കാരണമില്ലാത്ത ക്ഷീണം നിസാരമാക്കല്ലേ...

ജോലി കഴിഞ്ഞെത്തുമ്പോൾ എന്നും ഭയങ്കര ക്ഷീണം. വീട്ടിലെ ഒരു പണിയും ചെയ്യാനേ തോന്നുന്നില്ല. ബാക്കി ജോലി ഇനി നാളെയാവട്ടെ. ഇങ്ങനെയൊക്ക‍െയാണോ എല്ലാ ദിവസവും അവസാനിക്കുന്നത്?. മടിയനെന്ന് പറഞ്ഞ് ഇങ്ങനെ പരാതി പറയുന്നവരെ കുറ്റപ്പെടുത്താൻ വരട്ടെ.

മയാള്‍ജിക് എന്‍സഫലോ മൈലൈറ്റിസ് എന്ന് അറിയപ്പെടുന്ന ക്രോണിക്‌ ഫാറ്റിഗ്‌ സിൻഡ്രോ( CFS)മെന്ന അസുഖത്തിന്റെ ലക്ഷണമാകാമത്. ആധുനിക നഴ്സിങ്ങിന് അടിത്തറപാകിയ ഫ്ളോറന്‍സ് നൈറ്റിംഗേൽ മരണപ്പെട്ടത് ഈ അസുഖം പിടിപ്പെട്ടാണത്രെ. അവരുടെ ജനനദിവസമായ മേയ് 12 ക്രോണിക്‌ ഫാറ്റിഗ്‌ സിൻഡ്രോം അവയർനെസ് ഡേ ആയി ആചരിക്കപ്പെടുന്നു.

നിലവിലെ കാലാവസ്ഥയിലും ജോലി സാഹചര്യങ്ങളിലും ഏതൊരാൾക്കും കണ്ടുവരുന്ന പ്രശ്നങ്ങൾ മാത്രമാണ് ലക്ഷണങ്ങളെന്നത് ഈ രോഗം കണ്ടുപിടിക്കാന്‍ വൈകിക്കുകയും ജോലികളൊന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ എത്തിച്ചേരാനുമിടയാക്കുന്നു.

ലക്ഷണങ്ങള്‍

മനഃപ്രയാസം, ഓർമക്കുറവ്, ഏകാഗ്രതയില്ലായ്മ, സുഖകരമല്ലാത്ത ഉറക്കം, പേശിവേദന, തലവേദന, എല്ലാത്തിനും ദേഷ്യം, മാനസിക പ്രശ്നങ്ങള്‍, സന്ധിവേദന, തൊണ്ടവേദന എന്നിവ സ്ഥിരമായി ഉണ്ടാവുകയാണെങ്കില്‍ മടിച്ചുനിൽക്കാതെ ഡോക്ടറെ കാണുക.

കാരണങ്ങള്‍

ഈ അസുഖത്തിന് കൃത്യമായ കാരണമെന്താണെന്നോ എങ്ങനെയാണ് കൃത്യമായ ചികിത്സ നല്‍കേണ്ടതെന്നോ കണ്ടുപിടിച്ചിട്ടില്ലെന്നതാണ് സിഎഫ്എസ് എന്ന അസുഖത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍ രോഗിയുടെ ജീവിതരീതികള്‍ മെച്ചപ്പെടുത്താനും ലക്ഷണങ്ങൾക്ക് മരുന്നു നൽകാനും സാധിക്കും.

ചില നിഗമനങ്ങള്‍

വൈറല്‍ രോഗങ്ങൾ - ചില തരത്തിലുള്ള വൈറല്‍ രോഗങ്ങൾ ഉണ്ടായവരില്‍ ചിലപ്പോള്‍ ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിക്കുന്നതായി കണ്ടു വരുന്നു.

പ്രതിരോധ സംവിധാനത്തിലെ തകരാര്‍

ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിക്കുന്നവർക്ക് പ്രതിരോധശക്തി കുറഞ്ഞാതായി കാണാറുണ്ട്. പ്രതിരോധശക്തി കുറവുള്ളവരിലാണോ രോഗബാധ ഉണ്ടാകുന്നതെന്നത് പക്ഷേ വ്യക്തമല്ല.

ഹോര്‍മോണില്‍ കണ്ടു വരുന്ന വ്യതിയാനങ്ങള്‍- ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിച്ച ചിലര്‍ക്ക് ഹൈപ്പോത്തലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനാല്‍ ഗ്രന്ഥി എന്നിവിടങ്ങളില്‍ ഹോര്‍മോണുകളുടെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഏതുപ്രായക്കാർക്കും വരാമെങ്കിലും 40 വയസുമുതൽ 50 വയസുവരെയുള്ളവരെയാണ് കൂടുതൽ ബാധിക്കുന്നതായി കണ്ടിരിക്കുന്നത്. സ്ത്രീകളെയാണ് കൂടുതൽ ഈ രോഗം ബാധിച്ചതായി കണ്ടുവരുന്നത്.

ചികിത്സ

രോഗകാരണങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാൽത്തന്നെ അസുഖത്തിന് മരുന്നും കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങളെയാണ് ചികിത്സിക്കുന്നത്. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ബാധിച്ച ചിലര്‍ക്ക് വിഷാദവും ടെൻഷനും വർദ്ധിച്ചതായി കണ്ടുവരാറുണ്ട്. ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഈ സാഹചര്യത്തില്‍ ഗുണം ചെയ്യും. ഉറക്കക്കുറവുള്ളവര്‍ക്ക് ഉറക്കമരുന്നുകളും നൽകാറുണ്ട്. കൂടാതെ ചെറിയ വ്യായാമങ്ങളും കൗണ്‍സിലിംഗുമെക്കെ ഗുണം ചെയ്യും.

പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഇതുമായി സാമ്യത ഉള്ളതുകാരണം രോഗം തിരിച്ചറിയാൻ വൈകുമെന്നതാണ് ഇതിനെ ഗുരുതരമാക്കുന്നത്. കണ്ടുപിടിക്കുമ്പോഴേക്കും രോഗി സമൂഹത്തില്‍നിന്ന് ഒറ്റപ്പെടലും മറ്റും അനുഭവിക്കാൻ തുടങ്ങും. അതിനാൽ ലക്ഷണങ്ങൾ തുടങ്ങുമ്പോഴേ ചികിത്സിക്കാൻ തുടങ്ങുക.