ആൺകുട്ടികളിലെ സ്തനവളര്‍ച്ചയ്ക്ക് പിന്നിൽ?

Image Courtesy : The Man Magazine

എഴുപതു ശതമാനം ആൺകുട്ടികളിലും കൗമാരദശയിൽ ശ്രദ്ധേയമായ സ്തനവളർച്ച കണ്ടുവരുന്നു. നല്ല തടിയുള്ളവരിൽ കൊഴുപ്പ് സ്തനപ്രദേശത്ത് അടിഞ്ഞുകൂടി കൂടുതൽ ശ്രദ്ധേയമാകും. കൗമാരദശയിൽ കൂടുതൽ വളർച്ച പ്രാപിക്കുന്ന വൃഷണത്തിൽ നിന്ന് പ്രധാനമായും സൃഷ്ടിക്കപ്പെടുന്ന ഹോർമോൺ ആയ ആൻഡ്രോജൻ ഇനത്തിലെ ടെസ്റ്റൊസ്റ്ററോൺ ആണെങ്കിലും കുറച്ചു സ്ത്രീ ഹോർമോൺ ഇൗസ്ട്രജനും സൃഷ്ടിക്കപ്പെടുന്നുണ്ട്. കൂടാതെ അൽപമായി ഇൗസ്ട്രജൻ അഡ്രിനൽ ഗ്രന്ഥിയില്‍നിന്നും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം പരിണിതഫലമായി മൊത്തത്തിൽ ഇൗസ്‍ട്രജൻ അളവ് കൂടിപ്പോയാലോ ഇൗസ്ട്രജൻ ആൻഡ്രോജൻ അനുപാതം കൂടിപ്പോയാലോ സ്തനവളർച്ച സംഭവിക്കാം.

ഇൗ തടിപ്പിന്റെ നല്ലൊരംശം ഇ‌ൗ പ്രായത്തിൽ വണ്ണം കൂടുന്നതുകൊണ്ടുള്ള തടിപ്പാണ്. സാധാരണഗതിയിൽ ഇതിനു പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല. ക്രമേണ ചുരുങ്ങിക്കൊള്ളും. റാലോക്സിഫീൻ (RALOXIFENE) മാതിരി ചില മരുന്നുകൾ അഞ്ചെട്ടുമാസം കൊടുത്ത് അതിന്റെ വലുപ്പം കുറെ കുറയ്ക്കാനും സാധിക്കും. ഇൗ മരുന്ന് സ്ത്രീകളിൽ സ്തനാർബുദ ശസ്ത്രക്രിയയ്ക്കുശേഷം വീണ്ടും രോഗം വരാതിരിക്കാൻ കൊടുക്കാറുണ്ട്. ഇതു കൂടുതൽ പ്രശ്നമാകുന്നെങ്കിൽ ശസ്ത്രക്രിയയിലൂടെയും പരിഹരിക്കാം. മറ്റു രോഗങ്ങള്‍ക്കു കഴിക്കുന്ന ചില മരുന്നുകളുടെ ഫലമായി ചില പുരുഷൻമാരിൽ സ്തനവളർച്ച കണ്ടുവരുന്നുണ്ട്. കരൾ രോഗമുള്ളവരിലും ചില മദ്യപരിലും സ്തനവളർച്ച കാണുന്നുണ്ട്. അതുപോലെ പ്രായമായ പല പുരുഷൻമാരിലും സ്തനവളർച്ച പ്രത്യക്ഷമാണ്.

വണ്ണം കുറയ്ക്കുന്നതില്‍ക്കൂടി സ്തനഭാഗത്തെ കൊഴുപ്പ് കുറച്ചു കുറയാൻ സാധ്യതയുണ്ട്. ഇൗ‌ പ്രശ്നം കാര്യമാക്കാതെ അവഗണിക്കാൻ സാധിക്കുമെങ്കിൽ അതായിരിക്കും ‌ഏറ്റവും നല്ലത്. ഒരു എൻഡ്രോക്രൈനോളജി ഡോക്ടറുടെ അഭിപ്രായം തേടുക.

വിവരങ്ങൾക്ക് കടപ്പാട് : ഡോ. കെ.പി.ജോർജ്