെ പ്രായം, ദിനചര്യകള്‍ എന്നിവ മനസിലാക്കി ഒരു ഡയറ്റീഷന്റെ സഹായത്താൽ ഭക്ഷണക്രമം തീരുമാനിക്കാവുന്നതാണ്.

സ്ഥിരമായ വ്യായാമം, ശാരീരിക അദ്ധ്വാനം വേണ്ടിവരുന്ന കളികള്‍ എന്നിവയ്ക്ക് സമയം കണ്ടെത്തുക വഴി അമിതവണ്ണം നിയന്ത്രിക്കാം.

പുകയില രക്തസമ്മര്‍ദ്ദം കൂടുന്നതിനു കാരണമാണ്. അതിനാൽ കുട്ടികള്‍ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ച് അവരെ ബോധവാന്മാരാക്കുക. പുകയില ഉൽപന്നങ്ങളിൽ നിന്നുള്ള പുക കുട്ടികള്‍ ശ്വസിക്കാതിരിക്കാനും, വീട്ടിൽ മുതിര്‍ന്നവര്‍ പുകവലിക്കാതിരിക്കാനും ശ്രദ്ധിക്കുക.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങളും ആഹാരക്രമവും പാലിച്ചിട്ടും രക്തസമ്മര്‍ദ്ദം കുറയാതെ വരികയാണെങ്കിൽ മാത്രം മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടാം.

കുട്ടികളിലെ രക്തസമ്മര്‍ദ്ദം കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കും, വൃക്കയുടെ തകരാറിനും മറ്റ് അനുബന്ധ രോഗങ്ങള്‍ക്കും അത് കാരണമായേക്കാം.

ശ്രദ്ധിക്കേണ്ടേ ഘടകങ്ങള്‍

ടെലിവിഷന്‍, വീഡിയോ ഗെയിം എന്നിവയ്ക്കായി സമയം ചെലവഴിക്കുന്നത് കുറച്ച് ശാരീരിക അദ്ധ്വാനം വേണ്ടിവരുന്നത് കളികള്‍ക്കായി സമയം ചെലവഴിക്കുക.

കുട്ടികളുടെ ആരോഗ്യത്തിനായി പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും, ധാന്യങ്ങളും ഉള്‍പ്പെടുന്ന ഭക്ഷണക്രമം പാലിക്കുക.

കഴിവതും വീട്ടിൽ പാകം ചെയ്ത ഭക്ഷണം തന്നെ നൽകുക.

ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.

_ഡോ. രാമകൃഷ്ണപിള്ള വി _

കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം