ഡെങ്കിപ്പനിക്ക് പ്രതിരോധമരുന്ന്: ഡെങ്ക്‌വാക്സിയ

പാരിസ് ∙ കൊതുകുജന്യ രോഗങ്ങളിലെ ഏറ്റവും അപകടകാരിയായ ഡെങ്കിപ്പനിക്കു പ്രതിരോധമരുന്നുമായി ഫ്രഞ്ച് കമ്പനി സനൊഫി. ആരോഗ്യരംഗത്തെ നിർണായക വഴിത്തിരിവായ മരുന്ന് ആദ്യം ഉപയോഗിച്ചുതുടങ്ങുന്നതു മെക്സിക്കോ. ഡെങ്ക്‌വാക്സിയ എന്നു പേരിട്ടിട്ടുള്ള ‍ഡെങ്കിപ്പനി പ്രതിരോധമരുന്ന് ഇരുപതു വർഷത്തെ ഗവേഷണഫലമാണെന്നു സനൊഫി അധികൃതർ പറയുന്നു. ഗവേഷണത്തിനായി ഇക്കാലമത്രയും ചെലവിട്ടതു 160 കോടി ഡോളർ. ഒൻപതു വയസ്സിനു മുകളിലുള്ളവരിലാണ് പ്രതിരോധമരുന്നു ഫലിക്കുന്നതായി തെളിഞ്ഞത്.

പതിനഞ്ചു രാജ്യങ്ങളിലായി 40,000 പേരിൽ മരുന്നു പരീക്ഷിച്ചു. പ്രതിരോധമരുന്നു കണ്ടെത്തിയതോടെ, ഡെങ്കിപ്പനി ബാധിച്ചുള്ള ആശുപത്രിവാസം എൺപതു ശതമാനം കുറയ്ക്കാമെന്നാണ് അവകാശവാദം. ഏഷ്യയിലും ലാറ്റിനമേരിക്കയിലും പുതിയ മരുന്നു റജിസ്ട്രേഷനുകൾ ഉടനെയുണ്ടാകും. യൂറോപ്പി‍ൽ അടുത്ത വർഷവും യുഎസിൽ 2017ലും മരുന്ന് ഉപയോഗിച്ചുതുടങ്ങുമെന്നാണു പ്രതീക്ഷ. അതോടെ കമ്പനിക്കു പ്രതിവർഷം 10 കോടി ഡോസ് ഡെങ്ക്‌വാക്സിയ ഉൽപാദിപ്പിക്കേണ്ടിവരും. ‍‍

∙ പ്രതിവർഷം 22,000 മരണം

ലോകമെമ്പാടും പ്രതിവർഷം 40 കോടി പേരെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 22,000 മരണം.