നെഞ്ചുവേദനയെല്ലാം ഗ്യാസ്ട്രബിളാണോ?

നെഞ്ചിലെ പേശിയുടെ നീര്‍വീഴ്ച മുതല്‍ ഹൃദയാഘാതം വരെയുള്ള അസുഖങ്ങളുടെ ലക്ഷണമാകാം നെഞ്ചുവേദന. അതുകൊണ്ടു നെഞ്ചുവേദന വന്നാല്‍ ഡോക്ടറെക്കണ്ട് സംശയനിവാരണം വരുത്തേണ്ടത് അത്യാവശ്യമാണ്.

മൂന്ന് അസുഖവിവരണങ്ങള്‍ വായിക്കുക. ലേഖകന്റെ ഒരു അടുത്തബന്ധു (പുരുഷന്‍ 60 വയസ്) ഫോണില്‍ വിളിച്ച് ആവലാതിപ്പെടുന്നു. അഞ്ചുദിവസമായി വായുവിന്റെ വല്ലാത്ത ശല്യമെന്ന്! രാവിലെയുള്ള നടത്തിനിടയില്‍ നെഞ്ചില്‍ പിടുത്തം വന്നപ്പോള്‍ ഒരുഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ചു. രണ്ട് ഏമ്പക്കമൊക്കെ വിട്ടു കഴിഞ്ഞപ്പോഴേക്കും അതുമാറി. തിരിച്ചു വീടിനടുത്തെത്തിയപ്പോള്‍ സംഗതി ആവര്‍ത്തിച്ചു. ആയുര്‍വേദ ഡോക്ടറുടെ അടുത്തെത്തിയപ്പോള്‍ അരിഷ്ടം തന്നു. പക്ഷേ, ഒരു മാറ്റവുമില്ല. ഉത്കണ്ഠയില്‍ത്തന്നെയാണ് ഇസിജി എടുക്കാന്‍ നിര്‍ദേശിച്ചത്. ഫലം വന്നപ്പോള്‍ ഹൃദയാഘാതത്തോടടുത്തിരുന്നു. രക്തപരിശോധനയില്‍ അയാള്‍ക്ക് പ്രമേഹമുള്ളതായി കണ്ടു. പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാതത്തിനോ അനുബന്ധമായുണ്ടാകുന്ന അസുഖങ്ങള്‍ക്കോ കാര്യമായ വേദനയുണ്ടാകില്ല.

മറ്റൊരു രോഗവിവരണം നാല്‍പത്തഞ്ചുകാരന്റേതാണ്. കുറച്ചുദൂരം നടക്കുമ്പോള്‍ താടിക്കൊരു വേദന. അസഹ്യമാകുമ്പോള്‍ എവിടെയെങ്കിലും ഇരിക്കും. വേദന മാറുമ്പോള്‍ നടക്കും. അപ്പോള്‍ വേദന വീണ്ടും വരും. ഇതു തുടര്‍ന്നപ്പോള്‍ ഇ സി ജി എടുത്തു. സാധാരണ ഇസിജിയില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെങ്കിലും വ്യായാമശേഷമുള്ളതില്‍ രോഗാനുബന്ധ മാറ്റങ്ങള്‍ ഉണ്ടായിരുന്നു.

എന്തു ചെയ്തിട്ടും മാറാത്ത എരിച്ചിലും ഏമ്പക്കവുമാണ് ഒരു അമ്പത്തഞ്ചുകാരന്റെ പരാതി. വയര്‍നിറഞ്ഞു കഴിഞ്ഞാല്‍ എരിച്ചില്‍ കൂടുമെന്നു മാത്രമല്ല, ഒട്ടും നടക്കാനും പറ്റില്ല. വിശദമായ ചോദ്യങ്ങളില്‍ നിന്നു ശാരീരികാധ്വാനമുണ്ടാകുമ്പോഴാണ് എരിച്ചില്‍ കൂടുന്നതെന്ന് വ്യക്തമായി. എരിച്ചിലുള്ള സമയത്തെടുത്ത ഇസിജിയില്‍ രോഗാനുബന്ധമാറ്റമുണ്ടായിരുന്നു.

ഗ്യാസെന്നു പറഞ്ഞു സമാധാനിക്കുന്ന ഈ വിവരണങ്ങളില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്താണെന്നു നോക്കാം. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഹൃദയമിടിപ്പു കൂടുന്നു. ഹൃദയപേശികളുടെ വികാസസങ്കോചനങ്ങള്‍ക്കനുസരിച്ചു പ്രാണവായു കൂടുതലെത്തണമെങ്കില്‍ അതുപോലെ രക്തവും എത്തണം. ഹൃദയപേശികളിലുണ്ടാകുന്ന രാസവസ്തുക്കള്‍(ഉദാ: ലാക്ടിക് ആസിഡ്) നീക്കം ചെയ്യണമെങ്കിലും അത്യാവശ്യമാണ്.

ഹൃദയഭിത്തികള്‍ക്ക് രക്തം കൊടുക്കുന്ന കൊറോണറി ധമനികളില്‍ അടവുണ്ടെങ്കില്‍ ഹൃദയഭിത്തികളിലേക്കുള്ള രക്തമൊഴുക്ക് കുറയും. വിശ്രമിക്കുമ്പോള്‍ പ്രശ്നമില്ലെങ്കിലും (തടസം കൂടിയാല്‍ വിശ്രമത്തില്‍പോലും വേദനയുണ്ടാകും) വ്യായാമത്തിലേര്‍പ്പെടുമ്പോള്‍ രക്തയോട്ടം കൂടാത്തതിനാല്‍ ആവശ്യമനുസരിച്ച് പ്രാണവായു കിട്ടാതെ വരും. തല്‍ഫലമായുണ്ടാകുന്ന ലാക്ടിക് അമ്ളം ഒഴുക്കിക്കൊണ്ടു പോകാനാകാതെ വരുമ്പോള്‍ ഹൃദയപേശികളില്‍ അതിന്റെ അളവ് വളരെ കൂടുന്നു. അതു ഹൃദയ ഞരമ്പുകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് വേദനയുണ്ടാകുന്നത്.

വേദനാസമയത്തു സ്വഭാവികമായുണ്ടാകുന്ന ഉത്കണ്ഠയുടെ ഫലമായി, ഉമിനീരിറക്കുന്നതിനോടൊപ്പം വായുവും ഉള്ളിലേക്കു പോകുന്നു. ഇതാണ് ഏമ്പക്കമായി പുറത്തു പോകുന്നത്. ഏമ്പക്കം വിട്ടിട്ടല്ല വേദനമാറുന്നത്, മറിച്ചു വിശ്രമമെടുക്കുമ്പോള്‍ ഹൃദയത്തിന്റെ ജോലിഭാരം കുറഞ്ഞ് രക്തയോട്ടം തികയുന്നതിന്റെ ഫലമായിട്ടാണ്. വ്യായാമഫലമായി ഉണ്ടാകുന്ന നെഞ്ചുവേദന; വയറ്റിലോട്ടോ, താടിയിലേക്കോ, കൈകളിലേക്കോ, പുറത്തേക്കോ വ്യാപിക്കുന്ന വേദന എന്നിവ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം.